കൊച്ചി: ടീമിന്റെ പെർഫോമൻസ് ഇക്കുറി വളരെ മോശമായതോടെ കേരള ബ്‌ളാസ്റ്റേഴ്‌സ് കോച്ച് രാജിവച്ചു. കോച്ച് റെനി മ്യൂളൻസ്റ്റീൻ ആണ് ഇന്ന് രാജി സമർപ്പിച്ചത്. രാജി വ്യക്തിപരമായ കാരണങ്ങളാൽ ആണെന്നാണ് വിശദീകരണം. അതേസമയം ഇക്കുറി സീസണിൽ ഒരു മത്സരം മാത്രമേ ബ്‌ളാസ്‌റ്റേഴ് ജയിച്ചിട്ടുള്ളൂ. ഇതിൽ മനംനൊന്താണ് രാജിയെന്നാണ് ലഭിക്കുന്ന വിവരം.

ടീം മാനേജർ രാജി സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ പ്രകടനത്തിൽ ടീം മാനേജ്‌മെന്റും സംതൃപ്തരല്ല. അതുപോലെ ടീമിന്റെ പ്രകടനത്തിൽ കോച്ചും. ഏറ്റവും ഒടുവിൽ ബംഗളൂരുവുമായി നടന്ന മത്സരത്തിലും വളരെ ദയനീയമായി കേരളം തോറ്റിരുന്നു. ഉപകോച്ചിന് ടീംകോച്ചായി സ്ഥാനക്കയറ്റം നടത്താനാണ് തൽക്കാലം മാനേജ്‌മെന്റ് തീരുമാനിച്ചിട്ടുള്ളതെന്നാണ് അറിയുന്നത്.

കഴിഞ്ഞ സീസണിൽ തുടർച്ചയായ ആറുമത്സരങ്ങളിൽ വളരെ പിന്നിലേക്ക് പോയി. അന്നും കോച്ച് രാജിവച്ചിരുന്നു. സമാനമായ സാഹചര്യമാണ് ഇപ്പോഴുള്ളത്. ഏഴുമത്സരങ്ങളിൽ നിന്ന് ഏഴുപോയന്റാണ് ബ്‌ളാസ്‌റ്റേഴ്‌സിന് ഉള്ളത്. ആരാധകരും വലിയ നിരാശയിലാണ്. എ്ന്നാൽ കഴിഞ്ഞ സീസണിൽ വലിയ തിരിച്ചുവരവാണ് ബ്‌ളാസ്റ്റേഴ്‌സ് പിന്നീട് നടത്തിയത്. ഇതോടെ ഫൈനലിൽ എത്തുകയും ചെയ്തു. സച്ചിന്റെ മുഖ്യ ഉടമസ്ഥതയിൽ ഉള്ള ടീമാണ് ബ്‌ളാസ്റ്റേഴ്‌സ്.