- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മിൽമ ചെയർമാൻ പി.എ.ബാലൻ മാസ്റ്റർ അന്തരിച്ചു; വിട വാങ്ങിയത് മിൽമയുടെ സ്ഥാപകരിലൊരാളും കോൺഗ്രസിലെ ഗാന്ധിയൻ പാതയുടെ വക്താവും
തൃശൂർ: മിൽമ ചെയർമാനും കോൺഗ്രസ് നേതാവുമായ പി.എ.ബാലൻ മാസ്റ്റർ (73) അന്തരിച്ചു. തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടർന്ന് മൂന്നു മാസമായി എറണാകുളത്തെ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലായിരുന്നു.
സഹകരണ മേഖലയിൽ 45 വർഷത്തിലേറെ പ്രവർത്തിച്ച ബാലൻ മാസ്റ്റർ 30 വർഷത്തിലേറെ മിൽമയുടെ ഡയറക്ടർ ബോർഡ് അംഗമായിരുന്നു. 6 വർഷം മിൽമയുടെ എറണാകുളം മേഖല യൂണിയൻ ചെയർമാൻ ആയിരുന്നു.
മിൽമയുടെ സ്ഥാപക നേതാക്കളിലൊരാളായ പി എ ബാലൻ മാസ്റ്റർ 1980 ൽ മിൽമയുടെ രൂപീകരണത്തിന് മുൻപ് തന്നെ ക്ഷീരകർഷകരുടെ ഉന്നമനത്തിനായി രൂപീകരിച്ച സ്റ്റേറ്റ് മിൽക്ക് സൊസൈറ്റീസ് അസോസിയേഷൻ ഭാരവാഹി ആയി പ്രവർത്തിച്ചിരുന്നു. ഇന്ന് 3000 ൽ പരം ക്ഷീരസഹകരണ സംഘങ്ങളും 10 ലക്ഷത്തിലേറെ ക്ഷീരകർഷകരും 3000 കോടിയിലേറെ വിറ്റുവരവും ഉള്ള കേരളത്തിലെ ഏറ്റവും വലിയ സഹകരണ പ്രസ്ഥാനമായി മിൽമയെ വളർത്തുന്നതിൽ മുൻകൈയെടുത്തു പ്രവർത്തിച്ച കർഷക നേതാവാണ് ബാലൻ മാസ്റ്റർ. അവിണിശ്ശേരി ക്ഷീരോല്പാദക സഹകരണ സംഘം പ്രസിഡന്റ് ആണ്.
കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ആയ അദ്ദേഹം അഖില കേരള എഴുത്തച്ഛൻ സമാജം സംസ്ഥാന വൈസ് പ്രസിഡന്റ്, സംസ്ഥാന സഹകരണ യൂണിയൻ മെംബർ എന്നീ നിലകളിലും പ്രവർത്തിച്ചു വരുന്നു. 2013 ൽ ഇന്ത്യൻ ഇക്കണോമിക് ആൻഡ് റിസർച്ച് അസോസിയേഷന്റെ ലീഡിങ് മിൽക്ക് എന്റർപ്രണർ പുരസ്കാരവും 2008 ലെ മികച്ച സഹകാരിക്കുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
ഭാര്യ: വാസന്തി ദേവി (റിട്ട. കെഎസ്എഫ്ഇ ഉദ്യോഗസ്ഥ). മക്കൾ: രഞ്ജിത്ത് ബാലൻ (തിരുവനന്തപുരം ടെക്നോപാർക്ക് മുൻ ഡയറക്ടർ ബോർഡ് അംഗം), രശ്മി ഷാജി. മരുമക്കൾ: ഷാജി ബാലകൃഷ്ണൻ (ദുബായ്), മഞ്ജു രഞ്ജിത്ത് (സിസ്റ്റം അനലിസ്റ്റ് യുഎസ്ടി ഗ്ലോബൽ, ഇൻഫോപാർക്ക്).
മറുനാടന് മലയാളി ബ്യൂറോ