മനാമ: വേനലിലെ ഉച്ചസമയത്തെ തൊഴിൽ നിരോധനം ഒരു മാസത്തേക്കുകൂടി നീട്ടി മൊത്തം മൂന്നുമാസമാക്കുന്ന കാര്യം തൊഴിൽ മന്ത്രാലയം പരിഗണിക്കുമെന്ന് റിപ്പോർട്ട്. നിലവിൽ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് ഉച്ച 12മുതൽ വൈകീട്ട് നാലുവരെ പുറംജോലി നിരോധമുള്ളത്.

എന്നാൽ, കടുത്ത ചൂട് പരിഗണിച്ച് ഇത് സെപ്റ്റംബറിലേക്കുകൂടി നീട്ടണമെന്നത് നിരവധി നാളുകളായി പ്രവാസി തൊഴിലാളികൾക്കിടയിൽ പ്രവർത്തിക്കുന്നവർ ആവശ്യപ്പെടുന്നുണ്ട്. നേരത്തെ, ഈ വിഷയത്തിൽ പുനരാലോചനയില്ലെന്ന നിലപാടാണ് അധികൃതർ സ്വീകരിച്ചിരുന്നത്.എന്നാൽ, അടുത്ത വർഷം മുതൽ ഉച്ചസമയത്തെ തൊഴിൽ നിരോധനം ഒരു മാസത്തേക്ക് കൂടി നീട്ടുന്ന കാര്യം സംബന്ധിച്ച നിർദ്ദേശം തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പരിഗണിക്കുന്നതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്യുന്നു.

വേനലിൽ തൊഴിലാളികളെക്കൊണ്ട് പുറത്തുള്ള ജോലി ചെയ്യിക്കാത്ത തൊഴിലുടമകൾക്ക് അംഗീകാരം നൽകുന്ന കാര്യം ഉൾപ്പെടെ പരിഗണിക്കുന്നതായി തൊഴിൽ കാര്യ അണ്ടർ സെക്രട്ടറി സബാഹ് അദ്ദൂസരി വ്യക്തമാക്കി.

സൗദി, കുവൈത്ത്,ഒമാൻ, യു.എ.ഇ എന്നിവിടങ്ങളിൽ മൂന്ന് മാസക്കാലമാണ് തൊഴിൽ നിയന്ത്രണം. ബഹ്റൈനിലും ഖത്തറിലുമാണ് ഇത് രണ്ടുമാസമായി തുടരുന്നത്.