- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിതാവിന്റെ പാത പിന്തുടർന്ന് തോട്ടം വ്യവസായത്തിലെത്തി; കുട്ടിക്കാനം, ആനവിലാസമുൾപ്പടെ യാഥാർത്ഥ്യമാക്കിയത് ആറോളം എസ്റ്റേറ്റുകൾ; രാജ്യത്തെ ആദ്യ ബ്ലോക്ക് റബർ പ്രോസസിങ് ഫാക്ടറി ഉടമ എന്ന ഖ്യാതിക്കൊപ്പം ഹൈറേഞ്ചിലെ കുട്ടികൾക്ക് അക്ഷരവെളിച്ചം പകർന്ന് മാതൃകയുമായി; മൈക്കിൾ എ. കള്ളിവയലിൽ ഓർമ്മയാകുമ്പോൾ

കോട്ടയം: വ്യവസായ രംഗത്ത് സജീവമാകുമ്പോഴും സന്നദ്ധ പ്രവർത്തനങ്ങളിലും സജീവമായ വ്യക്തിത്വമായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച മൈക്കിൾ എ. കള്ളിവയലിൽ.ഹൈറേഞ്ചിലെ കുട്ടികൾക്ക് അക്ഷരവെളിച്ചം പകരനായി നിരവധി വിദ്യാലയങ്ങൾ സ്ഥാപിച്ചുവെന്നത് തന്നെയാണ് മൈക്കളിന്റെ കർമ്മപഥത്തിലെ ഏറ്റവും ശ്രദ്ധേയമായ നേട്ടം.രാജ്യത്തെ ആദ്യ ബ്ലോക്ക് റബർ പ്രോസസിങ് ഫാക്ടറി ഉടമയെന്ന ഖ്യാതിയും ഇദ്ദേഹത്തിനുണ്ട്.
പിതാവിനെ പിന്തുടർന്ന് തോട്ടം വ്യവസായത്തിലെത്തിയ മൈക്കിൾ റബർ, ഏലം, തേയില കൃഷി വ്യാപകമായി ആരംഭിച്ചു. ഒട്ടേറെ തോട്ടങ്ങളുടെ സാരഥ്യം ഏറ്റെടുത്തു. കുട്ടിക്കാനം,ആനവിലാസം, കമ്പംമെട്ട്, പുല്ലുപാറ, പാലാ മല്ലികശ്ശേരി എന്നീ എസ്റ്റേറ്റുകൾ സ്ഥാപിച്ചു.1959ൽ മോട്ടർ വ്യവസായ രംഗത്തെത്തി. 1977ൽ ബ്ലോക്ക് റബർ സംസ്‌കരണത്തിനായി കള്ളിവയലിൽ കുടുംബത്തിലെ തന്നെ സഹോദരൻ പൈകയിൽ തുടങ്ങിയ ഹെവിയ ക്രംബ് ഫാക്ടറി പിന്നീട് ഏറ്റെടുത്തതോടെ വ്യവസായ രംഗത്തും സജീവമായി.
വിദ്യാഭ്യാസ പ്രവർത്തകൻ, കാത്തലിക് ട്രസ്റ്റ് ചെയർമാൻ, റബർ ബോർഡ് മുൻ വൈസ് ചെയർമാൻ, രാഷ്ട്രദീപിക ലിമിറ്റഡ് കമ്പനിയുടെ സ്ഥാപക ഡയറക്ടർ, കള്ളിവയലിൽ കുടുംബയോഗം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.പെരുവന്താനം പഞ്ചായത്തംഗം, പെരുവന്താനം സർവീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി, ബാങ്ക് എന്നിവയുടെ സ്ഥാപക പ്രസിഡന്റ്, കുട്ടിക്കാനം മരിയൻ കോളജ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം, മുണ്ടക്കയം പ്ലാന്റേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ്, മുണ്ടക്കയം ക്ലബ് പ്രസിഡന്റ്, കോട്ടയം ജില്ലാ അമച്വർ അത്‌ലറ്റിക് അസോസിയേഷൻ പ്രസിഡന്റ്, പീരുമേട് വന്യജീവി സംരക്ഷണ സമിതി പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു.
കേരള കാത്തലിക് ട്രസ്റ്റ് പ്രസിഡന്റായി 31 വർഷം പ്രവർത്തിച്ചു. ഏന്തയാർ മർഫി മെമോറിയൽ ഹയർ സെക്കൻഡറി സ്‌കൂൾ, ജെ.ജെ. മർഫി മെമോറിയൽ പബ്ലിക് സ്‌കൂൾ, മുണ്ടക്കയം പാപ്പൻ മെമോറിയൽ പബ്ലിക് സ്‌കൂൾ എന്നിവയുടെ സ്ഥാപകനാണ്.വാർധക്യ സംബന്ധമായ അസുഖങ്ങളെത്തുടർന്ന് 98 ാം വയസ്സിലാണ് കൊണ്ടൂപറമ്പിൽ അപ്പച്ചൻ എന്ന മൈക്കിൾ എ. കള്ളിവയലിൽ വിടപറഞ്ഞത്.
പ്ലാൻർ കള്ളിവയലിൽ പാലാ വിളക്കുമാടം കൊണ്ടൂപറമ്പിൽ പാപ്പന്റെയും (കെ.സി. ഏബ്രഹാം കള്ളിവയലിൽ) ഏലിയാമ്മയുടെയും ഏഴു മക്കളിൽ നാലാമനാണ് മൈക്കിൾ എ. കള്ളിവയലിൽ. മുംബൈ സെന്റ് സേവ്യേഴ്‌സ് കോളജിൽ നിന്നു ബിരുദം നേടിയ ശേഷം പിതാവിന്റെ പാതയിൽ പ്ലാന്റേഷൻ രംഗത്തു സജീവമായി. പിതാവിന്റെ എസ്റ്റേറ്റുകളും മർഫി സായിപ്പിൽ നിന്നു വാങ്ങിയ എസ്റ്റേറ്റുകളുമെല്ലാം ചേർന്ന് കേരളത്തിലെ പ്രമുഖ പ്ലാന്റേഷനുകളുടെ ചുമതലയിൽ സജീവമായിരുന്നു. റബർ, തേയില, കാപ്പി തുടങ്ങിയ കൃഷികളിൽ വിജയകരമായ നൂതന രീതികൾ ആവിഷ്‌കരിക്കുകയും പ്രചാരം നൽകുകയും ചെയ്തു.
മൃതദേഹം തിങ്കളാഴ്ച രാവിലെ എട്ടിനു പാലാ മല്ലികശ്ശേരിയിലെ വസതിയിലെത്തിക്കും. സംസ്‌കാരം രണ്ടിനു പൈക വിളക്കുമാടം സെന്റ് ഫ്രാൻസിസ് പള്ളിയിൽ. കുരുവിനാക്കുന്നേൽ കുടുംബാംഗം മേരി (മറിയമ്മ) ആണ് ഭാര്യ. മക്കൾ: റാണി ആലപ്പുഴ), വിമല (യുഎസ്), അന്ന ഗീത (യുഎസ്), ജോസഫ് (പ്ലാന്റർ) റോഷൻ (യുകെ.)


