- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്ഷീര കർഷകരുടെ ദുരിതത്തിന് പരിഹാരം; നാളെ മുതൽ സംഘങ്ങളിൽ നിന്ന് മിൽമ മുഴുവൻ പാലും സംഭരിക്കും; എറണാകുളം, തിരുവനന്തപുരം യൂണിയനുകൾ മലബാറിൽ നിന്ന് പാൽ സ്വീകരിക്കും; രണ്ടു ലക്ഷം ലിറ്റർ പാൽ പൊടിയാക്കി മാറ്റാനും ധാരണ
കോഴിക്കോട്: ക്ഷീര കർഷകരുടെ ദുരിതത്തിന് പരിഹാരം. നാളെ മുതൽ മലബാറിലെ ക്ഷീര സംഘങ്ങളിൽ നിന്ന് മുഴുവൻ പാലും മിൽമ സംഭരിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, ക്ഷീരവികസന - മൃഗസംരക്ഷണ വകുപ്പുമന്ത്രി ജെ. ചിഞ്ചുറാണി എന്നിവരുമായി മിൽമ മലബാർ മേഖല യൂണിയൻ ചെയർമാൻ കെ എസ് മണി നടത്തിയ ചർച്ചയുടെ വെളിച്ചത്തിലാണ് മുഴുവൻ പാലും സംഭരിക്കാനുള്ള തീരുമാനം.
ത്രിതല പഞ്ചായത്തുകൾ, ട്രൈബൽ കമ്യൂണിറ്റി, അതിഥി തൊഴിലാളി ക്യാമ്പുകൾ, വൃദ്ധ സദനങ്ങൾ, കോവിഡ് ആശുപത്രികൾ, ആംഗൻവാടികൾ എന്നിവടങ്ങിളിലൂടെ പാൽവിതരണം നടത്താനുള്ള നടപടികൾ സർക്കാർ തലത്തിൽ ഉണ്ടാവും. സംസ്ഥാനത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ തുടരുന്ന മലപ്പുറം ജില്ലയൊഴിച്ച് സംസ്ഥാനത്തെ മറ്റു ജില്ലകളിൽ പാലിന്റെയും ഇതര ഉത്പ്പന്നങ്ങളുടെയും വിപണനത്തിൽ പുരോഗതിയുണ്ട്. മിൽമയുടെ എറണാകുളം, തിരുവനന്തപുരം യൂണിയനുകൾ മലബാറിൽ നിന്ന് പാൽ സ്വീകരിക്കാം എന്നറിയിച്ചിട്ടുണ്ട്. ഇതോടൊപ്പം പ്രതിദിനം രണ്ടു ലക്ഷം ലിറ്റർ പാൽ പൊടിയാക്കി നൽകാമെന്ന് തമിഴനാട്ടിലെയും, കർണാടകയിലേയും പാൽപ്പൊടി നിർമ്മാണ ഫാക്ടറികൾ സമ്മതിച്ചിട്ടുമുണ്ട്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് നാളെ മുതൽ മുഴുവൻ പാലും സംഭിക്കാൻ മിൽമ തീരുമാനമെടുത്തത്.
രാജ്യത്തെ കാർഷിക മേഖലയിൽ വിശിഷ്യ ക്ഷീര മേഖലയിൽ ഒന്നാകെ കോവിഡ് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ഇത് മിൽമയെയും ബാധിച്ചു. ഈ സന്നിഗ്ധ ഘട്ടത്തിൽ മലബാറിലെ ക്ഷീര കർഷകർക്കുവേണ്ടി പ്രത്യേക താത്പര്യമെടുത്ത് പ്രശ്ന പരിഹാരത്തിനായി പ്രവർത്തിച്ച മുഖ്യമന്ത്രി , ക്ഷീര വികസന - മൃഗസംരക്ഷണ വകുപ്പുമന്ത്രി എന്നിവർക്ക് ക്ഷീര കർഷകരുടെ പേരിൽ നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നതായി മലബാർ മേഖലാ യൂണിയൻ ചെയർമാൻ കെ എസ് മണിയും, മാനേജിങ് ഡയറക്ടർ ഡോ. പി മുരളിയും അറിയിച്ചു.
പാൽ സംഭരണം കൂടുകയും ലോക് ഡൗൺ ആയതിനാൽ വിപണനം വലിയ തോതിൽ കുറയുകയും ചെയ്തിരുന്നു. ഇതോടെയാണ് പാൽ സംഭരണം അറുപത് ശതമാനമായി മിൽമ കുറച്ചത്. എന്നാൽ ക്ഷീര കർഷകരുടെ ശക്തമായ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് അത് എൺപത് ശതമാനമായി ഉയർത്തിയിരുന്നു.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.