കൊൽക്കത്ത: യുവ വനിതാ പാർലമെന്റ് അം​ഗത്തിന് നേരെ പട്ടാപകൽ ലൈം​ഗികാധിക്ഷേപം. പഞ്ചിമ ബം​ഗാളിൽ നിന്നുള്ള തൃണമൂൽ എംപി മിമി ചക്രബർത്തിക്ക് നേരെയാണ് ടാക്സി ഡ്രൈവർ അശ്ലീല പരാമർശങ്ങളും ലൈം​ഗികച്ചുവയുള്ള ആം​ഗ്യങ്ങളും കാട്ടിയത്. എംപിയുടെ പരാതിയെ തുടർന്ന് മിമി ചക്രബർത്തിയെ ശല്യം ചെയ്ത ടാക്‌സി ഡ്രൈവർ അറസ്റ്റിൽ. എംപി ജിമ്മിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ മറ്റൊരു വാഹനത്തിലെ ഡ്രൈവർ അപമര്യാദയായി പെരുമാറുകയായിരുന്നു. ഇന്നലെ ഉച്ചയോടെ ബല്ലിഗുങ് പ്രദേശത്തുവച്ചായിരുന്നു സംഭവം.

ആദ്യം ഡ്രൈവറുടെ അപമര്യാദയായ പെരുമാറ്റം എംപി അവഗണിക്കുകയായിരുന്നു. അയാൾ വീണ്ടും കാറിനെ ഓവർടേക്ക് ചെയ്ത് മോശമായി ആംഗ്യം കാണിച്ചതോടെ മിമി ഡ്രൈവറെ പിന്തുടരുകായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ജിമ്മിൽ നിന്ന് മടങ്ങുമ്പോഴാണ് സംഭവം. "ഇത് സംഭവിച്ചത് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ്. ഞാൻ എന്റെ കാറിൽ തനിച്ചായിരുന്നു, കനത്ത മഴയായിരുന്നു. ഇതിനിടയിലാണ് മറ്റൊരു വാഹനത്തിലിരുന്ന് ഒരാൾ അശ്ലീലത പ്രദർശിപ്പിച്ചത്. ആദ്യം, ഞാൻ അവഗണിക്കാൻ ശ്രമിക്കുകയും വേഗത വർദ്ധിപ്പിക്കാൻ എന്റെ ഡ്രൈവറോട് ആവശ്യപ്പെടുകയും ചെയ്തു. പക്ഷേ അക്രമി എന്റെ കാറിനെ പിന്തുടർന്നു, തുടർന്ന് ഗരിയാഹത്ത് പാലത്തിന് സമീപം എത്തിയോതോടെ മോശം പരാമർശങ്ങൾ നടത്താനും അശ്ലീല ആംഗ്യങ്ങൾ കാട്ടാനും തുടങ്ങി.

'താൻ ഇപ്പോൾ ഇത് അവഗണിക്കുകയാണെങ്കിൽ, മറ്റൊരു സ്ത്രീ ആ ടാക്‌സിയിൽ യാത്ര ചെയ്താൽ ഉപദ്രവമുണ്ടാകുമെന്ന് എനിക്ക് തോന്നി. രാത്രിയിൽ അവന്റെ ടാക്‌സിയിൽ അവർ സുരക്ഷിതയായിരിക്കില്ല,' മിമി പറഞ്ഞു. അവൻ മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടെന്ന് എനിക്ക് തോന്നിയതിനാൽ ഞാൻ പ്രതിഷേധിക്കണം എന്ന് ഞാൻ വിചാരിച്ചു. ഈ ടാക്സി ഡ്രൈവർ മാനസികമായി നല്ലവനല്ലെന്ന് ഞാൻ മനസ്സിലാക്കി. അതിനാൽ, ഞാൻ എന്റെ കാർ നിർത്തി അവനെ ഒരു പാഠം പഠിപ്പിക്കാൻ തീരുമാനിച്ചു. എന്നാൽ ധാരാളം ആളുകൾ ഒത്തുകൂടുന്നത് കണ്ടപ്പോൾ അയാൾ ഓടിപ്പോയി. പിന്നീട് ഞാൻ ഗരിയാഹത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി, അവർ അവനെ പിടികൂടി. ഇപ്പോൾ പൊലീസ് കസ്റ്റഡിയിലുള്ള ഇയാളെ കോടതിയിൽ ഹാജരാക്കും. ആവശ്യമുള്ളത് ചെയ്തതിന് കൊൽക്കത്ത പൊലീസിന് നന്ദി. നാമെല്ലാവരും പ്രതിഷേധിക്കണം, എംപി പറഞ്ഞു. എംപിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കൊൽക്കത്ത പൊാലീസ് പ്രതിയെ പിടികൂടിയത്. ടാക്‌സി ഡ്രൈവർക്കെതിരെ ഐപിസി സെക്ഷൻ 354, 354 എ, 354 ഡി, 509 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

2008 മുതൽ ബംഗാളി സിനിമകളിൽ സജീവമാണ് നടിയും മോഡലുമായ മിമി ചക്രവർത്തി. ബം​ഗാളിലെ ജാദവ് പൂരിൽ തൃണമൂൽ കോൺ​ഗ്രസ് ടിക്കറ്റിലാണ് താരം മത്സരിക്കുക. സ്വാതന്ത്ര്യസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ബന്ധു സുഗതാ ബോസിന്റെ പേരൊഴിവാക്കിയാണ് മിമി ചക്രബർത്തിക്ക് ജാവദ്പൂരിൽ സീറ്റ് നൽകിയത്. ബം​ഗാളിലെ ജൽപായിഗുരിയിൽ ജനിച്ച മിമി അരുണാചൽ പ്രദേശിലാണ് കുട്ടിക്കാലം ചെലവഴിച്ചത്. ജാദവ്‌പൂർ മണ്ഡലത്തിൽ നിന്നാണ്‌ 3,50,369 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മിമി ചക്രബർത്തി വിജയിച്ചത്‌.