ദോഹ: രാജ്യത്ത് ഉച്ചവിശ്രമനിയമം ജൂൺ പതിനഞ്ചുമുതൽ പ്രാബല്യത്തിലാകുമെന്ന് ഭരണവികസന തൊഴിൽ സാമൂഹിക കാര്യമന്ത്രാലയം അറിയിച്ചു.പുറം തൊഴിലിൽ ഏർപ്പെടുന്നവർക്കുള്ള ജോലിസമയം പുനഃക്രമീകരിച്ചുകൊണ്ടാണ് നിയമം നടപ്പാക്കുന്നത്.

ജൂൺ പതിനഞ്ച് മുതൽ ഓഗസ്റ്റ് 31 വരെയാണ് ഉച്ചവിശ്രമനിയമം. ഇതനുസരിച്ച് ജൂൺ 15 മുതൽ ഉച്ചയ്ക്ക് പതിനൊന്നര മുതൽ മൂന്ന് മണി വരെ തുറസ്സായ സ്ഥലങ്ങളിൽ പുറംജോലികൾ പാടില്ല. രാവിലത്തെ ജോലിസമയം പതിനൊന്നരയ്ക്ക് അവസാനിപ്പിച്ചിരിക്കണം. വൈകീട്ടത്തെ ജോലി മൂന്ന് മണിക്കുശേഷമേ തുടങ്ങാവൂയെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു.

എല്ലാ തൊഴിലുടമകളും തൊഴിലിടങ്ങളിൽ എല്ലാ തൊഴിലാളികൾക്കും കാണത്തക്കവിധത്തിൽ പുതിയ ജോലിസമയം പ്രദർശിപ്പിച്ചിരിക്കണം. തൊഴിലിടങ്ങളിൽ പരിശോധനയ്ക്കെത്തുന്ന ഉദ്യോഗസ്ഥർക്ക് വേഗത്തിൽ കാണാൻ കഴിയത്തക്ക വിധത്തിലാകണം പ്രദർശിപ്പിക്കേണ്ടത്.
ഉച്ചവിശ്രമനിയമം ലംഘിക്കുന്ന കമ്പനികൾ ഒരുമാസത്തിൽ കുറയാത്തദിവസങ്ങളിൽ അടപ്പിക്കുകയും ചെയ്യും.