15 വർഷം കൂടി കഴിഞ്ഞാൽ ഭൂമിയുടെ പാതിയിലേറെ തണുത്തുറയുമെന്ന് ശാസ്ത്രലോകം. ലോകത്തെ പ്രധാന നദികളെല്ലാം തണുത്തുറയുകയും അതിശൈത്യത്തിൽ ലോകം വിറയ്ക്കുകയും ചെയ്യുന്ന മിനി ഐസ് ഏജാണ് വരാനിരിക്കുന്നതെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.

നോർത്തുംബ്രിയ സർവകലാശാലയിലെ സൗരഗവേഷകരാണ് ഈ കണ്ടെത്തൽ നടത്തിയിരിക്കുന്നത്. സൂര്യനിലുണ്ടാകുന്ന വ്യത്യാസങ്ങൾ അന്തരീക്ഷത്തിലെ താപനിലയിൽ ഗണ്യമായ കുറവുവരുത്തുമെന്നും ഉത്തരാർധ ഗോളത്തിൽ കടുത്ത ശൈത്യത്തിന് കാരണമാകുമെന്നും അവർ പ്രവചിക്കുന്നു. സൗരതാപനില 60 ശതമാനത്തോളം കുറയുമെന്നാണ് പ്രൊഫസർ വാലന്റീന ഷർക്കോവയുടെ അഭിപ്രായം.

17-ാം നൂറ്റാണ്ടിലുണ്ടായ മിനി ഐസ് ഏജിന് സമാനമായ സാഹചര്യങ്ങളാകും താപനിലയിലെ ഈ മാറ്റം വരുത്തിവെക്കുകയെന്നും നാഷണൽ ആസ്‌ട്രോണമി യോഗത്തിൽ അവതരിപ്പിച്ച പ്രബന്ധത്തിൽ അവർ പറയുന്നു. 2030-നും 2040-നും ഇടയ്ക്കാവും ഈ മാറ്റമുണ്ടാവുക. സൂര്യന്റെ ഇരുധ്രുവങ്ങളിലുമുണ്ടാകുന്ന തരംഗങ്ങൾ പരസ്പരം കൂട്ടിമുട്ടുന്നതോടെയാണ് താപനിലയിൽ ഗണ്യമായ കുറവുണ്ടാവുക.

1645-നും 1715-നും ഇടയ്ക്ക് യൂറോപ്പും വടക്കൻ അമേരിക്കയും കടുത്ത ശൈത്യത്തെ അഭിമുഖീകരിക്കേണ്ടി വന്നിരുന്നു. മൗണ്ടർ മിനിമം എന്നാണ് സൂര്യനിലെ താപവ്യതിയാനം അറിയപ്പെട്ടത്. അതിന് സമാനമായ സാഹചര്യമാകും 2030-നും 2040-നും മധ്യത്തിൽ ഉണ്ടാവുകയെന്നും ഇവർ അഭിപ്രായപ്പെടുന്നു. അന്ന് തേംസ് ഉൾപ്പെടെയുള്ള നദികൾ തണുത്തുറഞ്ഞ് കിടന്നിരുന്നു. തെംസ് ഏഴാഴ്ചയാണ് ഉറഞ്ഞുപോയത്.