തിരുവനന്തപുരം: ബീഫിനെ സംബന്ധിച്ച വിവാദങ്ങൾ ഒരു വശത്ത് ശക്തമാകുമ്പോൾ സമകാലിക രാഷ്ട്രീയത്തിൽ അഭിപ്രായം രേഖപ്പെടുത്തി ചരിത്രകാരൻ എംജിഎസ് നാരായണൻ രംഗത്തെത്തി. മനോരമ ന്യൂസ് ചാനലിന്റെ നിലപാട് എന്ന അഭിമുഖ പരിപാടിൽ അദ്ദേഹം പറഞ്ഞ വാക്കുകൾ വിവാദങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്. കമ്മ്യൂണിസ്റ്റു പാർട്ടിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് എംജിഎസ് രംഗത്തെത്തിയത്. എസ്എൻഡിപിയുടെ രാഷ്ട്രീയ നിലപാടിൽ തുടങ്ങി അടിയന്തരവാസ്ഥയെയും ബീഫ് നിരോധനത്തെയും അവാർഡുകൾ തിരിച്ചുകൊടുക്കലിനെയും എല്ലാം പരാമർശിച്ചുകൊണ്ടാണ് എംജിഎസിന്റെ അഭിമുഖം.

ശ്രീനാരായണ ഗുരുവിനെ ഏറ്റെടുക്കാൻ ഇപ്പോൾ പലരും രംഗത്തെത്തുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് എംജിഎസ് നാരായണൻ അഭിമുഖത്തിൽ പറയുന്നു. ഈഴവ സമുദായത്തിൽ ജനിച്ച വ്യക്തിയാണെങ്കിലും നാരായണഗുരു പിന്തുടർന്നത് ശ്രീശങ്കരാചാര്യയുടെ ആദർശങ്ങൾ ആയിരുന്നു. അന്ന് അദ്ദേഹത്തിന്റെ ശിക്ഷ്യന്മാരായത് ഈഴവൻ മാത്രമല്ല, നായർ സമുദായക്കാരും ഉണ്ടായിരുന്നെന്ന് എംജിഎസ് പറഞ്ഞു. ഇപ്പോൾ എസ്എൻഡിപിയുടേത് അധികാര വടംവലിയാണെന്നും അദ്ദേഹം പറഞ്ഞു.

സാഹിത്യകാരന്മാർ പുരസ്‌കാരങ്ങൾ തിരിച്ചു കൊടുക്കുന്നതിനെയും എംജിഎസ് രൂക്ഷമായി വിമർശിച്ചു. പുരസ്‌ക്കാരങ്ങൾ തിരിച്ചുകൊടുക്കുന്നത് അവസരവാദപരമാണ്. ടി പി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയപ്പോൾ പ്രതികരിക്കാത്തവരാണ് ഇപ്പോൾ പ്രതികരിക്കുന്നത്. പത്മ പുരസ്‌ക്കാരങ്ങളെല്ലാം വിലകൊടുക്കുത്ത് വാങ്ങുന്നതാണ്. ഇങ്ങലെ ലഭിച്ച പുരസ്‌ക്കാരങ്ങൾ എന്തിനാണ് തിരിച്ചു കൊടുക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

കമ്മ്യൂണിസ്റ്റുകാരാണ് ഏറ്റവും വലിയ ഫാസിസ്റ്റുകൾ. സ്റ്റാലിൻ കൊന്നൊടുക്കിയവരുടെ കണക്ക് തന്നെ ഭീതിതമാണ്. ഈ സ്റ്റാലിനെ ആരാധകിക്കുന്നവരാണ് ഇപ്പോവും സിപിഎമ്മുകാർ. കേരളത്തിലെ സിപിഐ(എം) മാർക്‌സിനെ കൊന്ന കൂട്ടരാണ്. ഇവരാണ് മാക്‌സിസത്തിന്റെ ഐഡിയോളജിയെ കച്ചവടമാക്കിയത്. ഞാൻ മാർകിസ്റ്റാണ്. അത് വായിച്ചു പഠിച്ചതാണ്. ഇന്ത്യയിൽ പരിഭാഷ വരുന്നതിന് മുമ്പ് തന്നെ ഈക്കാര്യം താൻ പഠിച്ചിരുന്നു. കേരളത്തിലെ കമ്മ്യൂണിസം ആഗോള തലത്തിൽ ശ്രദ്ദിക്കപ്പെട്ടു എന്നാണ് പറയുന്നത്. ഇത് പച്ചക്കള്ളമാണ്. ആഗോള തലത്തിൽ എവിടെയാണ് കേരളത്തിലെ കമ്മ്യൂണിസം ശ്രദ്ധിക്കപ്പെട്ടത്. സിപിഎമ്മിന്റെ പല കപട നിലപാടുകൾക്കുമെതിരെ തുറന്നെഴുതിയതിനാണ് തന്നെ മാർക്‌സ് വിരോധിയാക്കിയത്.

