തിരുവനന്തപുരം: വ്യവസായ മന്ത്രി പി. രാജീവ് തിരുവനന്തപുരം ജില്ലയിൽ നടത്തുന്ന 'മീറ്റ് ദ മിനിസ്റ്റർ' പരിപാടി 16ന് നടക്കും. വെള്ളയമ്പലം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞു രണ്ടിനാണു പരിപാടി. ജില്ലയിൽ വ്യവസായ സംരംഭങ്ങൾ ആരംഭിച്ചവർ, തുടങ്ങാൻ ആഗ്രഹിക്കുന്നവർ എന്നിവരെ നേരിൽക്കാണുക, വ്യവസായ നടത്തിപ്പുമായി ബന്ധപ്പെട്ട് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും തടസങ്ങളും പരിഹരിച്ചു വ്യവസായ നടത്തിപ്പ് സുഗമമാക്കുക എന്നിവയാണു പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.

വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, വ്യവസായ - വാണിജ്യ ഡയറക്ടർ, ജില്ലാ കളക്ടർ, തദ്ദേശ വകുപ്പ്, ലീഗൽ മെട്രോളജി, മൈനിങ് ആൻഡ് ജിയോളജി, അഗ്‌നിശമന സേന തുടങ്ങിയ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും. പരാതികളോ പ്രശ്നങ്ങളോ ശ്രദ്ധയിൽപ്പെടുത്താൻ ആഗ്രഹിക്കുന്നവർ വെള്ളയമ്പലത്തെ ജില്ലാ വ്യവസായ കേന്ദ്രത്തിൽ നേരിട്ടോ ministertvm2021@gmail.com, meettheminister@gmail.com എന്നീ ഇ-മെയിലുകൾ വഴിയോ മുൻകൂട്ടി അപേക്ഷ നൽകണമെന്നു ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ അറിയിച്ചു. അപേക്ഷയ്ക്കൊപ്പം പൂർണമായ മേൽവിലാസവും മൊബൈൽ ഫോൺ നമ്പറും വ്യക്തമായി സൂചിപ്പിച്ചിരിക്കണം.

കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണു പരിപാടി സംഘടിപ്പിക്കുന്നത്. മന്ത്രിയെ കാണേണ്ട സമയം അപേക്ഷകരെ മുൻകൂട്ടി അറിയിക്കും. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ 0471 2326756 എന്ന നമ്പറിൽ ബന്ധപ്പെടണം.