ജനീവ: ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള യൂറോപ്യൻ ഫുട്‌ബോൾ ഭരണസമിതി (യുവേഫ) തലവൻ മിഷേൽ പ്ലാറ്റീനിയുടെ മോഹത്തിനു വീണ്ടും തിരിച്ചടി. ഫിഫ അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഫിഫ സദാചാര സമിതി പ്രസിഡന്റ് സെപ് ബ്ലാറ്ററെയും പ്ലാറ്റീനിയെയും വിലക്കണമെന്ന് ശുപാർശ ചെയ്തതോടെയാണിത്. ഒക്ടോബറിൽ ഫിഫ സദാചാര സമിതി ഇരുവരെയും 90 ദിവസത്തേക്ക് താത്കാലികമായി സസ്‌പെൻഡു ചെയ്തിരുന്നു. സസ്‌പെൻഷനെതിരെ അന്താരാഷ്ട്ര കായിക തർക്ക പരിഹാര കോടതി(സി.എ.എസ്.)യിൽ അപ്പീൽ സമർപ്പിച്ച് പ്ലാറ്റീനി കാത്തിരിക്കെയാണ് ഇരുവരെയും വിലക്കാൻ ശുപാർശ ചെയ്തിരിക്കുന്നത്. സദാചാരസമിതി അന്തിമ റിപ്പോർട്ടിൽ ഇരുവർക്കും വിലക്ക് ഏർപ്പെടുത്തണമെന്ന ശുപാർശയാണുള്ളത്, ഇക്കാര്യത്തിൽ തീർപ്പുകല്പിക്കേണ്ട അഡ്ജുഡിക്കേറ്ററി ചേംബർ വ്യക്തമാക്കി.