റിയോ : നീന്തൽക്കുളത്തിലെ അമേരിക്കൻ ഇതിഹാസം മൈക്കേൽ ഫെൽപ്‌സ് റിയോയിലും സ്വർണവേട്ട തുടങ്ങി. ഇന്നലെ 4ഃ100 മീറ്റർ ഫ്രീസ്‌റ്റൈൽ റിലേയിലാണ് ഫെൽപ്‌സ് ഉൾപ്പെട്ട ടീം സ്വർണം നേടിയത്. ഒളിമ്പിക്‌സിൽ ഏറ്റവുമധികം സ്വർണങ്ങളും മെഡലുകളും നേടിയ താരമാണ് ഫെൽപ്‌സ്. ഇദ്ദേഹത്തിന്റെ അഞ്ചാം ഒളിമ്പിക്‌സാണിത്.

ഫെൽപ്‌സിന്റെ 19-ാമത്തെ ഒളിമ്പിക് സ്വർണമാണ് കഴിഞ്ഞ ദിവസം നേടിയത്. 23-ാമത്തെ ഒളിമ്പിക് മെഡലും. നഥാൻ അഡ്രിയാൻ, റയാൻ ഹെൽഡ്, കേലെബ് ഡ്രെസെൽ എന്നിവരാണ് 4 ഃ 100 മീറ്റർ ഫ്രീസ്‌റ്റൈൽ റിലേയിൽ ഫെൽപ്‌സിനൊപ്പം നീന്താനിറങ്ങിയത്. രണ്ടാം ലെഗിൽ നീന്താൻ ഇറങ്ങിയ ഫെൽപ്‌സാണ് ഏറ്റവും മികച്ച സമയത്ത് ഫിനിഷ് ചെയ്തത്. ഫ്രാൻസ് വെള്ളിയും ആസ്‌ട്രേലിയ വെങ്കലവും നേടി.

വനിതകളുടെ 400 മീറ്റർ ഫ്രീസ്‌റ്റൈൽ മത്സരത്തിൽ അമേരിക്കയുടെ സ്റ്റാർ സ്വിമ്മർ കാത്തീ ലെഡെക്കി സ്വർണംനേടി. സ്വന്തം റെക്കാഡ് തകർത്താണ് കാത്തി സ്വർണമണിഞ്ഞത്.