പാലാ: മൂന്ന് വർഷം മുൻപ് ഇരുമ്പയിര് കേസിൽ പിടിയിലായ പാലാ സ്വദേശി ഫിലിപ്പ് ജേക്കബിന്റെ (43) പേരിൽ വീണ്ടും തട്ടിപ്പിന്റെ കഥ പുറത്ത്. റബർ തോട്ടം തന്റെ പേരിലാണെന്ന വ്യാജ രേഖ ചമച്ച് തടി മുറിക്കാനുള്ള പാസിനായി വനം റേഞ്ച് ഓഫീസിലെത്തിയപ്പോഴാണ് പാലാ ജനതാ റോഡ് ചെത്തിപ്പുഴ ഫിലിപ്പ് ജേക്കബിനെ അറസ്റ്റ് ചെയ്തത്. പെരുനാട്ടിലുള്ള വിശാൽ എസ്റ്റേറ്റ് സ്വന്തം പേരിലാക്കിയാണ് വ്യാജരേഖ ചമച്ചാണ് ഇയാൾ തട്ടിപ്പിന് ശ്രമിച്ചത്. ഗോവ സ്വദേശിനിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥലം. കരമൊടുക്കിയ രസീതും ആധാരവുമൊക്കെ വ്യാജമായി സൃഷ്ടിച്ചിരുന്നു. മാത്രമല്ല പെരുനാട് വില്ലേജ് ഓഫീസറുടെ മുദ്രയും വ്യാജമായി ഇയാൾ ഉണ്ടാക്കിയെന്നാണ് വിവരം.

ഫിലിപ്പ് ജേക്കബ്, ന്യൂജി ഡയറക്ടർ, വിശാൽ എസ്റ്റേറ്റ് ,പെരുനാട് എന്ന വിലാസമാണ് രേഖയിൽ ചേർത്തിരുന്നത്. ഇയാളും കോട്ടയം സ്വദേശിയായ ജേക്കബും ചേർന്ന് 120 തേക്ക് തടികൾ കൊണ്ടു പോകുന്നതിനായി പാസ് ആവശ്യപ്പെടുകയായിരുന്നു. ഇവർ സമർപ്പിച്ച രേഖകളിൽ സംശയം തോന്നിയ റേഞ്ച് ഓഫീസർ ആർ. അദീഷാണ് ഇവരെ പൊലീസിന് കൈമാറിയത്. സമാനമായ രീതിയിൽ വ്യാജ രേഖചമച്ച് ഇയാാൾ ബാങ്കിൽ നിന്നും തട്ടിപ്പ് നടത്തിയ സംഭവവും ഇതിന് മുൻപ് ഉണ്ടായിട്ടുണ്ട്.

നയിക്കുന്നത് അത്യാഡംമ്പര പൂർണ്ണമായ ജീവിതം ! തട്ടിച്ചിരിക്കുന്നത് കോടികൾ

ഗോവയിൽ ഇരുന്നൂറു കോടിയുടെ ഇരുമ്പയിര് കയറ്റുമതി തട്ടിപ്പിൽ കർണാടക പൊലീസ് കൊച്ചിയിൽ നിന്ന് 2015ൽ അറസ്റ്റിലായ ഇയാൾ സാമ്പത്തിക തട്ടിപ്പ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണെന്നാണ് പൊലീസ് കേസുകൾ വ്യക്തമാക്കുന്നത്. ചങ്ങനാശേരി കുരിശുമൂട് ചെത്തിപ്പുഴ വീട്ടിൽ ബോബി ജേക്കബ് ഗസറ്റിൽ വിജ്ഞാപനം നടത്തി ജെ. ഫിലിപ്പ് എന്ന പേര് സ്വീകരിച്ചാണ് പാലായിൽ താമസമാക്കിയത്. കാനറ ബാങ്കിൽ നിന്ന് ഏഴര കോടി രൂപ തട്ടിയ കേസിൽ ജയിലിലായ ഇയാൾ തന്റെ മുൻകാല ഇടപാടുകൾ നാട്ടുകാർ മറക്കാനാണ് പുതിയ പേര് സ്വീകരിച്ചതെന്ന് അറിയുന്നു.

ഇയാൾക്കെതിരെ ചെക്ക് തട്ടിപ്പ് ഉൾപ്പെടെ ഏറ്റുമാനൂർ പൊലീസിൽ നിരവധി കേസുകൾ ഉണ്ടായിരുന്നതായും സൂചനയുണ്ട്. കർണാടക പൊലീസ് ബിസിനസ് ആവശ്യത്തിനെന്ന വ്യാജേന രഹസ്യമായി ഫിലിപ്പിനെ എംജി റോഡിലെ ഹോട്ടലിൽ വിളിച്ചുവരുത്തിയാണ് അന്ന് അറസ്്റ്റ് ചെയ്തത്.ജെ. ഫിലിപ്പ് എന്ന പേരിൽ പാലായിലെ നക്ഷത്ര ബംഗ്ലാവിൽ താമസിച്ചുവരുന്ന ഇയാൾ ആഡംബര ജീവിതമാണ് നയിക്കുന്നത്. ഗോവയിൽ അമലഗിരീസ് എന്ന പേരിലുള്ള കമ്പനി നടത്തി ഇരുമ്പയിര് വ്യവസായം നടത്തുന്ന ഫിലിപ്പിന് ദിവസം 15 ലക്ഷത്തോളം രൂപ വരുമാനം ഉള്ളതായാണ് നാട്ടിൽ പ്രചരിപ്പിച്ചിരുന്നത്.

