മൈഗ്രെയ്ൻ ഉള്ള സ്ത്രീകൾക്ക് ഹൃദയാഘാതവും പക്ഷാഘാതവും വരാൻ സാധ്യത കൂടുതലാണെന്ന് ഗവേഷകർ. ഒരുലക്ഷത്തിലേറെ നഴ്‌സുമാരിൽ 20 വർഷം നീണ്ടുനിന്ന ഗവേഷണത്തിലൂടെയാണ് മൈഗ്രെയ്‌നും ഈ രോഗങ്ങളുമായുള്ള ബന്ധം വേർതിരിച്ചെടുത്തത്. മൈഗ്രെയ്ൻ ഉള്ളവർക്ക് ഹൃദ്രോഗവും പക്ഷാഘാതവും വരാനുള്ള സാധ്യത 50 ശതമാനത്തോളം കൂടുതലാണെന്നാണ് റിപ്പോർട്ട്.

മൈഗ്രെയ്ൻ ഉണ്ടെന്ന് തുടക്കത്തിലേ കണ്ടെത്തിയവരിൽ 39 ശതമാനത്തിനും ഹൃദ്രോഗത്തിനുള്ള സാധ്യതയുണ്ട്. 62 ശതമാനത്തിന് പക്ഷാഘാത സാധ്യതയും. ഹൃദ്രോഗ സംബന്ധമായ അസുഖങ്ങളെത്തുടർന്ന് മരിക്കാനുള്ള സാധ്യത ഇത്തരക്കാരിൽ 37 ശതമാനമാണ്.

കടുത്ത തലവേദനയും ക്ഷീണവും ഛർദിയുമൊക്കെയാണ് മൈഗ്രെയ്‌ന്റെ ലക്ഷണങ്ങൾ. മൈഗ്രെയ്ൻ ആണെന്ന് തിരിച്ചറിയുകയാണെങ്കിൽ ബ്ലഡ് പ്രഷർ കൂടി പരിശോധിക്കുകയാണ് വേണ്ടതെന്ന് ഗവേഷകർ പറയുന്നു. മുമ്പു നടന്ന പഠനങ്ങളിലും മൈഗ്രെയ്ൻ പക്ഷാഘാതത്തിന് കാരണമാകുമെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ അതിന് ഹൃദ്രോഗവുമായി ബന്ധമുണ്ടെന്ന് മനസ്സിലാക്കിയിരുന്നില്ല.

യു.എസ്. നഴ്‌സസ് ഹെൽത്ത് സ്റ്റഡിയാണ് ഇപ്പോഴത്തെ പഠനം നടത്തിയത്. 1989 മുതൽ 2011 വരെയുള്ള കാലയളവിൽ 115,541 പേരെയാണ് പഠനത്തിനായി നിരീക്ഷിച്ചത്. ഹൃദ്രോഗമോ മറ്റ് അസുഖങ്ങളോ ഇല്ലാത്ത 25-നും 42-നും മധ്യേ പ്രായമുള്ള സ്ത്രീകളെയാണ് പഠനത്തിനായി തിരഞ്ഞെടുത്തിരുന്നത്. പഠനം അവസാനിക്കുമ്പോൾ, നിരീക്ഷിക്കപ്പെട്ട 1329 സ്ത്രീകൾക്ക് ഹൃദ്രോഗമുണ്ടായിട്ടുണ്ട്. 223 പേർ ഹൃദ്രോഗത്തെത്തുടർന്ന് മരിക്കുകയും ചെയ്തു.