ന്യൂഡൽഹി: കോവിഡ് മഹാമാരിക്കാലത്ത് എല്ലാ ജീവനക്കാരെയും ഒപ്പം ചേർത്തുനിർത്തി ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്. തങ്ങളുടെ എല്ലാ ജീവനക്കാർക്കും 1.12 ലക്ഷം രൂപയോളം ബോണസ് നൽകിയാണ് മൈക്രോസോഫ്റ്റ് കോവിഡ് കാലത്തെ 'അതിജീവനത്തിന്' വഴിയൊരുക്കിയത്.

പാൻഡമിക് ബോണസ് എന്നാണ് 1500 ഡോളർ സമ്പത്തിക സഹായത്തെ മൈക്രോസോഫ്റ്റ് വിളിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം വളരെ ദുർഘടമായ അവസ്ഥയിലും ജോലി ചെയ്ത ജീവനക്കാർക്കുള്ള അംഗീകാരമായാണ് ഈ തുക എന്നാണ് റിപ്പോർട്ട്.

നേരത്തെ ഫേസ്‌ബുക്ക് തങ്ങളുടെ ജീവനക്കാർക്കെല്ലാം 1000 ഡോളർ വീതം ബോണസ് നൽകിയിരുന്നു. ഇതേ രീതിയിൽ ആമസോൺ അവരുടെ മുൻനിര ജീവനക്കാർക്ക് 3000 ഡോളറാണ് നൽകിയത്.

ദ വെർജ് പുറത്തുവിട്ട വാർത്ത പ്രകാരം മാർച്ച് 31,2021 ന് മുൻപ് കമ്പനിയിൽ ചേർന്ന എല്ലാ കോർപ്പറേറ്റ് വൈസ് പ്രസിഡന്റുമാർക്ക് താഴെയുള്ള ജീവനക്കാർക്കും മൈക്രോസോഫ്റ്റ് ഈ ബോണസ് അനുവദിച്ചിട്ടുണ്ട്. താൽക്കാലിക, പാർട്ട് ടൈം ജീവനക്കാർക്കും ഈ ആനുകൂല്യം നൽകും എന്നാണ് റിപ്പോർട്ട് പറയുന്നത്.

മൈക്രോസോഫ്റ്റ് ചീഫ് പീപ്പിൾ ഓഫീസർ, കത്തലിൻ ഹോഗനാണ് ഈ ബോണസ് പ്രഖ്യാപിച്ചത്. അമേരിക്കയിലും, അന്താരാഷ്ട്ര തലത്തിലും ഉള്ള എല്ലാ ജീവനക്കാർക്കും ഈ ആനുകൂല്യം നൽകും- വ്യാഴാഴ്ച പുറത്തുവന്ന റിപ്പോർട്ട് പറയുന്നു. ആഗോളതലത്തിൽ മൈക്രോസോഫ്റ്റിന് 175508 ജീവനക്കാർ ഉണ്ടെന്നാണ് കണക്ക്.

അതേ സമയം മൈക്രോസോഫ്റ്റ് നടത്തുന്ന ലിങ്കിഡ്ഇൻ, ജിറ്റ്ഹബ്, സെനിമാക്‌സ് പോലുള്ള സ്ഥാപനങ്ങളിലെ ജീവനക്കാർ പാൻഡമിക്ക് ബോണസ് ലഭിക്കില്ലെന്നാണ് വിവരം. ഏതാണ്ട് 200 ദശലക്ഷം അമേരിക്കൻ ഡോളറാണ് പാൻഡമിക്ക് ബോണസിന് വേണ്ടി മൈക്രോസോഫ്റ്റ് ചിലവഴിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം ഇത് ഇത് ഏകദേശം 200 ദശലക്ഷം ഡോളർ അല്ലെങ്കിൽ മൈക്രോസോഫ്റ്റിന്റെ രണ്ട് ദിവസത്തെ വരുമാനത്തോളം വരും.