മനാമ : തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവരുടെ തൊഴിൽസമയത്തിൽ ഏർപ്പെടുത്തിയി രിക്കുന്ന നിരോധനം പല കമ്പനികളും കൃത്യമായി പാലിക്കുന്നില്ലെന്ന പരാതി ശക്തമാകുന്നു. പരാതി ഉയർന്നതോടെ ഉച്ചസമയത്തെ പുറംജോലി നിരോധനം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ തൊഴിൽ സാമൂഹിക വികസന മന്ത്രി ജമീൽ ബിൻ മുഹമ്മദലി ഹുമൈദാൻ നിരവധി നിർമ്മാണ സ്ഥലങ്ങളിൽ മിന്നൽ സന്ദർശനം നടത്തി. തൊഴിൽ സാമൂഹിക വികസന മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

മേൽക്കൂരയ്ക്ക് പുറത്തുള്ള ജോലികൾ ചെയ്യുന്ന തൊഴിലാളികൾക്ക് ഉച്ചക്ക് 12 മണി മുതൽ 4 മണി വരെയുള്ള സമയങ്ങളിൽ നിർബന്ധമായും വിശ്രമം നൽകണമെന്നും, ഇതനുസരിച്ച് ജോലി സമയം പുനഃക്രമീകരിക്കണമെന്നും ലേബർ ആൻഡ് സോഷ്യൽ ഡെവലപ്‌മെന്റ് മന്ത്രാലയം ഉത്തരവിട്ടിരുന്നു. ജൂലൈ ഒന്ന് മുതൽ ഓഗസ്റ്റ് അവസാനം വരെയാണ് ഈ സമയക്രമം പാലിക്കേണ്ടത്. ഈ കാലയളവിലെ ചൂടുള്ള കാലാവസ്ഥ കണക്കിലെടുത്താണ് ഉത്തരവ്.

വേനൽക്കാലത്തെ ഉച്ചസമയത്തെ തൊഴിൽ നിരോധനം നിലവിൽ വന്ന് രണ്ടാഴ്ച പിന്നിടവെ, 25 സ്ഥാപനങ്ങൾ നിയമലംഘനം നടത്തിയതായി അധികൃതർ കണ്ടത്തെിയിരുന്നു. കഴിഞ്ഞ ആഴ്ചത്തെ കണക്കനുസരിച്ച്, ജൂലൈ ഒന്നിന് നിയമം പ്രാബല്യത്തിൽ വന്നതുമുതൽ ലേബർ ഇൻസ്‌പെക്ടർമാർ 1,473 തൊഴിലിടങ്ങളിൽ പരിശോധന നടത്തിയിട്ടുണ്ട്.

95 ശതമാനം പേരും നിയമം പാലിക്കുന്നുണ്ടെന്ന് തൊഴിൽ സാമൂഹിക വികസന മന്ത്രാലയത്തിലെ ലേബർ അഫയേഴ്‌സ് അണ്ടർ സെക്രട്ടറി സബാഹ് അദ്ദൂസരി പറഞ്ഞിരുന്നു. മുന്നറിയിപ്പുകളില്ലാതെയാണ് ഇൻസ്‌പെക്ടർമാർ പരിശോധന നടത്തുന്നത്. നിരോധിത സമയത്ത് പുറത്ത് 56 പേർ ജോലി ചെയ്യുന്നതായാണ് മുന്പ് കണ്ടത്തെിയത്. നാല് ഗവർണറേറ്റിലും കൂടിയുള്ള കണക്കാണിത്. നിർമ്മാണ മേഖലയിലാണ് നിയമ ലംഘനം കണ്ടത്തെിയത്. ഇവരുടെ പേര് വിവരങ്ങൾ നിയമനടപടിക്കായി പബ്ലിക് പ്രൊസിക്യൂഷന് കൈമാറിയിട്ടുണ്ട്. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശ്ശന നടപടി സ്വീകരിക്കുമെന്ന് സബാഹ് അദ്ദൂസരി ആവർത്തിച്ച് വ്യക്തമാക്കി. തൊഴിലുടമകൾക്കും തൊഴിലാളികൾക്കും ഒരുപോലെ ഉപകാരപ്പെടുന്നതാണ് ഈ നിയമമെന്നും അേദ്ദഹം പറഞ്ഞു.

2012ൽ പുതിയ തൊഴിൽ നിയമം വന്നതോടെ, വീട്ടുജോലിക്കാർക്കും ഈ ഇളവ് ബാധകമാണ്. എന്നാൽ സ്വകാര്യ ഭവനങ്ങളിൽ പ്രവേശിക്കാനുള്ള അധികാരം ലേബർ ഇൻസ്‌പെക്ടർമാർക്കില്ല. ജൂലൈ, ഓഗസ്റ്റ്
മാസങ്ങളിലേക്കാണ് നിരോധനമെങ്കിലും കാലാവസ്ഥയിൽ വന്ന മാറ്റം പരിഗണിച്ച് ഇത് സപ്തംബർ പകുതി വരെയെങ്കിലും ദീർഘിപ്പിക്കണമെന്ന് പലരും ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഇതിനോട് സർക്കാർ അനുകൂലമായി പ്രതികരിച്ചിട്ടില്ല. വേനലിലെ ഉച്ച സമയത്തെ പുറം ജോലി നിരോധനം ലംഘിക്കുന്നവരെ കണ്ടത്തൊനായി മനുഷ്യാവകാശ ഗ്രൂപ്പ് ക്യാന്പയിൻ തുടങ്ങിയിട്ടുണ്ട്. 'ബഹ്‌റിൻ ഹ്യൂമൻ റൈറ്റ്‌സ് വാച്ച് സൊസൈറ്റി'യാണ് അറബിയിൽ ഹാഷ് ടാഗ് ക്യാന്പയിൻ തുടങ്ങിയത്. എല്ലാവരും നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് കഴിഞ്ഞ ദിവസം ഭാരവാഹികൾ പറഞ്ഞു.

തൊഴിലാളികളുടെ അവകാശ സംരക്ഷണം ഉറപ്പാക്കാനും ഉഷ്ണജന്യ രോഗം, സൂര്യാഘാതം, നിർജ്ജലീകരണം എന്നിവ ഒഴിവാക്കുന്നതിനുമാണ് ഈ നിയമം ആവിഷ്‌കരിച്ചത്. നിയമം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ ആവശ്യമായ മുന്നൊരുക്കങ്ങൾ മന്ത്രാലയം നടത്തിയിട്ടുണ്ട്. 2007ൽ ഉച്ച വിശ്രമം ജി.സി.സിഅറബ് രാജ്യങ്ങളിൽ ആദ്യം ഏർപ്പെടുത്തിയത്
ബഹ്‌റിനാണ്. നിയമം ലംഘിക്കുന്ന കന്പനികളിൽ നിന്ന് 500 ദിനാറിൽ കുറയാത്ത പിഴ ഈടാക്കാൻ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.

നിയമലംഘനങ്ങളുടെ ചിത്രങ്ങൾ 36455424 എന്ന വാട്‌സ് ആപ്പ് നമ്പറിലേയ്ക്ക് അയക്കാൻ സൊസൈറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. നിർമ്മാണമേഖലയിലെ അടക്കമുള്ള ലംഘനങ്ങൾ കണ്ടെത്താനായി ഇതിനോടകം കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്.