ന്യൂയോർക്ക്: അമേരിക്കക്കാരുടെ ആദരവ് ഏറ്റവും കൂടുതൽ പിടിച്ചു പറ്റിയ സ്ത്രീ മിഷേൽ ഒബാമയെന്ന് ഗാലപ് പോൾ റിപ്പോർട്ട്. പതിനേഴു വർഷം തുടർച്ചയായി ഗാലപ് പോളിൽ ഒന്നാം സ്ഥാനത്തു നിന്ന മുൻ പ്രഥമ വനിത കൂടിയായ ഹിലാരി ക്ലിന്റനെ പിന്നിലാക്കിയാണ് ഇത്തവണ മിഷേൽ ഒബാമ ഒന്നാം സ്ഥാനത്തെത്തിയത്. അതേസമയം അമേരിക്കക്കാർ ഏറ്റവും കൂടുതൽ ആദരിക്കുന്ന പുരുഷൻ എന്ന സ്ഥാനം തുടർച്ചയായി പതിനൊന്നാം തവണയും മുൻ പ്രസിഡന്റ് ബരാക് ഒബാമ സ്വന്തമാക്കി.

നിലവിലുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് ഒബാമയ്ക്ക് പിന്നിൽ രണ്ടാംസ്ഥാനത്താണ്. തുടർച്ചയായി നാലാം തവണയും ട്രമ്പ് രണ്ടാം സ്ഥാനത്തു തന്നെയാണ് നിൽക്കുന്നത്. അമേരിക്കക്കാരുടെ ആദരവ് പിടിച്ചുപറ്റുന്ന വനിതയേയും പുരുഷനേയും തെരഞ്ഞെടുക്കുന്ന ഗാലപ് പോൾ 1946 മുതൽ നടത്തി വരുന്നുണ്ട്. 1976-ൽ മാത്രം ഇതു നടന്നില്ല.

ആത്മകഥയായ ബികമിങ് എന്ന പുസ്തകത്തിന്റെ പ്രചരണാർഥം ടൂർ നടത്തിക്കൊണ്ടിരിക്കുന്ന മിഷേൽ ഒബാമയെയാണ് വോട്ടിംഗിൽ പങ്കെടുത്ത 1025 അമേരിക്കക്കാരിൽ പതിനഞ്ചു ശതമാനത്തോളം പേർ ഏറ്റവും കൂടുതൽ ആദരിക്കുന്ന വനിതയായി തെരഞ്ഞെടുത്തത്. ടെലിവിഷൻ അവതാരകയായ ഒപ്ര വിൻഫ്രിയാണ് രണ്ടാം സ്ഥാനത്ത്. ഹിലാരി ക്ലിന്റൺ മൂന്നാമതും അമേരിക്കൻ പ്രഥമ വനിത മെലാനിയ ട്രമ്പ് നാലാം സ്ഥാനത്തുമാണുള്ളത്.

2016-ലെ ഡെമോക്രാറ്റിക് പ്രസിഡൻഷ്യൻ സ്ഥാനാർത്ഥിയും യുഎസ് മുൻ സെനറ്ററുമായ ഹിലാരി ക്ലിന്റൻ ഗാലപ് പോളിൽ 22 തവണ കടന്നു കൂടിയിട്ടുണ്ട്. അതിൽ തന്നെ തുടർച്ചയായി 17 വർഷവും ഒന്നാം സ്ഥാനത്തായിരുന്നു. ഏറ്റവും കൂടുതൽ ആദരിക്കപ്പെടുന്ന പുരുഷന്മാരിൽ മൂന്നാം സ്ഥാനത്ത് മുൻ പ്രസിഡന്റ് ജോർജ് ഡബ്ല്യൂ ബുഷും, നാലാം സ്ഥാനത്ത് പോപ്പ് ഫ്രാൻസിസുമാണുള്ളത്.