ദോഹ: വേനൽച്ചൂടിൽ ഉരുകുന്ന പുറംജോലിക്കാർക്ക് ഇന്നു മുതൽ ആശ്വസിക്കാം. ഓഗസ്റ്റ് 31 വരെ നീണ്ടു നിൽക്കുന്ന ഉച്ചവിശ്രമ നിയമം ഇന്നു മുതൽ പ്രാബല്യത്തിലാകും. 2007ലെ 16ാം നമ്പർ മന്ത്രാലയ ഉത്തരവിന്റെ ഭാഗമായാണ് തൊഴിൽ സാമൂഹ്യകാര്യ വകുപ്പ് മന്ത്രാലയം തൊഴിലാളികൾക്ക് വിശ്രമസമയം നടപ്പാക്കുന്നത്.

ഉച്ചവിശ്രമ നിയമം പ്രാബല്യത്തിലുള്ള 75 ദിവസം നിർമ്മാണ മേഖലകളിലെ തൊഴിലാളികളുൾപ്പെടെ പുറംജോലിക്കാരെ രാവിലെ അഞ്ചു മണിക്കൂറിലധികം തൊഴിലെടുപ്പിക്കാൻ സാധിക്കില്ല. രാവിലെ 11.30 വരെ മാത്രമേ പുറംജോലികൾ പാടുള്ളൂ എന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ഉച്ചകഴിഞ്ഞ് മൂന്നു മണിക്കു ശേഷമല്ലാതെ തൊഴിൽ ആരംഭിക്കുകയുമരുത്.

മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരമുള്ള പ്രവൃത്തി സമയ നോട്ടീസ് കമ്പനികൾ തൊഴിലിടങ്ങളിൽ പതിക്കണം. തൊഴിലാളികളും മന്ത്രാലയത്തിൽ നിന്നുമുള്ള പരിശോധകരും കാണുന്ന വിധത്തിലായിരിക്കണം പുതിയ സമയക്രമീകരണം കാണിച്ചുള്ള നോട്ടീസ് പതിക്കേണ്ടത്. മന്ത്രാലയത്തിന്റെ തീരുമാനം കർശനമായി പാലിക്കണമെന്ന് തൊഴിൽ സാമൂഹ്യകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള നിയമലംഘനം കണ്ടത്തെിയാൽ കമ്പനി കുറഞ്ഞത് ഒരുമാസത്തേക്ക് പൂട്ടിയിടുമെന്നും മുന്നറിയിപ്പ് നൽകി.

മുൻവർഷങ്ങളെ അപേക്ഷിച്ച് രാജ്യത്ത് ഇത്തവണ ചൂടു കൂടുതലാണ്. ശനിയാഴ്ച പലയിടങ്ങളിൽ താപനില 48 ഡിഗ്രിയിലേക്ക് ഉയർന്നിരുന്നു. അതേസമയം ചൂടുകാലത്ത് എല്ലാ പുറംജോലികളും രാത്രിയിലേക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.