ദുബായ്: കടുത്ത വേനൽച്ചൂടിൽ നിന്ന് പുറംജോലിക്കാരായ തൊഴിലാളികളെ സംരക്ഷിക്കുന്നതിനായി ഏർപ്പെടുത്തിയ ഉച്ചവിശ്രമം ഇന്ന് അവസാനിക്കും. അതേസമയം തൊഴിലാളികൾക്ക് ഉച്ചവിശ്രമം അനുവദിക്കണമെന്നുള്ള മന്ത്രാലയത്തിന്റെ നിർദ്ദേശം ലംഘിച്ച കമ്പനികൾ വളരെ കുറവാണെന്നാണ് റിപ്പോർട്ടുകൾ.

സമ്മർ ഉച്ചസ്ഥായിലെത്തിയപ്പോൾ ജൂൺ 30 മുതലാണ് ഉച്ചയ്ക്ക് 12.30 മുതൽ മൂന്നു വരെ പുറം ജോലിക്കാരായ തൊഴിലാളികൾക്ക് വിശ്രമം ഏർപ്പെടുത്താൻ മന്ത്രാലയം നിർദ്ദേശം പുറപ്പെടുവിച്ചത്. അന്തരീക്ഷോഷ്മാവ് 40 ഡിഗ്രിയിലും അധികമായതോടെ നിർമ്മാണ മേഖലയിലും മറ്റും ജോലി ചെയ്യുന്നവർക്ക് സംരക്ഷണമേകുക എന്നതായിരുന്നു ലക്ഷ്യം. ചൂട് ഏൽക്കുന്നതു മൂലം ശാരീരികാസ്വസ്ഥതകൾ ഉടലെടുക്കാൻ സാധ്യതയുള്ളതുകൊണ്ടാണ് തൊഴിലാളികൾക്ക് ഉച്ചവിശ്രമം അനുവദിച്ചത്.

ഉച്ചവിശ്രമം ഏർപ്പെടുത്തിയതു മൂലം ഒരു ലക്ഷത്തിലേറെ വർക്ക് സൈറ്റുകളിൽ പണിയെടുക്കുന്ന ലക്ഷക്കണക്കിന് തൊഴിലാളികൾക്കാണ് അതിന്റെ പ്രയോജനം ലഭിച്ചത്. അതേസമയം കമ്പനികൾ തൊഴിലാളികൾക്ക് കമ്പനികൾ ഉച്ചവിശ്രമം അനുവദിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താൻ മന്ത്രാലയം വർക്ക് സൈറ്റുകളിൽ കർശന പരിശോധനയും ഏർപ്പെടുത്തിയിരുന്നു. എന്നാൽ 98 ശതമാനം കമ്പനികളും മന്ത്രാലയത്തിന്റെ നിർദ്ദേശം പാലിച്ചിരുന്നുവെന്നും കഴിഞ്ഞ വർഷത്തെയെന്ന പോലെ ഈ വർഷവും സമ്മർ ബാൻ നിയമം ലംഘിച്ചവരുടെ എണ്ണം തീരെ കുറവായിരുന്നുവെന്നും  ലേബർ മിനിസ്ട്രി ഇൻസ്‌പെക്ടർ വെളിപ്പെടുത്തുന്നു.
ഉച്ചവിശ്രമം അനുവദിക്കാത്ത കമ്പനികൾക്ക് 15,000 ദിർഹം വരെ പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പും നൽകിയിരുന്നു. കനത്ത ചൂട് തൊഴിലാളികൾക്ക് ആരോഗ്യപ്രശ്‌നം സൃഷ്ടിക്കുന്നു എന്നു കണ്ടെത്തിയതിനെ തുടർന്ന് ഏതാനും വർഷങ്ങൾക്കു മുമ്പേ യുഎഇ ഉച്ചവിശ്രമം നടപ്പാക്കാൻ തുടങ്ങിയിരുന്നു.