കുവൈറ്റ് സിറ്റി: വിദേശികൾക്കുള്ള വിവിധ സേവനങ്ങൾക്കുള്ള ഫീസ് വർധനയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം. കൊമേഷ്യൽ-ടൂറിസ്റ്റ് വിസ, താൽക്കാലിക റസിഡൻസ്, സെൽഫ് സ്‌പോൺസർഷിപ്പ്, ഫാമിലി റസിഡൻസ് എന്നിവയ്ക്കുള്ള ചാർജ്ജ് വർധിപ്പിക്കുന്നതിനാണ് അനുമതി ലഭിച്ചിരിക്കുന്നതെന്ന് ആഭ്യന്തരമന്ത്രാലയം നാച്ചുറലൈസേഷൻ ആൻഡ് റസിഡൻസ് അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ഷേയ്ഖ് മസീൻ അൽ ജരാഹ് അറിയിച്ചു. ഡെപ്യൂട്ടി െ്രെപം മിനിസ്റ്ററും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് അൽ ഖാലിദിന്റെ അനുമതിയോടെയാണ് വർദ്ധന. നിയമവിഭാഗത്തിന്റെ അനുമതി കൂടി ലഭ്യമായാൽ നിയമം പ്രാബല്യത്തിൽ വരും.

ഇനി മുതൽ പ്രവാസികൾക്ക് യാതൊരു വിധത്തിലുമുള്ള സൗജന്യ സേവനങ്ങൾ ലഭ്യമല്ലെന്നും ഇപ്പോൾ നടപ്പിലാക്കാൻ പോകുന്ന ചില സർവീസ് ഫീസുകളിൽ ചിലതിൽ 100 ശതമാനം വർധനയും ഉണ്ടായിരിക്കുമെന്നും മേജർ മസീൻ വ്യക്തമാക്കി.
മുമ്പ് സൗജന്യമായിരുന്ന ഒരു മാസത്തെ വിസിറ്റ് വിസയ്ക്കുള്ള സർവീസ് ചാർജ് 30 ദിനാർ ആക്കിയാണ് വർധിപ്പിച്ചിരിക്കുന്നത്. മൂന്നു മാസത്തെ ടൂറിസ്റ്റ് വിസയ്ക്ക് 90 ദിനാർ ചാർജ് ഈടാക്കും. ഫാമിലി ഡിപ്പൻഡന്റ് വിസയ്ക്ക് 100 ദിനാർ ആയിരുന്നത് 150 ദിനാർ ആയും വർധിപ്പിച്ചു.

നിലവിൽ വിവിധ സേവനങ്ങൾക്ക് പ്രവാസികളിൽ നിന്നും ഈടാക്കുന്ന ഫീസ് വർഷങ്ങൾക്ക് മുമ്പേ ഈടാക്കി വരുന്നവയാണെന്നും പുതിയ സാഹചര്യത്തിൽ ഇത് നടപ്പാക്കാൻ ബുദ്ധിമുട്ടാണെന്നുമാണ് ഷേക്ക് മസീൻ വെളിപ്പെടുത്തുന്നത്. സൗജന്യ മെഡിക്കേഷൻ ഉൾപ്പെടെ ലഭ്യമാകുന്ന സേവനങ്ങൾ ഭാവിയിൽ നിർത്തലാക്കുമെന്നും കുറഞ്ഞ നിരക്കുകൾ രാജ്യത്തിന്റെ സമ്പദ് ഘടനയ്ക്ക് ഭാരം സൃഷ്ടിക്കുന്നുണ്ടെന്നും അണ്ടർ സെക്രട്ടറി വ്യക്തമാക്കുന്നു.

വിവിധ വിസകൾക്ക് ഈടാക്കുന്ന പുതിയ ഫീസ് വർധന ചുവടെ:
കൊമേഷ്യൽ വിസ  30 കുവൈത്ത് ദിനാർ

ടൂറിസ്റ്റ് വിസ  90 കുവൈത്ത് ദിനാർ

താൽക്കാലിക റസിഡൻസി  10 കുവൈത്ത് ദിനാർ

ഗവൺമെന്റ് റസിഡൻസി  20 കുവൈത്ത് ദിനാർ

പ്രൈവറ്റ് സെക്ടർ റസിഡൻസി  20 കുവൈത്ത് ദിനാർ

സെൽഫ് സ്‌പോൺസർഷിപ്പ്  250 കുവൈത്ത് ദിനാർ

ഡിപ്പൻഡന്റ് വിസ(കുട്ടികൾ)  150 കുവൈത്ത് ദിനാർ

ഡിപ്പൻഡന്റ് വിസ (മാതാപിതാക്കൾ) 400 കുവൈത്ത് ദിനാർ

ഡിപ്പൻഡന്റ് വിസ (ബന്ധുക്കൾ) 400 കുവൈത്ത് ദിനാർ