- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ശരീരത്തിൽ ഓക്സിജൻ അളവ് കുറഞ്ഞു; ഇന്ത്യയുടെ ഇതിഹാസ അത്ലറ്റ് മിൽഖാ സിങ് ഗുരുതരാവസ്ഥയിൽ; ചണ്ഡിഗഡിലെ പിജിഐഎംഇആർ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചു
ഛണ്ഡിഗഡ്: ഇന്ത്യയുടെ ഇതിഹാസ അത്ലറ്റ് മിൽഖാ സിങ് ഗുരുതരാവസ്ഥയിൽ. ശരീരത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞതിനെ തുടർന്ന് മിൽഖാ സിങ്ങിനെ ചണ്ഡിഗഡിലെ പിജിഐഎംഇആർ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച നടന്ന കോവിഡ് പരിശോധനയിൽ മിൽഖാ സിങ് നെഗറ്റീവ് ആയിരുന്നു. എന്നാൽ രണ്ട് ദിവസത്തിനുശേഷം പനി കൂടുകയും ഓക്സിജൻ ലെവൽ കുറയുകയും ചെയ്തു. ഇതോടെ 91-കാരനായ താരത്തെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു.
ജൂൺ മൂന്നിനാണ് മിൽഖാ സിങ്ങിന് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് താരത്തെ മൊഹാലിയിലെ ഫോർട്ടിസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഡിസ്ച്ചാർജ് ആയശേഷം ശരീരത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞതിനെ തുടർന്ന് വീണ്ടും ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ആരോഗ്യം വീണ്ടെടുത്തതോടെ മിൽഖാ സിങ്ങ് ചണ്ഡീഗഡിലെ വീട്ടിൽ ഐസൊലേഷനിൽ കഴിയുകയായിരുന്നു.
ഇതിനിടയിൽ ജൂൺ പതിനാലിന് മിൽഖാ സിങ്ങിന്റെ ഭാര്യയും ഇന്ത്യൻ വോളിബോൾ ടീമിന്റെ മുൻക്യാപ്റ്റനുമായ നിർമൽ കൗർ അന്തരിച്ചു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മൊഹാലിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു നിർമൽ. കഴിഞ്ഞ മെയിലാണ് നിർമൽ കോവിഡ് പോസിറ്റീവ് ആയത്.
കോവിഡ് ബാധിതനായി ഐസിയുവിലായിരുന്ന മിൽഖാ സിംഗിന്, നിർമൽ കൗറിന്റെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാനായിരുന്നില്ല.1960കളിലാണ് മിൽഖയും നിർമൽ കൗറും തമ്മിലുള്ള പ്രണയം മൊട്ടിടുന്നത്.
ഇപ്പോൾ പാക്കിസ്ഥാനിലുള്ള ഷെയ്ഖ്പുരയിൽ 1938ൽ ജനിച്ച നിർമൽ പഞ്ചാബ് വോളിബോൾ ടീം ക്യാപ്റ്റനായിരുന്നു. 1955ൽ ഇന്ത്യയെ പ്രതിനീധീകരിച്ച് സിലോണിൽ (ഇന്നത്തെ ശ്രീലങ്ക) നടന്ന ടൂർണമെന്റിൽ കളിച്ച നിർമൽ അവിടെവച്ചാണ് ആദ്യമായി മിൽഖയെ കാണുന്നത്. 1955ലെ ഇന്ത്യൻ വനിതാ വോളി ടീമിന്റെ റഷ്യൻ പര്യടനത്തിലാണ് നിർമൽ ആദ്യമായി ഇന്ത്യൻ ക്യാപ്റ്റനായത്.
പിന്നീട് ഇരുവരുടെയും സൗഹൃദം വളർന്നു. 1960-61ൽ മിൽഖാ സിങ് പഞ്ചാബ് അഡ്മ്നിസ്ട്രേഷനിൽ ചണ്ഡിഗഡ് സ്പോർട്സ് ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്ററായി നിയമിതനായപ്പോൾ നിർമൽ ആയിരുന്നു വനിതാ വിഭാഗം സ്പോർസ് ഡയറക്ടർ. 1962ലാണ് മിൽഖാ സിങ് നിർമൽ കൗറിനെ വിവാഹം കഴിച്ചത്.
ഏഷ്യൻ ചാമ്പ്യൻഷിപ്പിലും കോമൺവെൽത്ത് ചാമ്പ്യൻഷിപ്പിലും 400 മീറ്ററിൽ സ്വർണം നേടിയ ഇന്ത്യയുടെ ഏക അത്ലറ്റാണ് മിൽഖാ സിങ്. ഏഷ്യൻ ഗെയിംസിൽ നാല് തവണ സ്വർണ മെഡൽ നേടിയിട്ടുണ്ട്. 1960-ലെ റോം ഒളിമ്പിക്സിൽ 400 മീറ്ററിൽ നാലാം സ്ഥാനത്തെത്തി. 0.1 സെക്കന്റ് വ്യത്യാസത്തിലാണ് മെഡൽ നഷ്ടമായത്.
ന്യൂസ് ഡെസ്ക്