കുവൈറ്റ് സിറ്റി: സർക്കാർ ആശുപത്രികളിൽ ചികിത്സാ നിരക്കിൽ ഉണ്ടായ വർധനയുടെ പശ്ചാത്തലത്തിൽ കുറഞ്ഞ ചെലവിൽ ചികിത്സ നൽകാനുള്ള പദ്ധതികൾ ആവിഷ്‌ക്കരിച്ച് സ്വകാര്യ ആശുപത്രി ഉടമകൾ. ചികിത്സാ ഫീസിൽ ഏകീകരണം നടത്തി പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് ഗുണകരമായ രീതിയിലാണ് സ്വകാര്യ മെഡിക്കൽ ആശുപത്രികളുടെ ഉടമകളുടെ യൂണിയൻ മുന്നോട്ടുപോകുന്നത്.

സർക്കാർ ആശുപത്രികളിൽ ചികിത്സാ ഫീസ് വർധിച്ചതോടെ ഈ മേഖലയിൽ അഴിമതിക്ക് ഏറെ സാധ്യതയാണുള്ളതെന്നും ചികിത്സാഫീസ് ഏകീകരണം നടപ്പാക്കുന്നതോടെ ഇതിന് ഒരു പരിധി വരെ തടയിടാൻ സാധിക്കുമെന്നും യൂണിയൻ പ്രസിഡന്റ് ഡോ. ആദിൽ അഷ്‌ക്കനാനി വ്യക്തമാക്കി. ഓരോ സേവനത്തിനും പ്രത്യേക കോഡ് രൂപപ്പെടുത്തി എല്ലായിടത്തും തുല്യമായ നിരക്ക് എന്നതാണ് ലക്ഷ്യം. പ്രസ്തുത നിരക്കിൽ ഇളവ് നൽകാൻ അനുവദിക്കില്ല.

സ്വകാര്യ ആരോഗ്യമേഖലയിലെ മത്സരം നേരാംവണ്ണമുള്ളതോ പരസ്പരം ആദരണീയമോ അല്ലെന്ന് അദ്ദേഹം പറഞ്ഞു. രോഗികളെ ആകർഷിക്കുന്നതിനായി സേവനങ്ങളുടെ ഗുണനിലവാരം പോലും പരിഗണിക്കാതെയാണ് ചിലർ ഇളവുകൾ പ്രഖ്യാപിക്കുന്നത്. അതുൾപ്പെടെ മോശമായ പ്രവണതകൾ ഇല്ലാതാക്കാനാണ് കുറഞ്ഞ നിരക്കു പ്രഖ്യാപിക്കാൻ മന്ത്രാലയത്തിലെയും യൂണിയനിലെയും പ്രതിനിധികൾ ഉൾപ്പെട്ട സംയുക്ത സമിതി നീക്കം. തയാറാക്കുന്ന നിരക്ക് പ്രതിവർഷം ആരോഗ്യ മന്ത്രാലയത്തിലെ മെഡിക്കൽ ലൈസൻസിങ് വിഭാഗത്തിന്റെ അംഗീകാരം നേടണമെന്നും വ്യവസ്ഥയുണ്ട്.