പ്രഥമ വനിതയെന്ന പട്ടം ഒഴിഞ്ഞശേഷം ജീവിതം ആസ്വദിക്കുകയാണ് മിഷേൽ. ഭർത്താവ് ബരാക് ഒബാമയ്‌ക്കൊപ്പം ഉല്ലാസകേന്ദ്രങ്ങൾ സന്ദർശിച്ച് അമേരിക്കൻ ഭരണത്തിരക്കുകൾക്കിടെ നഷ്ടപ്പെട്ട ജീവിതം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് അവർ. മുൻ അമേരിക്കൻ പ്രഥമവനിതകളെ അപേക്ഷിച്ച് പപ്പരാസികൾ മിഷേലിന്റെ പിന്നാലെ കൂടിയിരിക്കുന്നതും അവരുടെ പുതിയ ജീവിതരീതികൊണ്ടുതന്നെ.

ഇറ്റലിയിലെ സിയേനയിലെത്തിയ ബരാക്കും മിഷേലും വിവിധ കേന്ദ്രങ്ങളിൽ സന്ദർശനം നടത്തി. ബരാക്കിനെക്കാൾ ക്യാമറകൾക്ക് വിരുന്നായത് മിഷേലായിരുന്നുവെന്ന് മാത്രം. പുറംമുഴുവൻ കാണുന്ന തരത്തിലുള്ള വസ്ത്രമണിഞ്ഞാണ് മിഷേൽ എത്തിയത്. അമേരിക്കൻ വിവിഐപി ദമ്പതിമാരെ കാണാൻ ധാരാളം പേർ റോഡിനിരുപുറവും തടിച്ചുകൂടിയിരുന്നു.

വെള്ളിയാഴ് സ്വകാര്യ വിമാനത്തിലാണ് ഒബാമ ദമ്പതിമാർ ഇറ്റലിയിലെത്തിയത്. ആറ് ഫൈറ്റർ ജെറ്റുകളും 13 കാറുകളും സംഘത്തോടൊപ്പമെത്തിയിട്ടുണ്ട്. കനത്ത സുരക്ഷയാണ് ഒബാമയ്ക്കും മിഷേലിനും ഏർപ്പെടുത്തിയിട്ടുള്ളത്. സിയേനയിലെ യാത്രയിൽ പൊലീസ് സുരക്ഷാ വാഹനവും ഏർപ്പെടുത്തിയിരുന്നു. തങ്ങളെ കാണാനെത്തിയവർക്കുനേരെ ബരാക് കൈകൾ വീശി അഭിവാദ്യമർപ്പിച്ചെങ്കിലും മിഷേൽ തന്റെ വസ്ത്രത്തിലാണ് കൂടുതൽ ശ്രദ്ധിച്ചത്. അയഞ്ഞ പാന്റുകളിൽ കാൽ ഉടക്കാതിരിക്കുന്നതിന് പടികൾ കയറുമ്പോൾ പ്രത്യേകം ശ്രദ്ധിക്കാനും അവർ മറന്നില്ല.

പന്ത്രണ്ടാം നൂറ്റാണ്ടിൽ പണിതതെന്ന് കരുതുന്ന സിയേനയിലെ കത്തീഡ്രലിൽ ദമ്പതിമാർ സന്ദർശനം നടത്തി. മറ്റു ചരിത്ര സ്മാരകങ്ങളിലും സന്ദർശനം നടത്തിയ ദമ്പതിമാർ, അൽപം ആവേശത്തിനും സമയം കണ്ടെത്തി. തന്റെ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം ബൈക്ക് റൈഡ് നടത്തിയാണ് ബരാക് സിയേനയിലെ താമസം ഗംഭീരമാക്കിയത്. കാസ്റ്റിഗ്ലിയോൺ ഡെൽ ബോസ്‌കോ ഗോൾഫ് കോഴ്‌സിലെത്തിയ അദ്ദേഹം അൽപസമയം ഗോൾഫ് കളിക്കാനും തയ്യാറായി.

പ്രസിഡന്റായിരുന്നപ്പോൾ അനുവദനീയമല്ലാതിരുന്ന കാര്യങ്ങൾക്കാണ് പദവിയൊഴിഞ്ഞശേഷം ബരാക് മുൻതൂക്കം കൽപിക്കുന്നത്. സുഹൃത്തുക്കൾക്കൊപ്പം യാട്ടിൽ ഉല്ലാസ യാത്ര നടത്തുന്നതിനും ഭാര്യയുമൊത്ത് ഉല്ലാസ കേന്ദ്രങ്ങളിൽപ്പോകാനും അദ്ദേഹം സമയം കണ്ടെത്തുന്നു. മിഷേലാകട്ടെ, പ്രഥമവനിതയുടെ മട്ടും ഭാവവുമൊന്നുമില്ലാതെ, ഫാഷൻ വസ്ത്രങ്ങളണിഞ്ഞ് ശ്രദ്ധാകേന്ദ്രമായി നിൽക്കുകയും ചെയ്യുന്നു.