- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡിൽ പാവപ്പെട്ടവർ അന്നംമുട്ടി വിഷമിക്കുമ്പോൾ അതിഥി തൊഴിലാളികൾക്കായി വിതരണം ചെയ്ത ഭക്ഷ്യ കിറ്റുകൾ വഴിയിൽ ഉപേക്ഷിച്ച നിലയിൽ; കടലയും പരിപ്പും വെളിച്ചെണ്ണയും അടക്കം സാധനങ്ങൾ എല്ലാം ഉപയോഗയോഗ്യം; കിറ്റുകൾ കണ്ടെത്തിയത് പെരുമ്പാവൂർ വാത്തിയാത്ത് ആശുപത്രിക്ക് സമീപം
പെരുമ്പാവൂർ: അതിഥി തൊഴിലാളികൾക്കായി ഭക്ഷ്യവകുപ്പ്, തൊഴിൽ വകുപ്പുമുഖേന വിതരണം ചെയ്ത ഭക്ഷ്യക്കിറ്റ് പാതയോരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹിക മാധ്യമങ്ങൾ വഴിയാണ് പെരുമ്പാവൂരിൽ വാത്തിയാത്ത് ആശുപത്രിക്ക് മുന്നിൽ പാതയോരത്ത് ഭക്ഷ്യകിറ്റ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ വിവരം പുറത്തുവന്നത്.
കടല, പരിപ്പ്, വെളിച്ചെണ്ണ തുടങ്ങി ഭക്ഷ്യകിറ്റിലെ ഒട്ടുമിക്ക സാധനങ്ങളും ഉപയോഗയോഗ്യമായിരുന്നെന്ന് പരിശോധനയിൽ വ്യക്തമായതായും വിഡിയോ ദൃശ്യത്തിൽ വിവരിക്കുന്നുണ്ട്. കിറ്റുകൾ ഇതരസംസ്ഥാന തൊഴിലാളികൾ ഉപേക്ഷിച്ചതാണെന്ന തരത്തിലായിരുന്നു വീഡിയോ പുറത്തുവിട്ടവരുടെ പ്രതികരണം.
ആശുപത്രിക്കടുത്ത് ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളുണ്ട്. ഇവിടെ താമസിക്കുന്നവരാകാം കിറ്റ് ഉപേക്ഷിച്ചതെന്നാണ് വ്യാപകമായിട്ടുള്ള വിവരം. ഇക്കാര്യത്തിൽ ഇനിയും സ്ഥിരീകരണമായിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിയെന്നും ഭക്ഷ്യവകുപ്പ് തൊഴിൽ വകുപ്പിന് വിതരണത്തിനായി നൽകിയ കിറ്റുകളാണ് കണ്ടെത്തിയിട്ടുള്ളതെന്നും ജില്ലാ സപ്ലൈ ഓഫീസർ മറുനാടനോട് സ്ഥിരീകരിച്ചു.
സംഭവം ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ കുന്നത്തുനാട് താലൂക്ക് സപ്ലൈ ഓഫീസറോട് അന്വേഷിക്കാൻ നിർദ്ദേശിച്ചിരുന്നു. ഇതെത്തുടർന്നാണ്് കിറ്റുകൾ ഇതരസംസ്ഥാന തൊഴിലാളികൾക്ക് നൽകിയതാണെന്ന് സ്ഥിരീകരിച്ചത്, അദ്ദേഹം കൂട്ടിച്ചേർത്തു. ഏതുസാഹചര്യത്തിലാണ് ഇവർ ഇത് ഉപേക്ഷിച്ചതെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. സാധാരണ ചപ്പാത്തിയും ഉരുളക്കിഴങ്ങ് കൂടുതൽ ചേർത്ത കറികളുമാണ് പൊതുവെ ഇതരസംസ്ഥാനത്തൊഴിലാളികൾ കൂടുതലായി ഉപയോഗിച്ചുവരുന്നതെന്നാണ് നാട്ടുകാരിൽ നിന്നും സപ്ലൈ വകുപ്പ് ഉദ്യോഗസ്ഥർക്ക് ലഭിച്ച വിവരം.
ഈ സാഹചര്യത്തിൽ തങ്ങൾക്ക് പ്രയോജനമില്ലന്ന് വ്യക്തമായ സാഹചര്യത്തിൽ ഇവരിൽ ചിലർ കിറ്റ് ഉപോക്ഷിച്ചതാവാമെന്നാണ് ഉദ്യോഗസ്ഥ സംഘത്തിന്റെ വിലയിരുത്തൽ. ഭക്ഷ്യവകുപ്പ് കിറ്റുകൾ തയ്യാറാക്കി തൊഴിൽവകുപ്പിന് കൈമാറുകയായിരുന്നു. അസിസ്റ്റന്റ് ലേബർ ഓഫീസർമാരുടെ നേതൃത്വത്തിലാണ് ഈ കിറ്റുകൾ ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിലെത്തിച്ച് വിതരണം ചെയ്തത്.
കോവിഡ് പശ്ചാത്തലത്തിൽ നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ വഴിയില്ലാതെ സാധാരണക്കാർ വിഷമിക്കുമ്പോൾ ഇതരസംസ്ഥാന തൊഴിലാളികളുടെ ഭാഗത്തുനിന്നുണ്ടായ ഈ നീക്കം കനത്ത പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്.
മറുനാടന് മലയാളി ലേഖകന്.