- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അള്ളാഹു അക്‌ബർ വിളിച്ച് ഫുട്ബോൾ കോർട്ടിൽ നിരനിരയായി നിർത്തി തലവെട്ടിയത് 50 പേരെ; മൊസാബിക്കിൽ ഇസ്ലാമിക തീവ്രവാദികളുടെ നരഹത്യയിൽ പകച്ച് ലോകം; അൽഷബാബ് പോലുള്ള തീവ്രവാദ സംഘടനകൾക്ക് വേണ്ടത് പ്രകൃതി വിഭവങ്ങൾ; 'ബ്ലഡ് ഡയമണ്ടിന്റെ' പേരിൽ തീവ്രവാദം ആഫ്രിക്കയെ ചോരക്കളമാക്കുമ്പോൾ
കെയ്റോ: രത്നവും മരതകവും പ്രകൃതിവാതകവും പെട്രോളിയവുമെല്ലാം ഉണ്ടായിട്ടും പട്ടിണിയും ഭീകരതയും മാത്രമുള്ള നാട്. ആഫ്രിക്കയിൽ കോഗോ തൊട്ട് മൊസാബിക്ക്വരെയുള്ള രാജ്യങ്ങളുടെ വിധി അങ്ങനെയാണ്. 'ബ്ലഡ് ഡയമണ്ടസ്' എന്നാണ് ഈ രാജ്യങ്ങളിലെ വജ്രങ്ങൾക്ക് പറയുക തന്നെ. കാരണം ഇവക്കായി ചോരപ്പുഴയാണ് ഈ നാട്ടിൽ ഒഴുകിയത്. ടാൻസാനിയയുമായി അതിർത്തി പങ്കിടുന്ന മൊസാംബിക്കിന്റെ വടക്കൻ സംസ്ഥാനത്ത് ഇസ്ലാമിക തീവ്രവാദികൾ 50 പേരെ കഴുത്തറുത്തുകൊന്നതാണ് ഏറ്റവും പുതിയ സംഭവം. തീവ്രവാദികൾ ഒരു ഫുട്ബോൾ മൈതാനം വധശിക്ഷാ കേന്ദ്രമാക്കി മാറ്റുകയായിരുന്നെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. അള്ളാഹു അക്‌ബർ വിളിച്ചെത്തിയ അവർ നിരനിരയായി ആളുകളെ നിർത്തി വെട്ടുകയായിരുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച നടന്ന സംഭവത്തിന്റെ വിശദാംശങ്ങൾ ഇപ്പോഴാണ് പറുത്തുവരുന്നത്. അൽഷബാബ് എന്ന ഇസ്ലാമിക തീവ്രാവാദ സംഘടന ആരോപിക്കുന്നതുകൊല്ലപ്പെട്ടവർ ഒറ്റുകാർ ആണെന്നാണ്.
2017 മുതൽ ഈ പ്രദേശത്ത് ഇസ്ലാമിക തീവ്രവാദികളുടെ സ്വാധീനത്തിലാണ്. പെട്രോളിയം ഗ്യാസ്, മരതക ഖനന വ്യവസായങ്ങളാൽ സമ്പന്നമായ കാബോ ഡെൽഗഡോ പ്രവിശ്യയുടെ ഭാഗമായ ഈ പ്രദേശത്ത് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇസ്ലാമിക തീവ്രവാദികൾ നടത്തിയ ഏറ്റവും വലിയ അക്രമണമാണിതെന്ന് റിപ്പോർട്ടുകൾ പറയുന്നു. കഴിഞ്ഞ മൂന്ന് വർഷമായി നടക്കുന്ന ഇസ്ലാമിക തീവ്രവാദികളുടെ നിരന്തരമായ അക്രമണത്തിൽ ഇതുവരെയായി രണ്ടായിരത്തോളം ആളുകൾകൊല്ലപ്പെടുകയും 4,30,000 പേർക്ക് വീട് നഷ്ടപ്പെടുകയും ചെയ്തെന്നാണ് റിപ്പോർട്ടുകൾ.
