യുഎഇയിലെ റോഡുകളിലെ വാഹനങ്ങളുടെ മിനിമം വേഗത മണിക്കൂറിൽ 100 കിലോമീറ്ററായി വർധിപ്പിച്ചു. കുറഞ്ഞ വേഗത ട്രാഫിക് ജാമുകൾക്ക് കാരണമാകുന്നുവെന്ന നിരീക്ഷണത്തെ തുടർന്നു യുഎഇ ഗതാഗത വകുപ്പ് സമർപ്പിച്ച നിർദ്ദേശത്തിന് അംഗീകാരം ലഭിക്കുകയായിരുന്നു.

വാഹനങ്ങളുടെ മിനിമം സ്പീഡും മാക്‌സിമം സ്പീഡും തമ്മിലുള്ള വ്യത്യാസം കണക്കിലെടുത്താണ് ദ ഫെഡറൽ ട്രാഫിക് കൗൺസിലിൽ ഗതാഗത വകുപ്പ് നിർദ്ദേശം സമർപ്പിച്ചത്. തുടർന്ന് നടത്തിയ ചർച്ചയിൽ ഈ നിർദ്ദേശത്തിനു അംഗീകാരം നൽകുകയായിരുന്നു. കൂടിയ വേഗതയും കുറഞ്ഞ വേഗതയും തമ്മിലുള്ള അന്തരം 20 കിലോമീറ്ററിൽ കൂടാൻ പാടില്ലായെന്ന തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. ഇതനുസരിച്ച് ആവശ്യമായ മാറ്റങ്ങൾ കൈക്കൊള്ളും.

മുൻപ് മണിക്കൂറിൽ 60 കിലോമീറ്ററായിരുന്നു മിനിമം വേഗതയായി കണക്കാക്കിയിരുന്നത്. ഈ വേഗതാ പരിധിയാണ് ഇപ്പോൾ 100 കിലോമീറ്ററായി വർധിപ്പിച്ചത്. പുതിയ പരിഷ്‌കരണം ട്രാഫിക് ജാമിൽ നിന്നും ഒരു പരിധി വരെ രക്ഷയേകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.