- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് ബാധിച്ചവരും അല്ലാത്തവരുമായ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടം പുറത്തുനിന്ന് പൂട്ടി; വിശപ്പ് സഹിക്കാതെ റോഡിലേക്ക് കണ്ണുനട്ട് 160 തൊഴിലാളികൾ; ആശ്വാസം വല്ലപ്പോഴും ഭക്ഷണം തൊട്ടിയിലാക്കി വലിച്ചുകയറ്റി നൽകുന്നത്; ക്രൂരത കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്തിൽ
കോഴിക്കോട്: ഇതര സംസ്ഥാന തൊഴിലാളികളോട് അധികൃതരുടെ കൊടുംക്രൂരത. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചങ്ങരോത്ത് പഞ്ചായത്തിലെ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന നാല് കെട്ടിടങ്ങൾ അധികൃതർ പുറത്തുനിന്ന് പൂട്ടിയിട്ടു. രോഗം സ്ഥിരീകരിച്ചവരും അല്ലാത്തവരുമായ് നിരവധി പേരെയാണ് ഒരുമിച്ച് പൂട്ടിയിട്ടത്.
രോഗമുള്ളവരെയും ഇല്ലാത്തവരെയും ഒരേ കെട്ടിടത്തിൽ നിർത്തി പുറമെ നിന്ന് പൂട്ടി താക്കോൽ കെട്ടിട ഉടമകളുടെ കൈയിൽ സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞവർഷം കോവിഡ് കാലത്ത് നാട്ടിൽ പോകണമെന്നു പറഞ്ഞ് തൊഴിലാളികൾ റോഡിലിറങ്ങി ബഹളംവെച്ച പാറക്കടവിലെ കെട്ടിടവും ഇക്കൂട്ടത്തിലുണ്ട്. ബാക്കി മൂന്ന് കെട്ടിടങ്ങൾ ചെറിയകുമ്പളത്താണ്.
ഏതാനും ദിവസങ്ങൾക്കു മുൻപ് ഇവിടെ കോവിഡ് ടെസ്റ്റ് നടത്തിയിരുന്നു. 160 പേരെ പരിശോധിച്ചതിൽ 28 പേർ പോസിറ്റീവായിരുന്നെന്നാണ് പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ഉൾപ്പെടെ പറയുന്നത്. ഇതിൽ 20 പേർ താമസിക്കുന്നത് പാറക്കടവിലെ കെട്ടിടത്തിലാണ്. ഈ കെട്ടിടത്തിൽ ഇവരെ കൂടാതെ രോഗമില്ലാത്ത 62 പേർ കൂടിയുണ്ട്.
ബാക്കിയുള്ള കെട്ടിടങ്ങളിലെ കോവിഡ് സ്ഥിരീകരിച്ചവരും ഇല്ലാത്തവരും ഉൾപ്പെടെയാണ് 160 പേരുള്ളത്. ഇവർ പുറത്തിറങ്ങാതിരിക്കാനാണ് ഒരുമിച്ച് അടച്ചുപൂട്ടിയതെന്നാണ് അധികൃതർ പറയുന്നത്. പൊലീസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെയാണ് ഇത് ചെയ്തത്.
പൂട്ടിയിട്ടതിന് പുറമെ ഭക്ഷണ കാര്യത്തിലോ ആരോഗ്യകാര്യത്തിലോ അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്നും പരാതിയുണ്ട്.
ഭക്ഷണത്തിനായി ഹോട്ടലിൽ വിളിച്ചു പറയുകയാണ് പതിവെന്ന് തൊഴിലാളികൾ പറയുന്നു. ഹോട്ടലുകൾ ഇവർക്ക് എത്തിച്ചു നൽകുന്ന ഭക്ഷണം തൊട്ടിയിലാക്കി മുകളിലേക്കു വലിച്ചു കയറ്റുകയാണ് ചെയ്യുന്നതെന്ന് പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തുന്നു. പൂട്ടിയിട്ട സാഹചര്യത്തിൽ ഭക്ഷണം കെട്ടിട ഉടമ കൊടുക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
എന്നാൽ കയ്യിൽ നിന്ന് കാശുമുടക്കി കഴിക്കണമെന്നാണ് നിർദ്ദേശം. രോഗികളായവർ ഒരു നിലയിലും അല്ലാത്തവർ രണ്ടാമത്തെ നിലയിലും കഴിയുകയാണെന്നും ഭക്ഷണത്തിന് സംവിധാനം ഒരുക്കിയിട്ടുണ്ടെന്നുമാണ് കെട്ടിട ഉടമ പ്രതികരിച്ചത്. അതേസമയം പുറത്തിറങ്ങാൻ കഴിയാത്ത തൊഴിലാളികൾ രണ്ടു നിലകളുടെയും മുൻഭാഗത്ത് വന്ന് റോഡിലേക്ക് നോക്കി ഭക്ഷണത്തിനുൾപ്പെടെ ആവശ്യപ്പെടുന്നത് പതിവ് കാഴ്ചയാണ്.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.