സൂറിച്ച്: ഇറ്റലിയിൽ നിന്ന് സ്യൂട്ട്‌കേസിൽ സ്വിറ്റ്‌സർലണ്ടിലേക്ക് കടക്കാൻ ശ്രമിച്ച 21കാരൻ ബോർഡർ ഉദ്യോഗസ്ഥരുടെ പിടിയിലായി. സ്വിസ് ട്രെയിൻ സ്റ്റേഷനിൽ വച്ചാണ് എറിത്രിയൻ വംശജനായ യുവാവ് പരിശോധനയ്ക്കിടെ ബോർഡർ പൊലീസിന്റെ പിടിയിലാകുന്നത്. മതിയായ യാത്രാരേഖകളില്ലാതെ യുവാവിനെ കടത്താൻ ശ്രമിച്ച സുഹൃത്തും പിടിയിലായിട്ടുണ്ട്.

ഇറ്റലിയിൽ നിന്ന് സ്വിറ്റ്‌സർലണ്ടിലേക്കുള്ള ട്രെയിനിലാണ് യുവാവ് അനധികൃതമായി കടക്കാൻ ശ്രമിച്ചത്. യാത്രാരേഖകളുള്ള സുഹൃത്തിന്റെ സഹായത്തോടെയാണ് എറിത്രിയൻ യുവാവ് സ്യൂട്ട്‌കേസിനുള്ളിൽ കയറിയിരുന്ന് സ്വിറ്റ്‌സർലണ്ടിലേക്ക് കടക്കാൻ പദ്ധതിയിടുകയായിരുന്നു. മിലാൻ സെൻട്രൽ സ്റ്റേഷനിൽ വച്ചുള്ള പരിശോധനയ്ക്കിടെയാണ് യുവാവ് പിടിയിലാകുന്നത്.

സ്വിസ്- ഇറ്റാലിയൻ ബോർഡർ ടൗണായ ഷിയാസോ ആയപ്പോൾ പരിശോധനകൾക്കായി ഗാർഡുകൾ ട്രെയിനുള്ളിൽ കയറുകയായിരുന്നു. പരിശോധന നടത്തവേ സ്യൂട്ട്‌കേസിന്റെ സംശയകരമായ ആകൃതിയും അമിത ഭാരവും മൂലം സ്യൂട്ട്‌കേസ് ട്രെയിനിൽ നിന്നു നീക്കം ചെയ്യുകയായിരുന്നു. പിന്നീട് മിലാൻ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിൽ സ്യൂട്ട്‌കേസ് എത്തിച്ച ശേഷം തുറന്ന ഉദ്യോഗസ്ഥർ കണ്ടത് യുവാവ് പുറത്തേക്ക് ഇറങ്ങിവരുന്നതായാണ്. അനധികൃതമായി കടക്കാൻ ശ്രമിച്ച എറിത്രിയൻ യുവാവും ഇതിനു കൂട്ടു നിന്ന സുഹൃത്തിനേയും ഉദ്യോഗസ്ഥർ തിരിച്ച് ഇറ്റലിയിലേക്ക് അയയ്ക്കുകയായിരുന്നു.

കുടിയേറ്റവും അഭയാർഥി പ്രവാഹവും ശക്തമായതോടെ രേഖകൾ ശരിയാക്കി ജോലി ചെയ്യുന്നതിനായി ഇറ്റലിയിൽ രണ്ടു വർഷത്തോളം അഭയാർഥികൾക്ക് കാത്തിരിക്കേണ്ടി വരാറുണ്ട്. ഇതുമൂലം പലരും അയൽരാജ്യങ്ങളിലേക്ക് കടക്കാൻ ശ്രമിക്കുന്നത് ഇപ്പോൾ പതിവായിരിക്കുകയാണ്.