കുവൈറ്റ് സിറ്റി: വിദേശികൾക്കു ഫാമിലി വിസ ലഭിക്കുന്നതിനുള്ള കുറഞ്ഞ വേതനം 450 ദിനാറായി വർധിപ്പിക്കാൻ ശുപാർശ. നിലവിലുള്ള 250 ദിനാർ എന്നുള്ളതാണ് 450 ദിനാറാക്കി ഉയർത്താൻ ശുപാർശ ചെയ്തിരിക്കുന്നത്. വിദേശികൾക്ക് ഡിപ്പൻഡന്റ് വിസ നൽകുന്നതു സംബന്ധിച്ച് രൂപീകരിച്ച സമിതിയാണ് ശുപാർശ സമർപ്പിച്ചിരിക്കുന്നത്.

ഫാമിലി വിസയ്ക്കുള്ള കുറഞ്ഞ ശമ്പളപരിധി 450 ദിനാറാക്കി വർധിപ്പിച്ചാൽ ഭൂരിപക്ഷം വിദേശികൾക്കും ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നാണ് വിലയിരുത്തുന്നത്. സ്വകാര്യമേഖലയിലുള്ള വിദേശികളുടെ ശരാശരി വേതനം 251 ദിനാറാണെന്നാണ് കണക്കാക്കുന്നത്. കൂടാതെ രാജ്യത്ത് ജോലി ചെയ്യുന്ന വിദേശികളിൽ 94 ശതമാനവും 600 ദിനാറിൽ താഴെ ശമ്പളമുള്ളവരാണ്. സ്വകാര്യമേഖലയിൽ തൊഴിൽ ചെയ്യുന്നവരിൽ 95 ശതമാനം വിദേശികളുമാണ്.

ഫാമിലി വിസയ്ക്കുള്ള കുറഞ്ഞ വേതനം 450 ദിനാറാക്കി ഉയർത്തുന്നത് രാജ്യത്തുള്ള പ്രവാസികളുടെ എണ്ണം ഗണ്യമായി കുറയ്ക്കാനാണെന്ന് പറയപ്പെടുന്നുണ്ട്. കൂടാതെ ഒളിച്ചോടുന്നവർക്കുള്ള പിഴ ഇരട്ടിപ്പിക്കാനും സമിതി ശുപാർശ ചെയ്യുന്നുണ്ട്. ഒളിച്ചോടിയതായി പരാതി രജിസ്റ്റർ ചെയ്യുന്നതോടെ വിദേശിയുടെ ഇഖാമ മരവിപ്പിക്കുന്ന സംവിധാനമാണ് നിലവിൽ. ഇതുകൂടാതെ ഈ തിയതി മുതൽ പ്രതിദിനം നാലു ദിനാർ പിഴ ഈടാക്കാനാണ് നിർദ്ദേശം. നിലവിൽ ഇതു രണ്ടു ദിനാറാണ്. ഉയർന്ന പിഴ 600 ദിനാറിൽ നിന്ന് 1000 ദിനാറാക്കി ഉയർത്താനും നിർദേശമുണ്ട്.