പാലക്കാട്: ഇടത് മുന്നണിക്ക് നേരേ ഇത്ര വൃത്തികെട്ട ​ഗൂഢാലോചന ഇതിന് മുമ്പ് ഉണ്ടായിട്ടില്ലെന്ന് മന്ത്രി എ കെ ബാലൻ. സ്പീക്കർ പി ശ്രീരാമകൃഷ്ണനെ ജനങ്ങളിൽ നിന്ന് ഒറ്റപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഉപ്പുതിന്നവനേ വെള്ളം കുടിക്കേണ്ടതുള്ളൂ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. മന്ത്രി ജലീലിനെതിരെയും ഇങ്ങനെയൊക്കെത്തന്നെയാണല്ലോ ആരോപിച്ചിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എൽഡിഎഫ് ജയിക്കാൻ സാധ്യതയുള്ള ഇടങ്ങളിൽ യുഡിഎഫും ബിജെപിയും അഡ്ജസ്റ്റ്മെന്റ് നടത്തുകയാണെന്ന് മന്ത്രി ആരോപിച്ചു. തിരുവനന്തപുരം കോർപറേഷൻ പിടിക്കുക എന്നത് ബിജെപിയുടെ ലക്ഷ്യമാണ്. കോൺഗ്രസ് അതിന് വേണ്ട സഹായം ചെയ്തുകൊടുക്കുന്നു. പാലക്കാട് നഗരസഭയിൽ കേവല ഭൂരിപക്ഷത്തിലെത്താൻ ബിജെപിയെ കോൺഗ്രസ് സഹായിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ നടന്ന അടിയൊഴുക്ക് മനസിലാക്കാനായില്ല. എൽഡിഎഫിനെ ജയിപ്പിച്ചാൽ ശബരിമലയിൽ സ്ത്രീകളെ കയറ്റുമെന്ന് ചിലർ പ്രചരിപ്പിക്കുന്നു. കിഫ്ബിയെ തകർക്കാൻ വലിയ ശ്രമം നടക്കുന്നു. സാധാരണ നിലയിൽ എൽഡിഎഫിനെ തോൽപിക്കാനാവില്ല. അതിനാണ് അവിശുദ്ധ ബന്ധം തുടരുന്നത്. യുഡിഎഫ് ദയനീയ പരാജയം ഏറ്റുവാങ്ങും. ശബരിമലയിൽ മുമ്പ് എന്താണോ നടന്നത് അതുപോലെ തന്നെയാണ് ഇപ്പോഴും.

മുഖ്യമന്ത്രി പറഞ്ഞതനുസരിച്ചാണ് കേന്ദ്രഏജൻസികൾ വന്നത് എന്നും മന്ത്രി എ കെ ബാലൻ പറഞ്ഞു. പിന്നെ അവർ ചില കാര്യങ്ങളിൽ വഴി വിട്ട് പ്രവർത്തിച്ച് തുടങ്ങി. അതിനെയാണ് സർക്കാർ എതിർത്തത് എന്നും എ കെ ബാലൻ പറഞ്ഞു.