മൊസാംബിക്കിൽ നിന്നുള്ളത് ഭീതിയുടെ കാഴ്ചകൾ
കഴിഞ്ഞ ഏതാനും ദിവസങ്ങളായി വടക്കൻ മൊസാംബിക്കിലെ കാബോ ഡെൽഗഡോ പ്രവിശ്യയിലെ നിരവധി ഗ്രാമങ്ങളിൽ ഇസ്ലാമിക തീവ്രവാദികൾ ആക്രമണം നടത്തിയതായും അമ്പതിലധികം പേരെ കഴുത്തറുത്തുകൊന്നതായും പ്രവിശ്യാ മാധ്യമങ്ങളും പൊലീസും പറഞ്ഞു. 'അവർ വീടുകൾക്ക് തീയിട്ടു, തുടർന്ന് കാട്ടിലേക്ക് ഓടിപ്പോയ ആളുകളെ വേട്ടയാടി പിടിച്ച് കൊണ്ട് വന്ന് അവരുടെ ക്രൂരമായ നടപടി ആരംഭിക്കുകയായിരുന്നു. ' -ഒരു പൊലീസ് ഉദ്യോഗസ്ഥൻ പത്രസമ്മേളനത്തിൽ പറഞ്ഞെന്ന് ഡിഡ്യു ഡോട്ട് കോം റിപ്പോർട്ട് ചെയ്തു. തീവ്രവാദികൾ സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോയതായും റിപ്പോർട്ടുണ്ട്.
തുടർന്ന് തീവ്രവാദികൾ ഗ്രാമത്തിൽ ഉറങ്ങിക്കിടന്ന രണ്ട് പേരുടെ കഴുത്തറുക്കുകയും സ്ത്രീകളെ തട്ടിക്കൊണ്ട് പോവുകയും ചെയ്തു. പിന്നീട് അക്രമികളിൽ പ്രത്യേക സംഘം സമീപത്തെ മുഅതൈഡ് ഗ്രാമത്തിലേക്ക് നീങ്ങി.അവിടെ ഉറങ്ങിക്കിടക്കുകയായിരുന്ന ഗ്രാമവാസികളെ വിളിച്ചുണർത്തി. എന്നാൽ അക്രമികളെ കണ്ട് ഭയന്നോടാൻ ശ്രമിച്ച അമ്പതോളം ഗ്രാമവാസികളെ വേട്ടയാടി പിടിച്ച് സമീപത്തെ ഫുട്ബോൾ ഗ്രൌണ്ടിലേക്ക് കൊണ്ടുവന്നു.തുടർന്ന് വെള്ളിയാഴ്ച രാത്രി മുതൽ ഞായറാഴ്ച വരെ നടത്തിയ അതിക്രൂരമായ അക്രമണ പരമ്പരകൾക്ക് ശേഷം ഗ്രാമവാസികളെ കഴുത്തറുത്തും വെട്ടിയും കൊല്ലുകയായിരുന്നെന്ന് സ്വകാര്യ വാർത്താ ചാനലായ പിനങ്കിൾ ന്യൂസ് റിപ്പോർട്ട് ചെയ്തതായി ബിബിസി റിപ്പോർട്ട് ചെയ്തു.
രാജ്യത്ത് വർദ്ധിച്ച് വരുന്ന ഇസ്ലാം തീവ്രവാദത്തെ പ്രതിരോധിക്കാൻ മൊസാംബിക്ക് സർക്കാർ അന്താരാഷ്ട്ര സഹായം അഭ്യർത്ഥിച്ചു. എന്നാൽ, മൊസാംബിക്ക് സൈനീകർക്ക് നേരെയും നിരവധി മനുഷ്യാവകാശ ലംഘനങ്ങൾ ആരോപിക്കപ്പെടുന്നുണ്ട്. കലാപം അടിച്ചമർത്താനെന്ന പേരിൽ കാബോ ഡെൽഗഡോയിലെ ഒരു ഗ്രാമത്തിന് നേരെ വെടിവെപ്പ് നടത്തിയ സൈന്യം അമ്പതോളം പേരെ കൊന്ന് തള്ളിയതായി ആരോപണമുയർന്നിരുന്നു. ഈ മാസം ആദ്യം ഇതേ പ്രവിശ്യയിൽ ഒമ്പത് പേരെ കഴുത്തറുത്തുകൊന്നിരുന്നതിനെ തുടർന്നായിരുന്നു ഈ ആക്രമണം.
