- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തെരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാതിരിക്കാൻ വിവിധ തരം പാരകൾ; അടൂരിൽ മത്സരിക്കാനൊരുങ്ങുന്ന യൂത്ത് കോൺഗ്രസ് നേതാവ് എംജി കണ്ണനെതിരേ മരിച്ചു പോയ സുഹൃത്തിന്റെ പേരിൽ വ്യാജപ്രൊഫൈലുണ്ടാക്കി പ്രചാരണം; സമുദായ സംഘടനയുടെ പേരിലും താറടിക്കാൻ ശ്രമം
പത്തനംതിട്ട: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസിൽ പാരയും മറുപാരയും തുടങ്ങി. സീറ്റ് മോഹികളായവർ തങ്ങളുടെ അണികളുടെ പിൻബലത്തിൽ ഏതു തരം താണ കളിക്കും തയാറാവുകയാണ്. സൈബറിടങ്ങളിൽ വ്യാജപ്രൊഫൈലുകളുണ്ടാക്കി ചെളിവാരിയെറിയുന്നത് പതിവായിരിക്കുന്നു. പട്ടികജാതി സംവരണ മണ്ഡലമായ അടൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാകുമെന്ന് കരുതുന്ന യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എംജി കണ്ണനെതിരേ അരയും തലയും മുറുക്കി സൈബർ പട രംഗത്തു വന്നിരിക്കുകയാണ്. മാസങ്ങൾക്ക് മുൻപ് മരിച്ചു പോയ, കണ്ണന്റെ ഏറ്റവും അടുത്ത സുഹൃത്തും പ്രവാസിയുമായിരുന്ന വിൽസൺ വലിയകാല എന്നയാളുടെ പേരും ചിത്രവും ഉപയോഗിച്ച് വ്യാജ ഫേസ്‌ബുക്ക് പ്രൊഫൈലുണ്ടാക്കിയാണ് പ്രചാരണം കൊഴുക്കുന്നത്.
വിൽസൺ മരിച്ച സമയത്ത് സാമൂഹിക മാധ്യമങ്ങളിൽ വന്ന ആദരാഞ്ജലി പോസ്റ്റിൽ നിന്നും എടുത്ത ഫോട്ടോയാണ് ഡിപിയാക്കി ഇട്ടിരിക്കുന്നത്. എംജി കണ്ണനെതിരേ മാത്രമല്ല, ആറന്മുളയിൽ സീറ്റ് നോട്ടമിട്ടിരിക്കുന്ന മുൻ എംഎൽഎ കെ. ശിവദാസൻ നായർക്കെതിരേയും ഫേക്ക് ഐഡിയിൽ നിന്ന് പോസ്റ്റുകൾ പ്രവഹിക്കുന്നുണ്ട്. എതിർ ഗ്രൂപ്പുകളിൽപ്പെട്ടവർ ഇത് ആഘോഷമാക്കുകയും ചെയ്യുന്നു.
എ ഗ്രൂപ്പിലെ ശിവദാസൻ നായർ ഗ്രൂപ്പ് ഒന്നടങ്കം രാഷ്ട്രീയ അന്തർധാരയിൽ ഏർപ്പെടുന്നുവെന്നാണ് പോസ്റ്റിലുള്ളത്. ആറന്മുള സീറ്റ് ശിവദാസൻ നായർക്ക് ലഭിച്ചില്ലെങ്കിൽ മണ്ഡലത്തിലെ കോൺഗ്രസ് വോട്ടുകൾ സിപിഎമ്മിന് മറിച്ചു നൽകാനും പകരം അടൂർ മണ്ഡലത്തിലെ സിപിഎം വോട്ടുകൾ കോൺഗ്രസിന് കൈമാറാനും ധാരണ ഉണ്ടായിട്ടുണ്ടത്രേ. ശിവദാസൻ നായർക്ക് ആറന്മുള കിട്ടാതെ വരികയും കണ്ണന് അടൂർ കിട്ടുകയും ചെയ്താലാണ് ഇങ്ങനെ സംഭവിക്കുക എന്നും പറയുന്നു.എംജി കണ്ണൻ പ്രായപരിധി മറച്ചു വച്ചാണ് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റായതെന്നും ചില പോസ്റ്റുകളിൽ ഉണ്ട്. ഇതു സംബന്ധിച്ച് സൈബർ സെല്ലിൽ പരാതി നൽകിയെന്നും കണ്ണൻ പറഞ്ഞു.
കുറവർ മഹാസഭയുടെ പേരിലും വ്യാജപ്രചാരണം അരങ്ങേറുന്നു. കണ്ണനെ സമുദായ സംഘടനയിൽ നിന്ന് പുറത്താക്കിയതാണെന്ന പ്രചാരണമാണ് ബ്ലോഗ് സ്‌പോട്ടുകളിലുടെ പ്രചരിപ്പിക്കുന്നത്. അഖില കേരള കുറവർ മഹാസഭയുടെ നേതാവാണ് കണ്ണൻ. കുറവർ സമുദായത്തിന്റെ നിരവധി സംഘടനകൾ പ്രവർത്തിക്കുന്നുണ്ട്. നേരത്തേ ഇതിൽ ഒരു വിഭാഗം കണ്ണന് വേണ്ടി രംഗത്തു വന്നിരുന്നു.
ചെന്നീർക്കര പഞ്ചായത്തിൽ മാത്തൂർ സ്വദേശിയായ കണ്ണൻ ചിറ്റയം ഗോപകുമാറിന് തുല്യനായ എതിരാളിയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഏറെക്കുറെ സീറ്റും ഉറപ്പിച്ചിട്ടുണ്ട്. അതാണ് എതിരാളികളെ പ്രകോപിപ്പിച്ചിരിക്കുന്നത്.
തീർത്തും പാവപ്പെട്ട കുടുംബത്തിൽ നിന്നാണ് കണ്ണന്റെ വരവ്. 2005ൽ ചെന്നീർക്കര പഞ്ചായത്ത് അംഗമായിട്ട് തുടങ്ങി.രണ്ടു തവണ ജില്ലാ പഞ്ചായത്തംഗമായും തെരഞ്ഞെടുക്കപ്പെട്ടു. എഐസിസി സർവേയിൽ അടൂരിലേക്ക് ഏറ്റവും യോജിച്ച സ്ഥാനാർത്ഥിയായും നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്.