തിരുവനന്തപുരം: മൂന്ന് മേഖലാ യൂണിയനുകളാണ് മിൽമയ്ക്കുള്ളത്. തിരുവനന്തപുരവും എറണാകുളവും മലബാറും. ഈ മൂന്ന് യൂണിയനിലും കോൺഗ്രസിനായിരുന്നു മുൻതൂക്കം. കേരളത്തിൽ ഏറ്റവും മികച്ച രീതിയിൽ നടക്കുന്ന സ്ഥാപനമാണ് മിൽമ്മ. വൈവിധ്യവൽക്കരണത്തിലൂടെ വിജയപാതയിലെത്തിയ കേരളത്തിന്റെ സ്ഥാപനം. ഇവിടെയാണ് സിപിഎം ഇടപെടൽ. എങ്ങനേയും മിൽമ പിടിച്ചേ പറ്റൂവെന്ന തീരുമാനത്തിൽ നടത്തിയ നീക്കം.

മലബാറിൽ ആയിരുന്നു ആദ്യ ഇടപെടൽ. അധികാരത്തിന്റെ കരുത്തിലായിരുന്നു ഈ പിടിച്ചെടുക്കൽ. അപ്പോഴും തിരുവനന്തപുരവും എറണാകുളവും ഉറച്ച കോട്ടയായി കോൺഗ്രസിനൊപ്പം നിന്നു. തിരുവനന്തപുരത്തെ അഡ്‌മിസിട്രേറ്റർ ഭരണത്തിലാക്കിയാണ് സിപിഎം മിൽമയെ സ്വന്തമാക്കുന്നത്. തിരുവനന്തുപരം യൂണിയനിൽ ഭരണസമിതിയുടെ കാലാവധി തീരും മുമ്പ് ഇലക്ഷൻ നടത്തിയില്ല. റിട്ടേണംഗ് ഓഫീസറെ നിയമിക്കാതെയാണ് ഈ നടപടിക്രമം നീട്ടിക്കൊണ്ടു പോയത്. അതിന് ശേഷം ഭരണസമിതിയുടെ കാലാവധി തീർന്നപ്പോൾ അഡ്‌മിനിസ്‌ട്രേറ്റർ ഭരണമെത്തി.

എങ്ങനേയും ഭൂരിപക്ഷം ഉണ്ടാക്കുകയായിരുന്നു ഈ തന്ത്രത്തിന് പിന്നിൽ. മലബാറിലെ പോലെ തിരുവനന്തപുരത്തും പിടിച്ചെടുക്കൽ സാധ്യത തേടി. ഇതിനിടെയാണ് മിൽമാ ചെയർമാന്റെ അപ്രതീക്ഷിത വിയോഗം. ബാലൻ മാസ്റ്ററുടെ മരണത്തോടെ തെരഞ്ഞെടുപ്പ് അനിവാര്യതയായി. ഇവിടെ തിരുവനന്തപുരത്തെ അഡ്‌മിസിട്രേറ്റർ ഭരണം സിപിഎമ്മിനെ തുണച്ചു. തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ എത്തിയവർക്ക് വോട്ടിങ് അവകാശം നൽകരുതെന്നാണ് കോടതി ഉത്തരവ്. ഇത് പോലും അംഗീകരിക്കാതെ അഡ്‌മിനിസ്‌ട്രേറ്റർമാരായി തിരുവനന്തപുരത്ത് നിയമിച്ച മൂന്ന് പേർക്കും വോട്ട് അവകാശം നൽകി. ഇതോടെ അഞ്ചിനെതിരെ ഏഴ് വോട്ടിന് സിപിഎം നേതാവ് ജയിച്ചു.

തിരുവനന്തപുരത്തെ അഡ്‌മിസിട്രേറ്റർമാർക്ക് വോട്ടില്ലായിരുന്നുവെങ്കിൽ അഞ്ച്-നാലിന് മറുപക്ഷം ജയിക്കുമായിരുന്നു. ഇതൊഴിവാക്കാനാണ് സർക്കാർ അഡ്‌മിനിസ്‌ട്രേറ്റർമാർക്ക് വോട്ടവകാശം അനുവദിച്ചത്. ഇത് കോടതിയിൽ ചോദ്യം ചെയ്യപ്പെടും. അതുകൊണ്ട് തന്നെ മിൽമാ ചെയർമാന്റെ തെരഞ്ഞെടുക്കൽ കോടതിയിൽ എത്തുമെന്ന് വ്യക്തമാണ്. സഹകരണ മേഖലയെ പിടിച്ചെടുത്ത് നശിപ്പിച്ച സിപിഎം മിൽമയേയും തകർക്കുമെന്നാണ് പ്രമുഖ കോൺഗ്രസ് സഹകാരി മറുനാടനോട് പ്രതികരിച്ചത്.