ആഡംബര വീട്ടിൽ പല ദിവസങ്ങളിലും രാത്രിയും പകലും വൻ സൽക്കാരങ്ങൾ നടത്തിവന്നിരുന്നതായി നാട്ടുകാർ പറയുന്നു. മൂന്ന് ആഡംബര കാർ ഉൾപ്പെടെ എട്ടുവാഹനങ്ങളും സ്വന്തമായുണ്ട്.മൂന്ന് വർഷംകൊണ്ട് പൂർത്തിയാക്കിയ വീടിന്റെ മുറ്റവും തറയും, ഭിത്തികളും മേൽക്കൂരയുമെല്ലാം ഇറക്കുമതി ചെയ്ത വിലയേറിയ നിർമ്മാണ വസ്തുക്കൾ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. വീട്ടിലേക്ക് വൈദ്യുതി കണക്ഷനായി സ്വന്തമായി ട്രാൻസ്ഫോർമർ കണക്ഷനും എടുത്തിട്ടുണ്ട്. വീടിന് അലങ്കാരമായി ഹൈദ്രാബാദിൽ നിന്ന് എത്തിച്ച ഈന്തപ്പനകൾ ചുറ്റിലും നട്ടുവളർത്തിയിട്ടുണ്ട്.

 വീടിനു മുന്നിലെ റോഡിൽ ആരെങ്കിലും എത്തിയാൽ വിവരം വീടിനുള്ളിൽ അറിയാൻ ചുറ്റിലും ക്ലോസ്ഡ് സർക്ക്യൂട്ട് ക്യാമറകളും ഘടിപ്പിച്ചിട്ടുണ്ട്.നാട്ടിൽ വലിയ ബന്ധങ്ങൾ ഇല്ലാത്ത ഫിലിപ്പിന്റെ ബിസിനസ് ബന്ധങ്ങളെല്ലാം കൊച്ചി, ഗോവാ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ്. നാട്ടിൽ അധികമാരുമായും ഇടപെടൽ ഇല്ലാത്ത ഇയാൾ തട്ടിപ്പു കേസിൽ അറസ്റ്റിലായ വിവരം നാട്ടുകാരിൽ വിസ്മയം ജനിപ്പിച്ചു. അറസ്റ്റ് വിവരം അറിഞ്ഞ് വീടിന് മുമ്പിലെത്തുന്നവരെ നിരീക്ഷിക്കാനും മറ്റുമായി വീട്ടിൽ ഒരു യുവാവിനെ ഏർപ്പെടുത്തിയിട്ടുണ്ട്.

ഫിലിപ്പിന്റെ ബിസിനസും ആഡംബരജീവിതവും നാട്ടുകാർക്ക് എന്നും കൗതുകമാണ്. വളരെ കുറച്ചുസമയത്തേക്കു മാത്രമേ ഇയാൾ വീട്ടിൽ കാണുകയുള്ളു. വീടിന്റെ മതിൽകെട്ടിനോട് ചേർന്ന് നിരവധി വീടുകളുണ്ടെങ്കിലും ആരുമായും സംസാരിക്കാനോ സമ്പർക്കം പുലർത്താനോ ഫിലിപ്പോ വീട്ടുകാരോ ശ്രമിച്ചിട്ടില്ല. കോട്ട പോലുള്ള മതിലിനുള്ളിൽ എന്താണ് നടക്കുന്നതെന്നും ആരൊക്കെ വരുന്നുണ്ടെന്നും നാട്ടുകാർക്കും അജ്ഞാതമാണ്. പാലായിലെ ഒരു പ്രമുഖ പണമിടപാടുകാരന്റെ മകളെയാണ് ഫിലിപ്പ് വിവാഹം ചെയ്തിരിക്കുന്നത്.

പതിനാല് മക്കളുള്ള പണമിടപാടുകാരന്റെ മകളെ പ്രേമിച്ച് വിവാഹം കഴിക്കുകയായിരുന്നു. എം.ബി.ബി.എസ് ബിരുദധാരിയാണ് ഭാര്യ.ഇവരുടെ ബന്ധം ഇഷ്ടമല്ലാതിരുന്ന പണമിടപാടുകാരൻ പെൺകുട്ടിയെ ധ്യാനത്തിനയച്ച സ്ഥലത്തുനിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയി രജിസ്റ്റർ വിവാഹം ചെയ്യുകയായിരുന്നുവെന്നും പറയപ്പെടുന്നു. പിന്നീട് ലോഹ്യത്തിലായ ഭാര്യാപിതാവ് നൽകിയ പാലായിലെ ഒന്നരയേക്കർ സ്ഥലത്താണ് ഫിലിപ് വീട് വച്ചിരിക്കുന്നതെന്നും പറയപ്പെടുന്നു.

പാലായിലെ അറിയപ്പെടുന്ന കുടുംബത്തിലെയാണ് ഭാര്യ. ഫിലിപ്പിന്റെ ഭാര്യാപിതാവിനു നല്ല സമ്പത്തുണ്ട്. കോടികളുടെ പണമിടപാടും പെട്രോൾ പമ്പ്, ഷോപ്പിങ് കോംപൽക്സ് തുടങ്ങിയ സ്ഥാപനങ്ങളുമുണ്ട്.