വിക്ലോ:  അകാലത്തിൽ പൊലിഞ്ഞ് അയർലണ്ടിലെ മലയാളി സമൂഹത്തിനിടയിൽ തീരാവേദനയായി മാറിയ മിലൻ മാർട്ടിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി... വ്യാഴാഴ്ച ബ്ലൂ മൗണ്ട് ആശുപത്രിയിൽ വച്ച് മസ്തിഷ്‌ക മരണം സംഭവിച്ച മിലന് കുടുംബാഗംങ്ങളും സഹപാഠികളും ഐറിഷ് മലയാളികളും വേദനയോടെ യാത്രയയപ്പ് നൽകി.  മൃതദേഹം റാത്ത് ന്യൂ സെമിത്തേരിയിൽ സംസ്‌കരിച്ചു.

രാവിലെ മൃതദേഹം പൊതു ദർശനത്തിനു വച്ചപ്പോൾ മലയാളികളും ഐറിഷ് മലയാളികളുമുൾപ്പടെ നൂറുകണക്കിന്  ആളുകളാണ് മിലന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയത്.  പിന്നീട് പള്ളിയിലേക്കുള്ള യാത്രയിലും നൂറുകണക്കിന് ആളുകളാണ് മൃതപേടകത്തെ അനുഗമിച്ചത്.  പള്ളിയൽ വച്ച് മിലൻ പഠിച്ചിരുന്ന കൊളാഷ്‌ക െ്രെകബ സ്‌കൂളിലെ വിദ്യാർത്ഥികൾ സ്‌കൂൾ യൂണിഫോമിൽ ഇരു വശങ്ങളിലും നിരന്ന് ഗാർഡ് ഓഫ് ഓണർ നൽകി.  

ഫാ: ആന്റണി ചീരംവേലിൽ ,  ഫ; ജോസ് ഭരണിക്കുളങ്ങര, ഫ ; ഡോണൽ റോച്ച് എന്നിവർ ചേർന്ന് മിലന്റെ ശരീരത്തെ വിശുദ്ധീകരിക്കാനുള്ള അനുഗ്രഹ പ്രാർത്ഥനയർപ്പിച്ചതോടെയാണ് വിലാപയാത്ര പള്ളിയിലേക്ക് പുറപ്പെട്ടത്.  ഫാ: ജോസ് ഭരണികുളങ്ങര, മോൺസിഞ്ഞോർ ഫാ. ആന്റണി പെരുമായൻ, ഫാ. ആന്റണി ചീരംവേലിൽ, ഫാ.ജോർജ്ജ് അഗസ്റ്റിൻ തുടങ്ങിയവർക്കൊപ്പം ഐറിഷ് വികാരി ഫാ: ഡോണൽ റോച്ച് എന്നിവർ സംസ്‌കാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. ലത്തീൻ ക്രമത്തിലാണ് തിരുകർമങ്ങൾ ആരംഭിച്ചത്.

പ്രാർത്ഥനകൾ 11 മണിക്ക് ആരംഭിച്ച് 12 :  30ന് അവസാനിച്ചു.  മിലന് ഇഷ്ടപ്പെട്ട വസ്തുക്കൾ കുർബാന മധ്യേ കാഴ്ചയായി സമർപ്പിച്ചു. മിലന്റെ മൊബൈൽഫോൺ വാച്ച് ക്യാമറ എന്നിവയെല്ലാം കാഴ്ചയായി അർപ്പിക്കപ്പെട്ട വസ്തുക്കളിൽ പെടുന്നു. മിലനെ അടക്കാനായി സെന്റ് പാട്രിക് ചർച്ചിൽ കുടുംബ കല്ലറ വാങ്ങിയിരുന്നു.

മൃതദേഹം അടക്കുന്നതിനു മുൻപ് മാർട്ടിൻ കുടുംബത്തിന്റെ അയൽവാസി ഹിലരി നന്ദി പറഞ്ഞു.  മലയാളി സമൂഹത്തിനു വേണ്ടി മാർട്ടിൻ കുടുംബത്തിന്റെ ഉറ്റ സുഹൃത്ത് രാജേഷ് ഉണ്ണിത്താൻ ഏവർക്കും നന്ദി അർപ്പിച്ചു.

ചങ്ങനാശ്ശേരി കട്ടപ്പന പോളയ്ക്കൽ മാർട്ടിൻ വർഗ്ഗീസിന്റേയും ആൻസിയുടേയും മകനായ മാർട്ടിൻ തിങ്കളാഴ്ച ഉച്ചയ്ക്ക് സ്‌കൂളിൽ കളിച്ചു കൊണ്ടിരിക്കേ ബോധം കെട്ടു വീഴുകയായിരുന്നു.  ഉടൻ തന്നെ ക്രംലിൽ ഹോസ്പിറ്റലിലും പിന്നീട് ബ്ലൂമോണ്ട് ആശുപത്രയിലും എത്തിച്ചെങ്കിലും മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. തലച്ചോറിലെ ഞരമ്പുകൾ ദുർബലമാക്കി പൊട്ടിക്കുന്ന ധമനി വീക്കം എന്ന അവസ്ഥയാണ് മരണ കാരണം എന്നാണ് റിപ്പോർട്ടുകൾ.