കോൺഗ്രസിലെ പി.എ. ബാലന്മാസ്റ്ററുടെ നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന ഫെഡറേഷൻ ചെയർമാൻ തെരഞ്ഞെടുപ്പിൽ സിപിഎം പ്രതിനിധി കെ.എസ്. മണിയാണ് വിജയിച്ചത്. ആകെയുള്ള 12 വോട്ടുകളിൽ അഡ്‌മിനിസ്ട്രേറ്റിവ് കമ്മിറ്റി നാമനിർദ്ദേശം ചെയ്ത മൂന്നുപേരുടേതുൾപ്പെടെ ഏഴു വോട്ടുകൾ നേടിയാണ് ഇടതുപ്രതിനിധി വിജയിച്ചത്. കോൺഗ്രസിലെ ജോൺ തെരുവത്തിന് അഞ്ച് വോട്ടുകൾ ലഭിച്ചു. മിൽമ പ്രവർത്തനം ആരംഭിച്ചതു മുതൽ കോൺഗ്രസിനായിരുന്നു ഭരണം.

കഴിഞ്ഞ മിൽമ മേഖല തെരഞ്ഞെടുപ്പിൽ മലബാർ യൂനിയൻ കോൺഗ്രസിന് നഷ്ടപ്പെട്ടിരുന്നു. ഇവിടെയുള്ള നാലുപ്രതിനിധികളും ഇടതുമുന്നണിക്ക് ലഭിച്ചു. തിരുവനന്തപുരം മേഖല പിരിച്ചുവിടുകയും അഡ്‌മിനിസ്ട്രേറ്റിവ് ഭരണം ഏർപ്പെടുത്തുകയും ചെയ്തു. ഇവിടെ സർക്കാർ നോമിനേറ്റ് ചെയ്ത മൂന്നുപേർക്ക് വോട്ടവകാശം ലഭിച്ചതോടെയാണ് കോൺഗ്രസിെന്റ പതിറ്റാണ്ടുകളായുള്ള മിൽമയിലെ ആധിപത്യം നഷ്?ടമായത്. സർക്കാർ നാമനിർദ്ദേശം ചെയ്ത മൂന്നുപേരുടെ വോട്ട് അംഗീകരിച്ചതിനെതിരെ ഹൈക്കോടതിയിൽ കേസ് വ്യാഴാഴ്ച വീണ്ടും പരിഗണനക്ക് വരുന്നുണ്ട്.

മിൽമ മലബാർ മേഖലാ യൂണിയൻ ഭരണ സമിതിയിലെ തെരഞ്ഞെടുപ്പിലും അട്ടിമറി നടന്നിരുന്നു. സാധാരണ മേഖലാ യൂണിയൻ വാർഷിക പൊതുയോഗത്തിൽ വച്ചാണ് ഭരണസമിതി അംഗങ്ങളെ തിരഞ്ഞെടുക. ഭരണസമിതി തിരഞ്ഞെടുപ്പിന്റെ നിയമാവലി മാറ്റിയതിലൂടെയാണ് മേഖലാ യൂണിയന്റെ ഭരണം സിപിഎം. പിടിച്ചെടുത്തത്. നിയമം മാറ്റി അതത് ജില്ലകളിലെ ഭരണസമിതി ഭാരവാഹികളെ, അതത് ജില്ലയിലെ പ്രാഥമിക സഹകരണ സംഘം പ്രസിഡന്റുമാർ തിരഞ്ഞെടുക്കണമെന്ന രീതിയിൽ മിൽമയുടെ ബൈലോയിൽ മാറ്റം വരുത്തി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.

കൂടാതെ മിൽമ മേഖലാ യൂണിയന്റെ പൊതുയോഗത്തിൽ പങ്കെടുക്കുന്നതിന് നിശ്ചിത അളവ് പാൽ മിൽമയ്ക്ക് നൽകിയിരിക്കണമെന്ന ചട്ടവും സർക്കാർ മാറ്റി. ഇതോടെ മേഖലാ യൂണിയന് കീഴിലുള്ള എല്ലാ സംഘം പ്രസിഡന്റുമാർക്കും വോട്ടവകാശം ലഭിച്ചു. മേഖലാ യൂണിയൻ ചെയർമാനായിരുന്ന കെ.എൻ.സുരേന്ദ്രൻ നായർ കാസർകോഡ് ജില്ലയിൽ നിന്ന് മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. മിൽമ ചെയർമാനായിരുന്ന പി.ടി.ഗോപാലകുറുപ്പ് പ്രതിനിധാനം ചെയ്യുന്ന വയനാട് ജില്ലയിൽ പട്ടികജാതി സംവരണമായതോടെ അദ്ദേഹത്തിന് മത്സരിക്കാനുമായില്ല.