മസ്‌ക്കറ്റ്: പെൻഡ്രൈവുകളിൽ ഗാനങ്ങൾ പകർത്തുന്നത് മലയാള സംഗീത വ്യവസായത്തിന് തിരിച്ചടായണെന്ന് എംജി ശ്രീകുമാർ. ഈ മാഫിയയ്‌ക്കെതിരെ എല്ലാവരും ഒരുമിക്കണമെന്നാണ് സംഗീത സംവിധായകനും ഗായകനുമായി എംജി ശ്രീകുമാറിന്റെ അഭിപ്രായം. പകർപ്പവകാശലംഘനം നട്ടെല്ലൊടിച്ച മലയാള സംഗീത വ്യവസായത്തെ സംരക്ഷിക്കാൻ യേശുദാസ് മുന്നിട്ടിറങ്ങണമെന്നാണ് ശ്രീകുമാറന്റെ നിലപാട്

പെൻഡ്രൈവുകളിലും മറ്റും ഗാനങ്ങൾ പകർത്തിനൽകുന്ന മാഫിയയുടെ പ്രവർത്തനം കേരളത്തിൽ ശക്തമാണ്. സംഗീത പ്രവർത്തകർ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങുന്നതിലൂടെയേ ഇത്തരക്കാരെ പ്രതിരോധിക്കാൻ കഴിയൂ-മസ്‌കറ്റിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ എംജി ശ്രീകുമാർ വിശദീകരിച്ചു.

പെൻഡ്രൈവുകളിൽ ഗാനങ്ങൾ പകർത്തിനൽകുന്നതിനാൽ ഓഡിയോ സീഡികളുടെ വിൽപന ഏറെ കുറഞ്ഞിട്ടുണ്ട്. പ്രൊഡ്യൂസർമാരെ ഇത് സാമ്പത്തികമായി ഏറെ തകർക്കുന്നുണ്ട്. ശക്തമായ പകർപ്പവകാശ നിയമങ്ങളാണ് കേരളത്തിലുള്ളത്. എന്നാൽ, ഇവ ശക്തമായി നടപ്പാക്കാൻ അധികൃതർ മടിക്കുന്നതാണ് ഇത്തരക്കാർ വളർന്നുവരാൻ കാരണമെന്നാണ് വിശദീകരണം.

സംഗീത വ്യവസായത്തിന്റെ അവസ്ഥ ഏറെ ദയനീയമാണെന്നും എം.ജി. ശ്രീകുമാർ പറഞ്ഞു. ന്യൂജനറേഷൻ പാട്ടുകൾ ഒട്ടും മനസ്സിൽ തങ്ങിനിൽക്കുന്നതല്‌ളെന്നും നൈമിഷികമായ അനുഭൂതി മാത്രമാണ് ഇത്തരം ഗാനങ്ങൾ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.