ദോഹ: പുറംജോലിക്കാർക്ക് ഉച്ച സമയത്ത് വിശ്രമം അനുവദിക്കണമെന്നുള്ള നിയമത്തിന്റെ കാലാവധി ഇന്ന് അവസാനിക്കുന്നു. എന്നാൽ കൊടുംചൂട് തുടരുന്ന സാഹചര്യത്തിൽ ഉച്ചവിശ്രമം നീട്ടി നൽകണമെന്ന ആവശ്യത്തിന് വിവിധ തലങ്ങളിൽ നിന്ന് ഉയർന്നിട്ടുണ്ട്.

നിർമ്മാണമേഖലകളിലും മറ്റും ജോലി ചെയ്യുന്ന പുറം ജോലിക്കാർക്കാണ് ഉച്ചവിശ്രമം അനുവദിച്ചിരുന്നത്. ജൂൺ 15 മുതൽ ഓഗസ്റ്റ് 31 വരെയായിരുന്നു മധ്യാഹ്ന വിശ്രമം അനുവദിച്ചുകൊണ്ട് ഉത്തരവിറങ്ങിയത്. ഉച്ചയ്ക്ക് 11.30 മുതൽ മൂന്നു വരെയായിരുന്നു ഉച്ചവിശ്രമം. മുൻ വർഷങ്ങളിലേതു പോലെ കൊടും ചൂട് അനുഭവപ്പെടുന്ന ഇക്കാലത്ത് തൊഴിൽ സ്ഥാപനങ്ങൾക്ക് തൊഴിൽ മന്ത്രാലയം തന്നെയായിരുന്നു ഇത്തരത്തിൽ നിയന്ത്രണം കൊണ്ടു വന്നത്. തൊഴിലാളികൾക്ക് ഉച്ചവിശ്രമം നൽകാതിരുന്ന തൊഴിലുടമകൾക്കെതിരേ മന്ത്രാലയം നടപടികൾ സ്വീകരിച്ചിരുന്നു. ഇത്തരത്തിൽ നിയമലംഘനം നടത്തുന്ന കമ്പനികളിൽ നിന്ന് വൻ തുക പിഴയിനത്തിൽ ഈടാക്കി കമ്പനികളെ കരിമ്പട്ടികയിൽ പെടുത്താനും നിയമം അനുശാസിക്കുന്നു.

അതേസമയം ഉച്ചവിശ്രമകാലാവധി തീർന്നുവെങ്കിലും കാലാവസ്ഥയിൽ വലിയ വ്യത്യാസം വന്നിട്ടില്ലാത്തതിനാൽ തുടർന്നും ചൂട് ശമിക്കുന്നതു വരെ ഉച്ചവിശ്രമം അനുവദിക്കണമെന്നാണ് തൊഴിലാളികൾ ആവശ്യപ്പെടുന്നത്. എന്നാൽ ഇതുവരെ ഇതുസംബന്ധിച്ച ഉത്തരവുകളൊന്നും മന്ത്രാലയം പുറപ്പെടുവിച്ചിട്ടില്ല.