- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മതം മാറുകയോ അല്ലെങ്കിൽ ജനിക്കുന്ന കുട്ടിയെ ക്രിസ്തു മതത്തിൽ ചേർക്കാമെന്ന് ഉറപ്പു നൽകുകയോ വേണം; അക്കാര്യം കുട്ടി ഉണ്ടാകുമ്പോൾ ആലോചിക്കാം എന്ന് പറഞ്ഞതോടെ തഞ്ചത്തിൽ കൂട്ടിക്കൊണ്ടു പോയി മർദ്ദനം; ഭാര്യാ സഹോദരനായ ഡോക്ടർക്കും പള്ളി വികാരിക്കും എതിരെ മിഥുൻ കൃഷ്ണന്റെ മൊഴി
തിരുവനന്തപുരം: ചിറയിൻകീഴിൽ പ്രണയവിവാഹത്തിന്റ പേരിൽ യുവാവിനെ തല്ലിച്ചതച്ച പ്രതിയായ ഡോക്ടർക്കും പള്ളി വികാരിക്കും എതിരെ മൊഴി. ദുരഭിമാന മർദ്ദനത്തിന് ഇരയായ മിഥുൻ കൃഷ്ണനാണ് പൊലീസിൽ മൊഴി നൽകിയത്. മതംമാറുകയോ അല്ലെങ്കിൽ ജനിക്കുന്ന കുട്ടിയെ ക്രിസ്തു മതത്തിൽ ചേർക്കാമെന്ന് ഉറപ്പ് നൽകുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടതായി മിഥുൻ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. ഭാര്യ ദീപ്തിയുടെ സഹോദരൻ കൂടിയായ ഡോക്ടർക്കു പുറമേ പള്ളിയിലെ വികാരിയും ഇക്കാര്യം ആവശ്യപ്പെട്ടതായാണ് മൊഴിയിലുള്ളത്.
പ്രണയിച്ച് വിവാഹം കഴിച്ചതിന് പിന്നാലെ ഭാര്യയുടെ സഹോദരൻ തല്ലിച്ചതച്ച മിഥുൻ കൃഷ്ണൻ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. സംസാരിക്കാൻ സാധിക്കുന്ന അവസ്ഥയായതോടെയാണ് ആറ്റിങ്ങൽ ഡിവൈഎസ്പി ആശുപത്രിയിലെത്തി മൊഴിയെടുത്തത്. പ്രതിയായ ഡോക്ടർ ഡാനിഷ് ജോർജിനും അരയതുരുത്തി ആൾ സെയ്ന്റ്സ് പള്ളി വികാരി ജോസഫ് പ്രസാദിനും എതിരെയാണ് മൊഴി.
രജിസ്റ്റർ വിവാഹത്തിന് പിന്നാലെ വിവാഹം നടത്തി തരാമെന്ന് പറഞ്ഞ് ഡാനിഷ് പള്ളിയിലേക്ക് വിളിച്ചുവരുത്തി. പട്ടികജാതി വിഭാഗത്തിലുള്ള മിഥുൻ ക്രിസ്തു മതം സ്വീകരിച്ചാൽ മാത്രമേ വിവാഹം നടത്താനാവൂവെന്നായിരുന്നു ആദ്യ ആവശ്യം. അത് നിരസിച്ചതോടെ ജനിക്കുന്ന കുഞ്ഞിനെ ക്രിസ്തു മതത്തിൽ ചേർക്കണമെന്ന് ആവശ്യപ്പെട്ടു. ഡാനിഷിന് പുറമെ പള്ളി വികാരിയും ഈ ആവശ്യം മുന്നോട്ട് വച്ചെന്നാണ് മൊഴി.
അക്കാര്യം കുട്ടിയുണ്ടാകുമ്പോൾ ആലോചിക്കാമെന്ന് പറഞ്ഞതോടെ പള്ളിയിലെ സംസാരം രമ്യമായി അവസാനിപ്പിച്ചു. അതിന് ശേഷം അമ്മയെ കണ്ടിട്ട് പോകാമെന്ന് പറഞ്ഞ് കാറിൽ കയറ്റി ഡാനിഷിന്റെ വീടിന്റെ സമീപത്തെത്തിച്ച ശേഷമാണ് മർദനത്തിലേക്ക് കടന്നതെന്നും മൊഴിയിലുണ്ട്.
നിലവിൽ പൊലീസെടുത്തിരിക്കുന്ന കേസിൽ മത പരിവർത്തന ശ്രമത്തിനോ ദുരഭിമാന മർദനത്തിനോ ഉള്ള വകുപ്പുകൾ ചുമത്തിയിട്ടില്ല. മിഥുന്റെ മൊഴി പരിശോധിച്ച് കൂടുതൽ വകുപ്പുകൾ ചേർക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഡിവൈഎസ്പി സുനീഷ് ബാബു വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