ദോഹ: വേനൽച്ചൂട് കനത്തതോടെ ഖത്തറിലും മധ്യാഹ്ന വിശ്രമ നിയമം പ്രഖ്യാപിച്ചു. ജൂൺ 15 മുതൽ ഓഗസ്റ്റ് 31 വരെയാണ് രാജ്യത്ത് ഉച്ചവിശ്രമം അനുവദിച്ചിരിക്കുന്നത്. ഉച്ചവിശ്രമം സംബന്ധിച്ചുള്ള ഉത്തരവ് എല്ലാ തൊഴിലിടങ്ങളിലും തുറസായ സ്ഥലത്ത് പ്രദർശിപ്പിച്ചിരിക്കണമെന്നും മിനിസ്ട്രി ഓഫ് അഡ്‌മിനിസ്‌ട്രേറ്റീവ് ഡെവലപ്‌മെന്റ്, ലേബർ ആൻഡ് സോഷ്യൽ അഫേഴ്‌സ് വ്യക്തമാക്കി.

ജോലി സമയം അഞ്ചു മണിക്കൂറിൽ കവിയരുതെന്നാണ് ഉത്തരവിൽ പറയുന്നത്. ജൂൺ 15 മുതൽ രാവിലെ 11.30നും ഉച്ചയ്ക്ക് മൂന്നിനും ഇടയ്ക്ക് തൊഴിലാളികൾക്ക് വിശ്രമം അനുവദിക്കണം. ജോലിക്കിടെ തളർച്ച തോന്നുന്ന പക്ഷം തൊഴിലാളികൾക്ക് വിശ്രമത്തിനുള്ള സൗകര്യവും ഒരുക്കിക്കൊടുക്കണമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. വിവിധ ഭാഷകളിലും പുതിയ ജോലി സമയം പ്രദർശിപ്പിക്കണമെന്ന് നിഷ്‌ക്കർഷിക്കുന്നുണ്ട്.

ഉത്തരവ് ലംഘിക്കുന്ന സ്ഥാപനങ്ങൾ ഒരുമാസത്തേക്ക് അടച്ചുപൂട്ടുമെന്നും തൊഴിൽമന്ത്രാലയം അറിയിച്ചു. തൊഴിലാളികൾക്കു സൂര്യാഘാതമേൽക്കുന്നതു തടയുന്നതിനാണ് ഉച്ചവിശ്രമ നിയമം. ഉച്ചയ്ക്കു നഷ്ടമാകുന്ന സമയം രാവിലെ നേരത്തേ ജോലിയാരംഭിച്ചും വൈകിട്ടു കൂടുതൽ സമയം പണിയെടുത്തുമാണ് പരിഹരിക്കുന്നത്.