മനാമ: കനത്ത ചൂടിൽ വെന്തുരുകുന്ന രാജ്യത്ത് ഉച്ചവിശ്രമ നിയമം ലംഘിച്ചത് 25 കമ്പനികളെന്ന് റിപ്പോർട്ട്. ഉച്ചവിശ്രമ നിയമം നിലവിൽ വന്നു രണ്ടാഴ്ച പിന്നിട്ടപ്പോൾ നടത്തിയ പരിശോധനയിലാണ് 25 സ്ഥാപനങ്ങൾ നിയമലംഘനം നടത്തിയതായി കണ്ടെത്തിയിരിക്കുന്നത്. നാലു ഗവർണറേറ്റുകളിൽ നടത്തിയ പരിശോധനയിലാണ് ഈ സ്ഥാപനങ്ങൾ പുറംജോലി നിരോധനം ലംഘിച്ചതായി വ്യക്തമായത്.

അതേസമയം രാജ്യത്ത് കനത്ത ചൂടിൽ പുറംജോലി നിരോധനനിയമം 95 ശതമാനം സ്ഥാപനങ്ങളും പാലിക്കുന്നതായി ലേബർ അഫേഴ്‌സ് അണ്ടർ സെക്രട്ടറി സബാഹ് അദ്ദുസരി വ്യക്തമാക്കി. നിർമ്മാണ മേഖലയിലെ സ്ഥാപനങ്ങളാണ് നിയമലംഘനം നടത്തിയിട്ടുള്ളവർ.
1473 സ്ഥലങ്ങളിൽ അധികൃതർ പരിശോധന നടത്തിയിരുന്നു.

നിയമലംഘനം നടത്തിയ കമ്പനികളുടെ പേര് വിവരങ്ങൾ പ്രൊസിക്യൂഷന് കൈമാറിയിട്ടുണ്ട് ഇവർക്കെതിരെ കർശന നടപടികളുണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി. ചെറുകിട കമ്പനികളാണ് നിയമലംഘനം നടത്തുന്നതെന്നും അധികൃതർ പറയുന്നു. നിയമലംഘകരിൽ നിന്ന് അഞ്ഞൂറ് ദിനാറിൽ കുറയാത്ത പിഴ ഈടാക്കും. മിക്ക കമ്പനികളും വെളുപ്പിന് നാല് മുതൽ പന്ത്രണ്ട് വരെയോ വൈകിട്ട് നാല് മുതൽ രാത്രി പന്ത്രണ്ട് വരെയോ ആയി പ്രവൃത്തിസമയം പുനർ നിശ്ചയിച്ചിട്ടുണ്ട്.