ജെനീവ: സ്‌കീയിംഗിനിടെ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഫോർമുല വൺ ഇതിഹാസം മൈക്കിൾ ഷൂമാക്കർ ആശുപത്രി വിട്ടു. സ്വിറ്റ്‌സർലണ്ടിലെ യൂണിവേഴ്‌സിറ്റി ഓഫ് ലൂസേൻ ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം ഷൂമാക്കറെ വീട്ടിലേക്ക് മാറ്റിയതിനായി വക്താവ് അറിയിച്ചു. തുടർ ചികിത്സ ഇനി വീട്ടിൽ മതിയെന്നും അതിനാലാണ് ആശുപത്രിയിൽ നിന്നു മാറ്റുന്നതെന്നും വക്താവ് ചൂണ്ടിക്കാട്ടി.

അതേസമയം ഷൂമാക്കറിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് കൂടുതൽ വ്യക്തമാക്കാൻ ഇവർ തയാറായില്ല. അബോധാവസ്ഥയിൽ കഴിയുകയായിരുന്ന ഷൂമാക്കർക്ക് ബോധം തെളിഞ്ഞിട്ടുണ്ടോ എന്ന കാര്യം ഇതുവരെ പുറത്തുവിട്ടിട്ടില്ല. കോമയിൽ തന്നെയാണ് താരം ഇപ്പോഴും കഴിയുന്നതെന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

കഴിഞ്ഞ ഡിസംബർ 29ന് ഫ്രഞ്ച് ആൽപ്‌സ് പർവത നിരകളിൽ സ്‌കീയിങ് നടത്തുന്നതിനിടെ പാറയിൽ തലയിടിച്ചാണ് ഷൂമാക്കർക്ക് ഗുരുതര പരിക്കേൽക്കുന്നത്. ഫ്രാൻസിലെ ഗ്രനോബിൾ ആശുപത്രയിൽ ആറുമാസത്തെ ചികിത്സയ്ക്കു ശേഷമാണ് സ്വിറ്റ്‌സർലണ്ടിലെ ലൂസേൻ ആശുപത്രിയിലേക്ക് മാറ്റുന്നത്.