- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലബാർ സമരനായകരെ ഒഴിവാക്കിയത് രാഷ്ട്രീയപ്രേരിതമെന്ന് എംജിഎസ്; സ്വാതന്ത്രസമരസേനാനി പട്ടിക പതുക്കിയ നടപടി ശരിയല്ലെന്നും വിമർശനം
തിരുവനന്തപുരം: സ്വാതന്ത്ര്യസമരരക്തസാക്ഷികളുടെ പട്ടികയിൽ നിന്നും മലബാർ സമരനായകരെ ഒഴിവാക്കിയത് ശരിയായില്ലെന്ന് വിഖ്യാത ചരിത്രകാരനും ഐസിഎച്ച്ആറിന്റെ മുൻ ചെയർമാനുമായ എം.ജി.എസ്.നാരായണൻ. സ്വാതന്ത്രസമരസേനാനി പട്ടിക പതുക്കിയ നടപടി ശരിയല്ല. പിന്നിൽ മറ്റ് ഇടപെടലുകളുണ്ടെന്നും രാഷ്ട്രീയ പ്രേരിതമാകാമെന്നും അദ്ദേഹം പറഞ്ഞു. വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, അലി മുസലിയാർ എന്നിവരടക്കം മലബാർ കലാപത്തിൽ പങ്കെടുത്ത 387 ആൾക്കാരുടെ പേരുകൾ സ്വാതന്ത്യസമര രക്തസാക്ഷിപ്പട്ടികയിൽ നിന്ന് നീക്കം ചെയ്യാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിന് എതിരെയാണ് എംജിഎസിന്റെ വിമർശനം.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ച് നിയോഗിച്ച മൂന്നംഗ സമിതി ഇതിന് ശുപാർശ നൽകിയ വാർത്ത ഇന്നാണ് പുറത്തുവന്നത്. മലബാർ കലാപം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമല്ലെന്നും വർഗീയ കലാപമാണെന്നുമുള്ള വിലയിരുത്തലിനെ തുടർന്നാണ് നിർദ്ദേശം. മലബാർ കലാപം ഉയർത്തിയ മുദ്രാവാക്യങ്ങൾ ബ്രിട്ടീഷുകാർക്കെതിരെയോ, ദേശീയ സ്വഭാവമുള്ളതോ ആയിരുന്നില്ലെന്നും സമിതി വിലയിരുത്തി.
ഖിലാഫത്ത് സ്ഥാപിക്കാനായിരുന്നു കലാപമെന്നും കലാപം വിജയിച്ചാൽ അത് സംഭവിക്കുമായിരുന്നുവെന്നുമാണ് സമിതിയുടെ കണ്ടെത്തൽ. ശരിയത്ത് കോടതി സ്ഥാപിച്ച കലാപകാരി മാത്രമായിരുന്നു വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്നും ഹാജി നിരവധി ഹിന്ദുക്കളെ വധിച്ചുവെന്നും സമിതിയുടെ റിപ്പോർട്ടിലുണ്ടെന്ന് സൂചനയുണ്ട്. മലബാർ കലാപം രാജ്യത്തെ ആദ്യ താലിബാൻ മോഡൽ പ്രകടനമായിരുന്നുവെന്ന് ബിജെപി നേതാവ് റാം മാധവിന്റെ പ്രസ്താവന വിവാദമായിരുന്നു. പുതുക്കിയ രക്തസാക്ഷി പട്ടിക ഒക്ടോബർ അവസാനം പുറത്തിറങ്ങും.