മൊസാംബിക്കൻ സുരക്ഷാ സേനയും മനുഷ്യാവകാശ ലംഘനങ്ങൾ നടത്തുന്നതായി മനുഷ്യാവകാശ സംഘടനകൾ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.കലാപം തടയുന്നതിനുള്ള പ്രവർത്തനങ്ങളുടെ പേരിൽ സൈന്യം അനിയന്ത്രിതമായ അറസ്റ്റുകൾ, പീഡനങ്ങൾ, കൊലപാതകങ്ങൾ എന്നിവ ചെയ്തു കൂട്ടകയാണെന്നാണ് മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നത്.രാജ്യത്തെ മുസ്ലിം പ്രാതിനിധ്യം കൂടിയ പ്രദേശങ്ങളിലൊന്നാണ് കാബോ ഡെൽഗഡോ പ്രവിശ്യ. ആഫ്രിക്കയുടെ വടക്കൻ രാജ്യങ്ങളിലേക്ക് കൂടി തീവ്രഇസ്ലാമിക ഗ്രൂപ്പുകൾ കടന്നുകയറുന്നതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ആക്രമണം നടത്തിയ അൽ ഷബാബ് ഗ്രൂപ്പിന് തീവ്ര ഇസ്ലാമിക സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) മായി ബന്ധമുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. പട്രോളിയം ഗ്യാസിനാൽ സമ്പന്നമെങ്കിലും പ്രദേശത്തെ ദാരിദ്രത്തിനും സാമൂഹിക പിന്നോക്കാവസ്ഥയ്ക്കും കുറവില്ല. യുവാക്കൾ നേരിടുന്ന തൊഴിലില്ലായ്മയും ദാരിദ്രവും മുതലെടുത്ത് യുവാക്കളെ ഐഎസ് അടക്കമുള്ള തീവ്രവാദ ഗ്രൂപ്പുകൾ റിക്രൂട്ട് ചെയ്യുകയാണെന്ന് റിപ്പോർട്ടുകളുണ്ട്.
പ്രവിശ്യയിലെ സമ്പന്നമായ മാണിക്യ, വാതക ഖനന വ്യവസായങ്ങളിൽ നിന്ന് തദ്ദേശീയർക്ക് കാര്യമായ നേട്ടമൊന്നുമില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. ഇതിന് പുറമേ സർക്കാർ സംവിധാനങ്ങൾ ഈ പ്രദേശത്തെ കാര്യമായി പരിഗണിക്കുന്നില്ലെന്നും പരാതിയുണ്ട്. ിബിസി റിപ്പോർട്ടർ ജോസ് ടെംബെ പറയുന്നത് ഇത്തവണത്തെ ആക്രമണം രാജ്യത്ത് ഇതുവരെ നടന്നിട്ടുള്ളതിൽ ഏറ്റവും ഭീകരമായ അക്രമണമാണെന്നാണ്. സംഭവത്തിൽ ഭയചകിതരായ പ്രദേശവാസികൾ അക്രമത്തിന് സമാധാനപരമായ പരിഹാരം വേണമെന്ന് ആവശ്യപ്പെട്ടതായും ബിബിസി റിപ്പോർട്ട് ചെയ്തു.
രത്നങ്ങളിൽ രക്തം കലരുമ്പോൾ
ആഫ്രിക്കൻ രാജ്യങ്ങളായ ഘാന, ടാൻസാനിയ, സാംബിയ, ബുർക്കിനോ ഫാസോ, കോംഗോ, സഹേൽ, നൈജർ, മാലി തുടങ്ങിയ രാജ്യങ്ങളിലെ ഏറ്റവും വലിയ കരിഞ്ചന്ത സ്വർണ്ണവും രത്നങ്ങളുമാണ്. ആഫ്രിക്കൻ വനാന്തരങ്ങളിൽനിന്നും യുദ്ധഭൂമികളിൽനിന്നും ഖനംചെയ്യുന്ന വജ്രത്തെ രക്ത വജ്രമെന്ന് പറയുന്നും ഇതുകൊണ്ടുതന്നെയാണ്. ഡയമണ്ട് കടത്ത് തടയാൻ ലോകരാജ്യങ്ങൾക്ക് ഇതുവരെ സാധിച്ചിട്ടില്ല. നിയമവിരുദ്ധവഴികളിലൂടെ വജ്രമെത്തിക്കാനും വിൽപ്പന നടത്താനും കോടാനുകോടികൾ നേടാനും അധോലോകനായകകർക്ക് തടസ്സങ്ങളില്ല. സിംബാംബവെ, കെനിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് ഇത്തരം വജ്രങ്ങൾ ദുബായിൽ എത്തിക്കുന്നത്. ദുബായ് കേന്ദ്രീകരിച്ചാണ് ഇതിന്റെ കച്ചവടവും നടക്കുന്നതും.