ഇന്ത്യയിലെ യൂണിവേഴ്‌സിറ്റികളെ നിയന്ത്രിക്കുന്നത് കമ്യൂണിസ്റ്റുകാരെന്നും എംജിഎസ് പറഞ്ഞു. രാഷ്ട്രീയ അധികാരം ഇല്ലാതെ തന്നെ യൂണിവേഴ്‌സിറ്റികളിൽ കമ്മ്യൂണിസ്റ്റുകാർക്ക് സ്വാധീനമുണ്ട്. അടിയന്തിരാവസ്ഥക്കെതിരെ പോരാടിയത് ആർഎസ്എസുകാർ മാത്രമായിരുന്നു. അക്കാലത്ത് ഈ എംഎസ്സൊക്കെ സ്വീകരിച്ച നിസ്സംഗത എന്നെ അദ്ഭുതപ്പെടുത്തി. പി ഗോവിന്ദപിള്ള അന്ന് വിദേശത്തായിരുന്നു. അന്ന്. കമ്യൂണിസ്റ്റുകാരുടെ കാപട്യങ്ങൾ മുഴുവൻ ഞാൻ തുറന്നെഴുതി. ഇഎംഎസ് സ്വന്തം സ്വത്ത് ഒരു പാർട്ടിക്കും എഴുതിക്കൊടുത്തിട്ടില്ല. ഭാര്യയുടെ പേരിലേക്കാണ് എഴുതി വച്ചത്. എന്നിട്ട് അദ്ദേഹം തന്നെ ഇതേക്കുറിച്ച് പാർട്ടി പത്രത്തിൽ ലേഖനം എഴുതി. കള്ളപ്പേരിലാണ് എഴുതിയത്. ഈ കള്ളക്കളി താൻ കോടതിയിൽ തെളിയിച്ച കാര്യമാണ്. ഇതിന്റെ രേഖകളും ഉണ്ടെന്ന് എംജിഎസ് പറഞ്ഞു.

ഇപ്പോഴത്തെ ബീഫ് വിവാദത്തിന് പിന്നിൽ മാദ്ധ്യമങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ഗോമാംസ വിവാദം ഇപ്പോൾ തുടങ്ങിയതല്ല. ഇതുണ്ടാക്കിയത് ബിജെപിക്കാരാണ്. ഞാൻ വളരെ കാലം ഡൽഹിയിൽ ഉണ്ടായിരുന്നു ,ഇപ്പോഴല്ല ബിജെപി ഒക്കെ അധികാരത്തിൽ വരുന്നതിനും എത്രയോ മുൻപ്. ആ സമയത്ത് ബീഫ് കിട്ടിയിരുന്നത് ജുമാ മസ്ജിദിന്റെ പരിസരത്ത് മാത്രം ആയിരുന്നു. ഇപ്പൊൾ ഉള്ള വിവാദങ്ങൾ മുഴുവൻ പത്ര മാദ്ധ്യമങ്ങൾ സൃഷ്ടിക്കുന്നതാണ്. ആർഎസ്എസ് ആണ് എല്ലാത്തിനും ഉത്തരവാദികൾ എന്ന് വരുത്തി തീർക്കാൻ മാദ്ധ്യമങ്ങൾ ശ്രമിക്കുന്നുവെന്നും അദ്ദേഹം മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.