കാലിഫോർണിയ സിറ്റി: മുൻ ലോക ഹെവിവെയ്റ്റ് ബോക്സിങ് ചാമ്പ്യൻ മൈക്ക് ടൈസണെ അറിയാത്തവർ ചുരുക്കമാകും. എന്നാൽ ബോക്സിങ് ഇതിഹാസത്തിന്റെ പുതിയ സംരംഭത്തെക്കുറിച്ച് അധികം പേർ അറിയാൻ വഴിയില്ല. കാലിഫോർണിയയിൽ 40 ഏക്കർ സ്ഥലത്ത് കഞ്ചാവ് കൃഷി ആരംഭിക്കാനാണ് മൈക്ക് ടൈസൺ ഒരുങ്ങുന്നത്. കാലിഫോർണിയയിൽ കഞ്ചാവ് വ്യാപാരം നടത്താനുള്ള തയ്യാറെടുപ്പിലാണ് ടൈസണെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നു മാത്രമല്ല കഞ്ചാവ് കൃഷികളിലെ പുതിയ രീതികൾ പഠിപ്പിക്കാൻ ടൈസൺ കൾട്ടിവേഷൻ സ്‌കൂളും ആരംഭിക്കും.

കഞ്ചാവ് നിയമവിധേയമാക്കാൻ കാലിഫോർണിയയിലെ ഗോൾഡൻ സ്റ്റേറ്റ് തീരുമാനിച്ചതോടെയാണ് ടൈസന്റെ രംഗപ്രവേശം. കഞ്ചാവ് കൃഷി ചെയ്യുന്നത് ചികിത്സാവശ്യങ്ങൾക്കായതുകൊണ്ട് സർകാറിന്റെ പിന്തുണയും ടൈസണുണ്ട്. കാലിഫോർണിയ നഗരത്തിൽ ഒരു കഞ്ചാവ് റിസോർട്ട് പണിയാനുള്ള പ്രാഥമിക കാര്യങ്ങളിലാണ് ടൈസണും പങ്കാളികളും. ടൈസൺ റാഞ്ച് എന്നുപേരിട്ട കൃഷിഭൂമിയിൽ ഇതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. കഞ്ചാവ് വളർത്താൻ താൽപര്യമുള്ളവർക്ക് ടൈസന്റെ ഈ ഫാം പ്രയോജനപ്പെടുത്താം. കഞ്ചാവിന്റെ മെഡിസിനൽ ഉപയോഗത്തിൽ വിശ്വസിക്കുന്ന വ്യക്തിയാണ് ഈ മുൻ ബോക്സർ.

അതുകൊണ്ട് തന്നെ കഞ്ചാവിന്റെ മെഡിസിനൽ ഉപയോഗത്തെക്കുറിച്ച് ഗവേഷണം നടത്താനുള്ള സൗകര്യങ്ങളും ഇവിടെ ഒരുക്കും. മിലിറ്ററി സേവനത്തിനിടെ മാനസികമായ ബുദ്ധിമുട്ടുകൾ അനുഭവിച്ച സ്ത്രീകൾക്കും പുരുഷന്മാർക്കും ചികിത്സയും നൽകും. 21 വയസ്സിന് മുകളിലുള്ളവർക്ക് കഞ്ചാവ് ഉത്പന്നങ്ങൾ വിൽക്കാൻ അനുമതി നൽകിയ ആറാമത്തെ യുഎസ് നഗരമാണിത്. മൈക്ക് ടൈസന്റെ സംരംഭത്തിൽ കാലിഫോർണിയ സിറ്റി മേയർ ജെന്നിഫർ വുഡും പങ്കാളിയാണ്,

ടൈസന്റെ കഞ്ചാവ് കൃഷിയെ പ്രകീർത്തിച്ച് കാലിഫോർണിയ മേയർ ജെന്നിഫർ വുഡ് രംഗത്തെത്തി. പദ്ധതിയിലൂടെ മെഡിക്കൽ ആവശ്യങ്ങൾക്കായി കഞ്ചാവ് ലഭ്യമാക്കാമെന്നും. ഇതിലൂടെ ഒരുപാട് പേർക്ക് ജോലിയും വരുമാനവും ലഭിക്കുമെന്നും മേയർ പറഞ്ഞു.

നേരത്തെ കഞ്ചാവ് ഉപഭോഗം കാലിഫോർണിയ നഗരത്തിൽ നിയമ വിധേയമാക്കിയിരുന്നു. എന്നാൽ എല്ലാ നഗരങ്ങളിലും ഈ വിട്ടുവീഴ്‌ച്ചയില്ല. ന്യൂയോർക്ക് അടക്കമുള്ള നഗരങ്ങളിൽ കഞ്ചാവ് കൈവശം വെക്കുന്നതടക്കം ഫെഡറൽ കുറ്റമാണ്.