10 ലക്ഷം ഡോളർ മൂല്യമുള്ള വജ്രം കടത്തുമ്പോൾ 10,000 ഡോളർ വരെയാണ് ഇവർക്ക് കൂലിയായി നൽകുന്നത്. നിയമാനുസൃത ഭരണകൂടങ്ങളെ അട്ടിമറിക്കാൻ ആഫ്രിക്കൻ തീവ്രവാദികൾ സ്വന്തമായി കുഴിച്ചെടുത്ത് വിൽക്കുന്ന അസംസ്‌കൃത വജ്രത്തിലാണ് മാഫിയയുടെ നോട്ടം. അംഗോള, സിയറ ലിയോൺ, കോംഗോ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിലാണ് തീവ്രവാദികൾക്കുള്ള ധനസമാഹരണത്തിന് ഇവ ഉപയോഗിക്കുന്നത്. വിൽപനയുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിന് പേർ കൊല്ലപ്പെട്ടിട്ടുള്ളതിനാൽ രക്ത വജ്രമെന്നാണ് ഇവയുടെ പൊതുവായ പേര്.
ഇന്ന് ആഫ്രിക്കയിൽ ഈ പ്രദേശങ്ങളിലുള്ള പ്രധാന ഖനികളെല്ലാം നിയന്ത്രിക്കുന്നത് ഇസ്ലാമികസ്റ്റേറ്റ്, അൽഖൈ്വദ പോലെയുള്ള ഭീകരസംഘങ്ങളാണ്. ഒരു രൂപപോലും ഗവണ്മെന്റുകൾക്ക് നികുതിനൽകാതെ ഇവർ നിയമവിരുദ്ധമായി സ്വർണം ദുബായ് റിഫൈനറികളിലേക്ക് കടത്തുന്നുണ്ട്. ബുർക്കിനോഫാസോയിൽ ഏതാണ്ട് 10 ടൺ സ്വർണം ഓരോ കൊല്ലവും ഉൽപ്പാദിപ്പിക്കുന്നുണ്ടെന്നാണ് കണക്ക്. ഗവണ്മെന്റിന് നികുതി ലഭിക്കുന്നത് 700 അല്ലെങ്കിൽ 800 കിലോ സ്വർണം ഉൽപ്പാദിപ്പിച്ചതിനും. താൻസാനിയയിലെ 90% സ്വർണ്ണവും കള്ളക്കടത്തായി ദുബായിലേക്കൊഴുകുന്നു. ഐവറി കോസ്റ്റിലേയും ഘാനയിലേയും സാംബിയയിലേയുമെല്ലാം കഥ ഇതുതന്നെ.
ഈ സ്വർണ്ണമെല്ലാം കൈകാര്യം ചെയ്യുന്നത്, ഈ സ്വർണ്ണകടത്തിൽ നിന്നെല്ലാം പണം കൊയ്യുന്നത് ഇതിന്റെ ഗതാഗതം ഒരുക്കുന്ന ഭീകരസംഘങ്ങളാണ്..ആഫ്രിക്കയിൽ ഈ പ്രദേശങ്ങളിലുള്ള പ്രധാന ഖനികളെല്ലാം നിയന്ത്രിക്കുന്നത് ഇസ്ലാമികസ്റ്റേറ്റ്, അൽഖൈ്വദ പോലെയുള്ള ഭീകരസംഘങ്ങളാണ്. ഒരു രൂപപോലും ഗവണ്മെന്റുകൾക്ക് നികുതിനൽകാതെ ഇവർ നിയമവിരുദ്ധമായി സ്വർണം ദുബായ് റിഫൈനറികളിലേക്ക് കടത്തുന്നു. ഈ മാഫിയകളേയും തീവ്രാവാദ സംഘങ്ങളെയും നിയന്ത്രിക്കാൻ ഇതുവരെ അധികൃതർക്ക് ആയിട്ടില്ല.
മറുനാടന് ഡെസ്ക്