തിരുവനന്തപുരം: എഞ്ചിനീയറിങ് പ്രവേശനത്തിന് എൻട്രൻസ് പരീക്ഷയിലെ മിനിമം മാർക്ക് ഒഴിവാക്കിയ തീരുമാനം സർക്കാർ പിൻവലിച്ചു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാൻ പത്ത് മാർക്ക് വേണമെന്ന വ്യവസ്ഥ പുനഃസ്ഥാപിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

അതേസമയം സർക്കാർ കോളേജുകളിലുൾപ്പെടെ സർക്കാർ സീറ്റുകളിൽ നിലവിലുള്ള മാർക്ക് മാനദണ്ഡത്തിൽ മാറ്റം വരുത്തിയിരുന്നില്ല. സ്വാശ്രയ കോളേജുകളിലെ സീറ്റ് നിറയ്ക്കാനാണ് യോഗ്യതാ മാർക്കിൽ ഇളവ് നൽകിയും പ്രവേശനപരീക്ഷയിൽ വെള്ളം ചേർത്തതുമെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് തീരുമാനം പിൻവലിക്കാൻ സർക്കാർ തയ്യാറായത്.

മിനിമം പത്ത് മാർക്കെങ്കിലുമില്ലാത്തവരെ എൻട്രൻസ് റാങ്ക് പട്ടികയിൽ ഉൾപ്പെടുത്തില്ലെന്ന നിലവിലെ വ്യവസ്ഥയായിരുന്നു ഒഴിവാക്കിയത്. ഇതിന് പുറമെ മാനേജ്‌മെന്റ് സീറ്റുകളിലെ പ്രവേശനത്തിന് യോഗ്യതാ പരീക്ഷയിൽ കണക്കിന് മാത്രമായി 50 ശതമാനം മാർക്ക് വേണമെന്നത് 45 ആക്കി കുറച്ചു. കണക്കും ഫിസിക്‌സും കെമിസ്ട്രിയും ചേർന്നുള്ള 50 ശതമാനം മാർക്കും 45 ശതമാനമാക്കി. ഇതോടെ ഒരുത്തരമെങ്കിലും ശരിയായാൽ പ്രവേശനം ലഭിക്കുമെന്ന സ്ഥിതി ഉണ്ടായിരുന്നു.