വിശ്വാസത്തിന്റെ മറവിൽ ഏഴ് സ്ത്രീകളെ ക്രൂരമായി ബലാത്സംഗം ചെയ്ത വെസ്റ്റ് യോർക്ക്‌ഷെയറിലെ ലിബർട്ടി പെന്തകോസ്റ്റൽ ചർച്ചിലെ പാസ്റ്ററായ ജോൺ വിൽസൻ (70) അവസാനം വലയിലായി. കേസിന്റെ വിചാരണ ആരംഭിച്ചിട്ടുണ്ട്. സ്ത്രീകളുടെ വയറിനുള്ളിൽ കടന്ന് പിശാചിനെ ഒഴിപ്പിക്കാൻ ദൈവം തന്നോട് കൽപ്പിച്ചിരിക്കുന്നു എന്ന് പറഞ്ഞാണ് ആഭിചാര വേളയിൽ ഇയാൾ പീഡനങ്ങൾ സ്ഥിരമായി നടത്തി വന്നിരുന്നതെന്നും വിചാരണക്കിടെ കോടതിയിൽ ബോധിപ്പിക്കപ്പെട്ടു. രാജ്ഞി സ്ഥാനഭ്രഷ്ടയാകാൻ പോകുന്നുവെന്നും അതിന് പകരം ദൈവം തന്നെ രാജാവാക്കി വാഴിക്കാൻ പോവുന്നുവെന്നും അതിനാൽ തനിക്ക് ബലാത്സംഗം ചെയ്യാൻ അനുവാദം ലഭിച്ചിട്ടുണ്ടെന്നുമായിരുന്നു ഒരു സ്ത്രീയെ മാനഭംഗപ്പെടുത്തുന്നതിന് മുമ്പ് ഈ പാസ്റ്റർ അവകാശവാദമുന്നയിച്ചിരുന്നത്.

ഏഴ് സ്ത്രീകൾക്കെതിരെ 31 കുറ്റകൃത്യങ്ങളാണ് വിൽസൻ ചെയ്ത് കൂട്ടിയിരിക്കുന്നത്. തന്റെ ഭാര്യയും സഹപ്രവർത്തകനുമായി ചേർന്ന് കൊണ്ട് ഈ ചർച്ച് മിനിസ്റ്റർ മറ്റ് നാല് സഭ്യേതരമായ പ്രവൃത്തികൾ ചെയ്യാനും ഗൂഢാലോചന നടത്തിയിരുന്നുവെന്ന് വെളിപ്പെട്ടിരുന്നു. എന്നാൽ തനിക്ക് മേൽ ചുമത്തിയിരിക്കുന്ന എല്ലാ ചാർജുകളും ഇദ്ദേഹം നിഷേധിച്ചിരിക്കുകയാണ്. 1984നും 2010നും ഇടയിലായിരുന്നു ആരോപിക്കപ്പെട്ട കുറ്റങ്ങളെല്ലാം ഇയാൾ ചെയ്ത് കൂട്ടിയത്. ചർച്ചിലെ വൺടുവൺ ഡെലിവറൻസ് സെഷനുകളിൽ വച്ചായിരുന്നു ഇയാൾ ഇരകൾക്ക് നേരെ ആക്രമണങ്ങൾ നടത്തിയിരുന്നത്. ഏറ്റവും പ്രായം കുറഞ്ഞ ഇരയായത് 13 കാരിയായിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്.

മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിലാണീ പാസ്റ്റർ ഏഴ് സ്ത്രീകളെയും ചൂഷണം ചെയ്തിരിക്കുന്നതെന്നാണ് ബ്രാഡ്‌ഫോർഡ് ക്രൗൺ കോടതിയിൽ വച്ച് പ്രോസിക്യൂഷൻ ആരംഭിച്ച് കൊണ്ട് ഡേവിഡ് മാക്‌ഗോനിഗൽ ക്യൂസി വെളിപ്പെടുത്തിയത്. പിശാചിനെ ഒഴിപ്പിക്കാനെന്ന പേരിൽ വിൽസൻ സ്ത്രീകളെ സ്പർശിക്കുകയും പീഡനത്തിന് വിധേയരാക്കുകയുമായിരുന്നുവെന്നും ക്യുസി ആരോപിക്കുന്നു. ഇയാൾ തന്റെ ലൈംഗിക സംതൃപ്തിക്ക് വേണ്ടി ഈ ആഭിചാര ക്രിയയെ ദുരുപയോഗിക്കുകയായിരുന്നുവെന്നും പ്രോസിക്യൂഷൻ ബോധിപ്പിച്ചിരുന്നു.

ഇതിൽ ഒരു ഇരയുടെ ഭർത്താവ് പൊലീസിനെ വിളിച്ചതിനെ തുടർന്ന് 2014 ജൂലൈയിലാണ് വിൽസണുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം തുടങ്ങിയത്. തന്റെ മാതാപിതാക്കൾ മരിച്ച ദുഃഖത്തിൽ കഴിയുന്ന ഒരു സ്ത്രീയായിരുന്നു പാസ്റ്ററുടെ ആദ്യ ഇരയെന്ന് പ്രോസിക്യൂഷൻ ബോധിപ്പിച്ചിരുന്നു. താൻ ആരെയും പീഡിപ്പിച്ചിട്ടില്ലെന്നും മറിച്ച് സ്ത്രീകളുടെ ഉള്ളിലുള്ള പിശാച് പുറത്തേക്ക് പോകുമ്പോൾ അവരുടെ വസ്ത്രം കീറപ്പെടുകകയും തൽഫലമായി അവർ നഗ്‌നരാവുകയുമാണെന്നാണ് വിൽസൻ ന്യായീകരിച്ചിരുന്നത്. തന്റെ ഭർത്താവിന്റെചില കുറ്റങ്ങൾക്കം ഗൂഢാലോചനകൾക്കും കൂട്ട് നിന്നതിന്റെ പേരിൽ പാസ്റ്ററുടെ ഭാര്യയായ മേരി വിൽസനെതിരെ (79)രണ്ട് കൗണ്ടുകൾ ചുമത്തിയിട്ടുണ്ട്. പാസ്റ്റർ നടത്തുന്ന കൊള്ളരുതായ്മകളെല്ലാം ഈ സ്ത്രീക്ക് അറിവുണ്ടായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ ആരോപിക്കുന്നത്.