- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പന്തളത്ത് ഇതര സംസ്ഥാന തൊഴിലാളി മരിച്ച നിലയിൽ; ശരീരത്തിൽ ക്ഷതമേറ്റ പാടുകൾ; രണ്ട് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു
പത്തനംതിട്ട: പന്തളം സ്വകാര്യ ബസ്റ്റാൻഡിന് സമീപം ഇതരസംസ്ഥാന തൊഴിലാളിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പശ്ചിമബംഗാൾ മാണ്ഡ സ്വദേശി ഫനീന്ദ്ര ദാസിനെയാണ് (45) മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളുടെ ശരീരത്തിൽ ക്ഷതമേറ്റ പാടുകളുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ബസ്റ്റാൻഡിന് സമീപം പുല്ലുവളർന്ന് നിൽക്കുന്ന പ്രദേശത്ത് കമഴ്ന്ന് കിടന്ന നിലയിലാണ് ഫനീന്ദ്ര ദാസിന്റെ മൃതദേഹം കണ്ടെത്തിയത്. തലയിലും മുഖത്തും കാലിലും ക്ഷതമേറ്റ പാടുകളുണ്ടായിരുന്നു. മൃതദേഹത്തിന് സമീപത്ത് നിന്ന് ഒരു കല്ല് കണ്ടെത്തി.
ഇയാൾ ധരിച്ചിരുന്നതെന്ന് കരുതുന്ന ചെരുപ്പുകളും കണ്ടെത്തിയിട്ടുണ്ട്. സ്ഥലത്ത് മൽപ്പിടിത്തം നടന്നതിന്റെ ലക്ഷണങ്ങളുമുണ്ട്. സ്ഥലത്തെത്തിയ പൊലീസ് നായ ഓടിക്കയറിയത് സമീപത്തെ ബാർ ഹോട്ടലിനടുത്ത് ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്തേക്കാണ്. ഇവിടെ താമസിക്കുന്ന രണ്ട് പേരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. സമീപത്തെ സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്.
നഗരസഭാ ഓഫീസിലെ സിസിടിവി ദൃശ്യങ്ങളിൽ ബാഗുമായി ഒരാൾ ബാർ ഹോട്ടലിന് സമീപത്തേക്ക് നടന്ന് പോകുന്നത് കാണാം. ഫനീന്ദ്രദാസിനൊപ്പം താമസിച്ചിരുന്ന ഒരാളെ ഇന്നലെ മുതൽ കാണാതായിട്ടുണ്ട്. ഇയാൾക്കൊപ്പം ജോലി ചെയ്തിരുന്നവർ, ഒപ്പം താമസിച്ചിരുന്നവർ, കരാറുകാരൻ എന്നിവരെ പൊലീസ് ചോദ്യംചെയ്തുവരികയാണ്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം നാളെ കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടം നടത്തും.
മറുനാടന് മലയാളി ബ്യൂറോ