ഡബ്ലിൻ: രാജ്യത്ത് മിനിമം വേജ് വർധന ഉടൻ നടപ്പാക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ബിസിനസ് ലോബി ഗ്രൂപ്പ് ഐബെക് (IBEC) രംഗത്തെത്തി. മിനിമം വേജ് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ ഏറ്റവും വലിയ ട്രേഡ് യൂണിയനായ SIPTU കഴിഞ്ഞ മാസം രംഗത്തെത്തിയിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവർക്ക് അഞ്ചു ശതമാനം ശമ്പള വർധനയാണ് യൂണിയൻ പ്രതീക്ഷിക്കുന്നതെന്നാണ് വ്യക്തമാക്കിയിരുന്നത്. ഇതിനുള്ള മറുപടിയാണ് ഐബെക് നൽകിയിരിക്കുന്നത്.

മിനിമം വേജ് വർധന തൊഴിൽ നഷ്ടപ്പെടുന്നതിനും ജോലി സമയം കുറയ്ക്കുന്നതിനും മറ്റും ഇടയാക്കുമെന്നും ഇത് പിന്നീട് തൊഴിൽ രംഗത്തെ തന്നെ ബാധിച്ചേക്കുമെന്നാണ് ഐബെക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നാഷണൽ മിനിമം വേജ് വർധിപ്പിക്കാൻ തക്ക സാഹചര്യമൊന്നും നിലവിലില്ലെന്നും പിന്നെ എന്തിന്റെ അടിസ്ഥാനത്തിലാണ് വേജ് വർധിപ്പിക്കണമെന്ന് യൂണിയൻ ആവശ്യപ്പെടുന്നതെന്നും ഐബെക് വക്താവ് മീവ് മക്എൽവീ ചോദിക്കുന്നു. ഇതു സംബന്ധിച്ച് ഐബെക് ഇന്ന് മന്ത്രിസഭാ ജോബ് കമ്മിറ്റി മുമ്പാകെ റിപ്പോർട്ട് അവതരിപ്പിക്കുമെന്നും പറയുന്നു.

മിനിമം വേജ് വ്യവസ്ഥയെ തങ്ങൾ പിന്താങ്ങുന്നതിനൊപ്പം തന്നെ നിലവിലുള്ള വേജ് അപര്യാപ്തമാണെന്നുള്ള അഭിപ്രായം തങ്ങൾക്കില്ലെന്നും ഐബെക് വ്യക്തമാക്കി. മിനിമം വേജ് വർധിപ്പിക്കാനുള്ള സാഹചര്യം ഉടലെടുത്താൽ മാത്രം അതിനെക്കുറിച്ച് ചിന്തിച്ചാൽ മതിയെന്നും വക്താവ് ചൂണ്ടിക്കാട്ടി. ലേബർ മാർക്കറ്റിലെ അവസ്ഥ, ജീവിത ചെലവ് തുടങ്ങിയ കാര്യങ്ങൾ കണക്കിലെടുത്തുവേണം മിനിമം വേജ് വർധിപ്പിക്കാൻ. നിലവിൽ ഇവ കണക്കിലെടുക്കുമ്പോൾ ഇവിടെ മിനിമം വേജ് വർധിപ്പിക്കേണ്ട സാഹചര്യമില്ലെന്നാണ് മനസിലാകുന്നതെന്നും മക്എൽവീ ചൂണ്ടിക്കാട്ടി.

തൊഴിലില്ലായ്മ നിരക്ക് ഈ വർഷം ഒമ്പതു ശതമാനത്തിൽ താഴെയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആവശ്യമില്ലാതെ മിനിമം വേജ് വർധിപ്പിക്കുന്നത് തൊഴിൽ തേടുന്ന ലോ സ്‌കിൽഡ് ജോലിക്കാരെ സാരമായി ബാധിക്കുമെന്നും ഐബെക് പറയുന്നു.