മിഷിഗൺ: ഡാളസിൽ അഞ്ച് പൊലീസ് ഓഫീസർമാർ വെടിയേറ്റു മരിച്ചതിന്റെ നടുക്കം വിട്ടുമാറും മുമ്പ് മിഷിഗണിലും പൊലീസ് ഓഫീസർമാർക്കു നേരെ വെടിവയ്പ്. കോടതി മുറിയിൽ അരങ്ങേറിയ വെടിവയ്പിൽ രണ്ട് പൊലീസ് ഓഫീസർമാർ മരിച്ചു. ഷിക്കാഗോയിൽ നിന്ന് 160 കിലോമീറ്റർ വടക്ക് കിഴക്കൻ മേഖലയിലുള്ള സെന്റ് ജോസഫ് കോടതിമുറിയിലാണ് സംഭവം അരങ്ങേറുന്നത്.

കോടതിയിൽ ഹാജരാക്കിയ പ്രതിയാണ് വെടിവയ്പ് നടത്തിയത്. സുരക്ഷാ ഓഫീസറുടെ തോക്ക് തട്ടിയെടുത്ത് പൊലീസുകാരെ ആക്രമിക്കുകയായിരുന്നുവെന്ന് ബെരിയൻ കൗണ്ടി ഷെരീഫ് പോൾ ബെയ്‌ലി വ്യക്തമാക്കി. വെടിവയ്പിൽ ഒരു ഡെപ്യൂട്ടി ഷെരീഫിനും മറ്റൊരാൾക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ലേക്ക് ലാൻഡ് റീജണൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സുരക്ഷാ ജീവനക്കാർ അക്രമിയെ വെടിവച്ചു കൊലപ്പെടുത്തിയില്ലായിരുന്നുവെങ്കിൽ കൂടുതൽ പേർക്ക് ജീവൻ നഷ്ടമായേനെയെന്ന് പോൾ ബെയ്‌ലി കൂട്ടിച്ചേർത്തു. നഗരത്തിൽ കനത്ത ബന്തവസ് ഏർപ്പെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം രണ്ട് കറുത്തവർഗക്കാരെ വെള്ളക്കാരായ പൊലീസുകാർ വെടിവച്ചുകൊന്നതിൽ പ്രതിഷേധിച്ചുള്ള സമരത്തിനിടെ ഒരു കറുത്തവർഗക്കാരൻ നടത്തിയ ആക്രമണത്തിൽ അഞ്ചു പൊലീസുകാർക്കാണ് ജീവൻ നഷ്ടമായത്.