ന്യൂയോർക്ക്: വസ്ത്രധാരണത്തിന്റെ പേരിൽ ഇതിനു മുമ്പും സോഷ്യൽ മീഡിയയ്ക്ക് ഇരയാകേണ്ടി വന്ന മുൻ പ്രഥമവനിത മിഷേൽ ഒബാമ വീണ്ടും ഇതേ പേരിൽ വാർത്തകളിൽ നിറയുന്നു. നാലായിരം ഡോളർ വിലയുള്ള ബലൻസിയാഗ തൈ ഹൈ ബൂട്ട് ഇട്ട് ബ്രൂക്ക്‌ലിനിൽ വച്ച് ഒരു ഇന്റർവ്യൂവിൽ പങ്കെടുത്തതോടെയാണ് മിഷേൽ ഒബാമയുടെ വസ്ത്രധാരണം വീണ്ടും ചർച്ചയായത്.

തന്റെ പുതിയ പുസ്തകം ബിക്കമിംഗിന്റെ പ്രചരണാർഥമാണ് ബ്രൂക്ക്‌ലിനിലെ കാർക്ലേസ് സെന്ററിൽ മിഷേൽ എത്തിയത്. അവിടെവച്ച് സെക്‌സ് ആൻഡ് സിറ്റി ഫെയിം സാറാ ജെസീക്ക പാർക്കർ ആണ് മുൻപ്രഥമ വനിതയെ ഇന്റർവ്യൂ ചെയ്തത്. ഇന്റർവ്യൂവിന് ബലൻസിയാഗ ബ്രാൻഡിന്റെ മഞ്ഞ ഫുൾ സ്ലീവ് ഗൗണും തൈ ഹൈ ബൂട്ടും ധരിച്ചെത്തിയതിന്റെ ചിത്രങ്ങൾ പ്രചരിച്ചതോടെയാണ് മിഷേലിന്റെ വസ്ത്രധാരണം ചർച്ചയാക്കിക്കൊണ്ട് സോഷ്യൽ മീഡിയ ഏറ്റുപിടിച്ചത്.

പാരീസിൽ നടന്ന സ്പ്രിങ്/സമ്മർ 2019 ഫാഷൻ ഷോയിൽ അവതരിപ്പിച്ച ബലൻസിയാഗ തൈ ഹൈ ബൂട്ട് പക്ഷേ, ഇതുവരെ വിപണിയിൽ ലഭ്യമാകാൻ തുടങ്ങിയിട്ടില്ല. പ്രഥമ വനിത എന്ന സ്ഥാനത്തിരുന്നപ്പോഴും വസ്ത്രധാരണത്തിന്റെ പേരിൽ വിമർശനങ്ങൾ മിഷേലിന് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. പലപ്പോഴും വില കൂടിയ ഡിസൈനർ വസ്ത്രങ്ങൾ ധരിച്ച് പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് മിഷേലിനെ വിമർശിച്ചവർ ഏറെയാണ്. സിവിൽ സർവന്റ് എന്ന നിലയിൽ ഇത്തരത്തിൽ വില കൂടിയ ഡിസൈനർ വസ്ത്രങ്ങൾ ധരിക്കുന്നതിനെതിരേയായിരുന്നു വിമർശം. ഏതായാലും മിഷേൽ പുതിയ വേഷത്തിൽ എത്തിയത് മുതലാക്കാനുള്ള ശ്രമം ബലൻസിയാഗ കമ്പനി നടത്തുന്നുണ്ട്.