- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാസർകോട് ദേശീയപതാക തലകീഴായി ഉയർത്തിയ സംഭവം; മന്ത്രിക്കെതിരെ പ്രതിഷേധം; കരിങ്കൊടി കാണിച്ച് യുവമോർച്ച; രാജി ആവശ്യപ്പെട്ട് ബിജെപി; സംശയം ഉന്നയിച്ച് ഐഎൻഎൽ
കാസർകോട്: റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ ദേശീയ പതാക തലകീഴായി ഉയർത്തിയ സംഭവത്തിൽ രണ്ട് പൊലീസുകാർക്ക് വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോർട്ട്. ജില്ലാ പൊലീസ് മേധാവി ഐ.ജിക്കും എ.ഡി.എം ലാൻഡ് റവന്യൂ കമ്മീഷണർക്കും ഇതുസംബന്ധിച്ച വിശദമായ റിപ്പോർട്ട് കൈമാറി.
സംഭവത്തിൽ എ.ആർ ക്യാമ്പിലെ ഗ്രേഡ് എസ്ഐ നാരായണൻ, സിവിൽ പൊലീസ് ഓഫീസർ ബിജുമോൻ എന്നിവർക്ക് ഗുരുതരമായ വീഴ്ച പറ്റിയെന്നാണ് കണ്ടെത്തൽ. എ.ഡി.എമ്മിന്റെയും ജില്ലാ പൊലീസ് മേധാവിയുടെയും റിപ്പോർട്ടിൽ സമാനമായ കണ്ടെത്തലാണുള്ളത്.
ഐ.ജിക്ക് നൽകിയ റിപ്പോർട്ടിൽ കുറ്റക്കാർക്കെതിരേ വകുപ്പുതല നടപടി സ്വീകരിക്കണമെന്നും പരാമർശമുള്ളതായാണ് വിവരം. വീഴ്ച വരുത്തിയവർക്കെതിരേ നടപടിയെടുക്കുമെന്ന് മന്ത്രിയും നേരത്തെ വ്യക്തമാക്കിയിരുന്നു.
കാസർകോട് മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിലാണ് മന്ത്രി അഹമ്മദ് ദേവർകോവിൽ ദേശീയ പതാവ തലകീഴായി ഉയർത്തിയത്. തെറ്റായ രീതിയിൽ പതാക ഉയർത്തിയശേഷം മന്ത്രിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സല്യൂട്ടും ചെയ്തു. പിന്നാലെ മാധ്യമപ്രവർത്തകർ ചൂണ്ടിക്കാണിച്ചപ്പോഴാണ് ദേശീയപതാക ഉയർത്തിയതിലെ വീഴ്ച അധികൃതർക്ക് ബോധ്യപ്പെട്ടത്. ഇതിനുപിന്നാലെയാണ് സംഭവത്തിൽ വിശദമായ അന്വേഷണത്തിന് മന്ത്രി ഉത്തരവിട്ടത്.
സംഭവത്തിൽ മന്ത്രി അഹമ്മദ് ദേവർകോവിലിനെതിരെ പ്രതിഷേധവുമായി യുവമോർച്ച രംഗത്തെത്തിയിരുന്നു. യുവമോർച്ച പ്രവർത്തകർ മന്ത്രിയെ കരിങ്കൊടി കാണിച്ചു. കാസർകോട് ഗസ്റ്റ് ഹൗസിന് സമീപമായിരുന്നു യുവമോർച്ച പ്രവർത്തകരുടെ പ്രതിഷേധം.
പതാക തലകീഴായി ഉയർത്തിയ ശേഷം മന്ത്രി അഹമ്മദ് ദേവർകോവിൽ സല്യൂട്ട് ചെയ്തുവെന്നതു ഗൗരവകരമായ കാര്യമാണെന്നും മന്ത്രി രാജി വയ്ക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പ്രതികരിച്ചു
സല്യൂട്ട് സ്വീകരിച്ച ശേഷമാണു മന്ത്രിക്ക് അബദ്ധം മനസിലായത്. പിന്നീടു പതാക തിരിച്ചിറക്കി നേരെയാക്കി ഉയർത്തി. മാധ്യമപ്രവർത്തകരാണു പതാക തലകീഴായതു ചൂണ്ടിക്കാട്ടിയത്. സംഭവത്തിനു പിന്നാലെ മന്ത്രി ജില്ലാ പൊലീസ് മേധാവിയെയും എഡിഎമ്മിനെയും വിളിപ്പിച്ചു. സംഭവത്തിൽ എഡിഎം അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. എസ്പിക്കാണ് അന്വേഷണ ചുമതല.
അതേ സമയം സംഭവം ദൗർഭാഗ്യകരമാണെന്നും റിഹേഴ്സൽ നടത്താത്തതു വീഴ്ചയാണെന്നും, നടപടി വേണമെന്നും കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു.
സംഭവത്തിന്റെ എല്ലാ വശങ്ങളും അന്വേഷിച്ച് ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഐ.എൻ.എൽ ആവശ്യപ്പെട്ടു. ഇതിനു പിന്നിൽ മനഃപൂർവം ആരെങ്കിലും പ്രവർത്തിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ ആവശ്യപ്പെട്ടു.
പതാക തല കീഴായി കെട്ടിയത് ഗുരുതര വീഴ്ചയാണ്. പതിവ് റിഹേഴ്സൽ നടന്നിരുന്നുവെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു. മന്ത്രിക്കെതിരെ ആക്രോശങ്ങൾ നടത്തുന്ന ബിജെപി നേതാക്കളുടെ നിലപാട് ചില സംശയങ്ങളുയർത്തുന്നുണ്ട്. മന്ത്രിയുടെ നിർദ്ദേശ പ്രകാരം, എ.ഡി.എം സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ടത് സ്വാഗതാർഹമാണ്.
കൊടിമരത്തിൽ പതാക സജ്ജീകരിക്കാൻ ചുമതലപ്പെട്ടവരും അതിനു മേൽനോട്ടം വഹിച്ചവരും ആരാണെന്ന് കണ്ടെത്തി അവർക്കെതിരെ കർശന നടപടി സ്വീകരിച്ചാലേ ഇത്തരം സംഭവങ്ങൾ മേലിൽ ആവർത്തിക്കാതിരിക്കൂവെന്ന് കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.
കളക്ടറുടെ ചുമതലയുള്ള എഡിഎം, എകെ രാമേന്ദ്രൻ, ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേന എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ് നടന്നത്. ജില്ലയിലെ എംപിയും, എംഎൽഎമാരും ചടങ്ങിൽ പങ്കെടുത്തിരുന്നു.
ദേശീയ പതാക ഉയർത്തേണ്ടതുമായി ബന്ധപ്പെട്ട നടപടികൾ പൊലീസാണ് ചെയ്യേണ്ടതെന്നാണ് റവന്യൂ വകുപ്പ് പറയുന്നത്. എന്നാൽ ചടങ്ങിലെ സുരക്ഷാനടപടികൾ മാത്രമാണ് തങ്ങളുടെ ചുമതലയെന്നും മറ്റുചുമതലകൾ വഹിക്കേണ്ടത് റവന്യൂ വകുപ്പാണെന്നും പൊലീസും പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