മസ്‌ക്കറ്റ്: നേരത്തെയെത്തിയ ചൂടിൽ വെന്തുരുകുകയാണ് നിർമ്മാണ തൊഴിലാളികളും മറ്റു പുറം ജോലിക്കാരും. പലയിടങ്ങളിലും താപനില 40 ഡിഗ്രി കടന്നതോടെ മധ്യാഹ്ന ഇടവേളയ്ക്കായി തൊഴിലാളികളും അവരെ പ്രതിനിധീകരിക്കുന്ന ട്രേഡ് യൂണിയനുകളും മുറവിളി ആരംഭിച്ചു കഴിഞ്ഞു. മധ്യാഹ്ന ഇടവേള അനുവദിക്കുന്ന നിശ്ചിത ഡേറ്റിന് മുമ്പു തന്നെ പുറത്ത് ജോലി ചെയ്യുന്നവർക്ക് മധ്യാഹ്ന ഇടവേള അനുവദിക്കാനാണ് ഇവർ സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം ലേബർ നിയമത്തിൽ പറയുന്നതു പോലെ ജൂൺ ഒന്നു മുതൽ മാത്രമേ മധ്യാഹ്ന ഇടവേള അനുവദിക്കൂ എന്ന കാര്യത്തിൽ മുറുകെ പിടിച്ചിരിക്കുകയാണ് മാൻപവർ മന്ത്രാലയം. മധ്യാഹ്ന ഇടവേള നിയമപ്രകാരമേ അനുവദിക്കൂവെന്നും മുൻ വർഷങ്ങളിലേതു പോലെ നിശ്ചിത തീയതിയിൽ മാത്രമേ ഇതു തുടങ്ങുവെന്നു മന്ത്രാലയം നിർബന്ധം പിടിച്ചിരിക്കുന്നത് തൊഴിലാളികളെ ആകെ വലച്ചിരിക്കുകയാണ്. ജൂൺ ഒന്നു മുതൽ മൂന്നു മാസത്തേക്കാണ് പുറം ജോലിക്കാർക്ക് ഉച്ചയ്ക്ക് 12.30 മുതൽ 3.30 വരെ ഇടവേള അനുവദിക്കുന്നത്.