ശ്രീനഗർ: ജമ്മു കാശ്മീരിൽ ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് കൂടുതൽ സ്വീകാര്യത കിട്ടുന്നുണ്ടെന്ന ആശങ്കയിലാണ് അധികൃതർ. ഭീകര സംഘടനകളിൽ ചേരുന്നവരുടെയും അവർക്ക് സഹായം നൽകുന്നുവരുടെയും എണ്ണത്തിൽ വർധനയുണ്ടെന്നും രഹസ്യാന്വേഷണ ഏജൻസികൾ സൂചിപ്പിക്കുന്നു. അധികൃതരുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെടുന്ന ഭീകരപ്രവർത്തകരുടെ ശവസംസ്‌കാരത്തിന് ജനക്കൂട്ടം ഒഴുകിയെത്തുന്നതിനെയും ആശങ്കയോടെയാണ് അധികൃതർ കാണുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

ഭീകര സംഘടനകളിൽ അംഗമാകുന്നവരോട് സംസ്ഥാനത്തെ ജനങ്ങൾക്ക് അനുഭാവം കൂടുകയാണെന്നാണ് റിപ്പോർട്ടുകൾ. ആക്രമണത്തിൽ കൊല്ലപ്പെടുന്നവർക്ക് രക്തസാക്ഷി പരിവേഷമാണ് ലഭിക്കുന്നത്. സുരക്ഷാ സേനയും ഭീകരരുമായി ആക്രമണം നടന്നയിടങ്ങളിൽ ജനക്കൂട്ടം പ്രതിഷേധപ്രകടനം നടത്തുന്ന രീതിയും ഇപ്പോൾ വർധിച്ചുവരുന്നുണ്ട്. ഭീകര സംഘടനകളിലേക്ക് ചെറുപ്പക്കാരെ റിക്രൂട്ട് ചെയ്യുന്നതും മുമ്പത്തെക്കാളധികം വർധിച്ചിട്ടുണ്ട്.

ഭീകര സംഘടനകൾക്കും അതിലെ അംഗങ്ങൾക്കുമുള്ള പ്രാദേശികമായ പിന്തുണ ജമ്മു കാശ്മീരിൽ കുറഞ്ഞിരിക്കുകയായിരുന്നു. എന്നാൽ, പാർലമെന്റ് ആക്രമണക്കേസ്സിലെ സൂത്രധാരൻ അഫ്‌സൽ ഗുരുവിനെ 2013 ഫെബ്രുവരിയിൽ തൂക്കിലേറ്റിയതോടെയാണ് കാര്യങ്ങൾ പുതിയ ദിശയിലേക്ക് തിരിഞ്ഞത്. അതോടെ ഭീകരരുടെ ഇടപെടൽ വീണ്ടും ശക്തമായി.

ജമ്മു കാശ്മീരിൽ മാത്രമല്ല, പഞ്ചാബിലും ചാവേറാക്രമങ്ങൾ ഉൾപ്പെടെ പുനരാരംഭിച്ചത് ഇതോടെയാണ്. അഫ്‌സൽ ഗുരുവിന്റെ വധശിക്ഷയുമായി ബന്ധപ്പെട്ട സൂചനകൾ ആക്രമണങ്ങളിൽനിന്ന് ലഭിക്കുകയും ചെയ്തുവെന്ന് അധികൃതർ സമ്മതിക്കുന്നു. പഠാൻ കോട്ട് വ്യോമതാവളത്തിനുനേരെ നടന്ന ഭീകരാക്രമണത്തിനുശേഷം ലഭിച്ച കുറിപ്പിൽ അഫ്‌സൽ ഗുരുവിന്റെ വധശിക്ഷയ്ക്കുള്ള പ്രതികാരമാണിതെന്ന് രേഖപ്പെടുത്തിയിരുന്നു.

ഭീകര സംഘടനയിൽ ചേരുന്നത് തൊഴിലില്ലാത്ത യുവാക്കൾ മാത്രമല്ല എന്നതാണ് വേറൊരു പ്രത്യേകത. ജമ്മു കാശ്മീർ പൊലീസിൽ ജോലിയുള്ളവർ പോലും ഔദ്യോഗിക ആയുധങ്ങളുമായി മുങ്ങുകയും ഭീകര സംഘടനയിൽ ചേരുകയും ചെയ്യുന്ന സ്ഥിതിവിശേഷമുണ്ട്. അടുത്തിടെ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരിൽ ഒരാൾ ഇത്തരത്തിൽ ഭീകരനായി മാറിയ പൊലീസുകാരനായിരുന്നു.

അഫ്‌സൽ ഗുരുവിന്റെ വധശിക്ഷയെ കാശ്മീരികളോടുള്ള അനീതി എന്ന നിലയിൽ തിരിച്ചുവിടുന്നതിൽ പാക് ചാരസംഘടനയായ ഐഎസ്‌ഐ വിജയിച്ചിട്ടുണ്ടെന്ന് അധികൃതർ തന്നെ സമ്മതിക്കുന്നു. കൂടുതൽ യുവാക്കൾ ഭീകര സംഘടനകളിൽ ചേരുന്നതും സുരക്ഷാ സേനകൾക്കെതിരായ പ്രതിഷേധം ശക്തമാകുന്നതു അതിന്റെ ഭാഗമായാണ്. കാശ്മീർ പ്രശ്‌നത്തെ വീണ്ടും ആഗോളതലത്തിൽ മുന്നിലേക്ക് കൊണ്ടുവരാൻ പാക്കിസ്ഥാന് ഇതിലൂടെ സാധിക്കുന്നുണ്ടെന്നും അധികൃതർ സമ്മതിക്കുന്നു.